5സൂറ : അല്‍മാഇദ യുടെ അവതരണ കാലവും അവതരണ പശ്ചാത്തലവും പ്രതിപാദ്യ വിഷയങ്ങളും

 5സൂറ : അല്‍മാഇദ യുടെ അവതരണ കാലവും അവതരണ പശ്ചാത്തലവും പ്രതിപാദ്യ വിഷയങ്ങളും

അവതരണം:മദീനയില്‍
അവതരണ ക്രമം:112
സൂക്തങ്ങള്‍:120
ഖണ്ഡികകള്‍:16

നാമം

ഭക്ഷണത്തളിക എന്നര്‍ഥമുള്ള ഈ അധ്യായത്തിന്റെ നാമം (അല്‍മാഇദ) പതിനഞ്ചാം ഖണ്ഡികയിലെ  هَلْ يَسْتَطِيعُ رَبُّكَ أَن يُنَزِّلَ عَلَيْنَا مَائِدَةً مِّنَ السَّمَاءِ എന്ന സൂക്തത്തില്‍ നിന്നെടുത്തതാണ്. വിശുദ്ധ ഖുര്‍ആനിലെ മിക്ക അധ്യായങ്ങളുടെയും നാമം പോലെ ഇതിനും അധ്യായത്തിലെ മുഖ്യവിഷയവുമായി പ്രത്യേക ബന്ധമൊന്നുമില്ല. ഇതര അധ്യായങ്ങളില്‍നിന്ന് വേര്‍തിരിക്കാനുള്ള ഒരടയാളമെന്ന നിലയില്‍ ഈ പേര്‍ സ്വീകരിച്ചുവെന്നേയുള്ളൂ.

അവതരണകാലം

അധ്യായത്തിന്റെ ഉള്ളടക്കം ദ്യോതിപ്പിക്കുകയും റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുകയും ചെയ്യുന്നതുപോലെ 'ഹുദൈബിയാ'സന്ധിക്കുശേഷം, ഹിജ്‌റ 6-ആം  കൊല്ലത്തിന്റെ ഒടുവിലോ, 7-ആം  കൊല്ലത്തിന്റെ തുടക്കത്തിലോ ആണ് ഇതവതരിച്ചത്. നബി (സ) തിരുമേനി 1400 മുസ്‌ലിംകളോടൊന്നിച്ച് ഹി. 6 ദുല്‍ഖഅദ് മാസം മക്കയിലേക്ക് 'ഉംറ' നിര്‍വഹിക്കാനായി പുറപ്പെട്ടു. എന്നാല്‍, ശത്രുതകൊണ്ടന്ധരായ ഖുറൈശികള്‍ അറബികളുടെ പൗരാണിക മതപാരമ്പര്യത്തിനെതിരായി തീര്‍ഥാടകസംഘത്തെ തടയുകയാണുണ്ടായത്. തിരുമേനി(സ)യെ ഉംറ ചെയ്യാന്‍ അനുവദിച്ചില്ല. വളരെയധികം തര്‍ക്കവിതര്‍ക്കങ്ങള്‍ക്കു ശേഷം, അടുത്തകൊല്ലം തിരുമേനി(സ)ക്ക് കഅ്ബാ സന്ദര്‍ശനം നടത്താമെന്ന് അവര്‍ സമ്മതിച്ചു. ഇത്തരുണത്തില്‍, ഒരു വശത്ത് കഅ്ബാസന്ദര്‍ശനയാത്രയുടെ മുറകള്‍ മുസ്‌ലിംകളെ പഠിപ്പിക്കേണ്ടതുണ്ടായിരുന്നു. കാരണം, എങ്കില്‍ മാത്രമേ അടുത്തവര്‍ഷം യാത്രചെയ്യുമ്പോള്‍ അതിന്റെ ഇസ്‌ലാമിക സ്വഭാവം തികച്ചും പാലിക്കാന്‍ അവര്‍ക്ക് കഴിയുകയുള്ളൂ. മറുവശത്ത്, മുസ്‌ലിംകളുടെ തീര്‍ഥാടനം തടയാന്‍ അവിശ്വാസികള്‍ സ്വീകരിച്ച അതിക്രമനടപടികള്‍ക്ക് പ്രതികാരമായി ഒരു അനാശാസ്യപ്രവര്‍ത്തനവും ചെയ്തുപോവരുതെന്ന് അവരെ പ്രത്യേകം തെര്യപ്പെടുത്തേണ്ടതുമുണ്ടായിരുന്നു. എന്തെന്നാല്‍, മക്കാ തീര്‍ഥാടനത്തിന് പല അമുസ്‌ലിം ഗോത്രങ്ങള്‍ക്കും പോകാനുള്ള മാര്‍ഗം ഇസ്‌ലാമിന്നധീനപ്പെട്ട പ്രദേശങ്ങളിലൂടെയായിരുന്നു. കഅ്ബാ സന്ദര്‍ശനത്തില്‍നിന്ന് തങ്ങളെ തടഞ്ഞതുപോലെ മറുപക്ഷത്തെ തടയാന്‍ മുസ്‌ലിംകള്‍ക്കും സാധിക്കുമായിരുന്നു. ഇതത്രെ ഈ അധ്യായത്തിന്റെ തുടക്കത്തിലുള്ള ആമുഖ പ്രഭാഷണത്തിന്റെ സന്ദര്‍ഭൗചിത്യം. മുന്നോട്ട്‌, പതിമൂന്നാം ഖണ്ഡികയിലും ഇതേ പ്രശ്‌നം വീണ്ടും പരാമര്‍ശിച്ചിട്ടുണ്ട്. ആദ്യ ഖണ്ഡിക മുതല്‍ 14-ആം  ഖണ്ഡിക വരെ ഒരേ പ്രഭാഷണ പരമ്പരയാണ് തുടരുന്നതെന്ന് അത് തെളിയിക്കുന്നു. ഇതിനുപുറമെ ഈ അധ്യായത്തിലുള്ള മറ്റെല്ലാ വിഷയങ്ങളും അതേകാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്.

ഒറ്റ തവണ അവതരിച്ച പ്രഭാഷണമാണ് ഈ അധ്യായം മുഴുവന്‍ എന്ന് പ്രതിപാദന ക്രമത്തില്‍നിന്ന് ഏറക്കുറെ അനുമാനിക്കാവുന്നതാണ്. എന്നാല്‍, ഏതാനും ചില ആയത്തുകള്‍ പിന്നീട് അവതരിച്ചതും വിഷയപ്പൊരുത്തം നോക്കി യഥാസ്ഥാനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചതുമാകാന്‍ സാധ്യതയുണ്ട്. പക്ഷേ, ഒന്നിലധികം പ്രഭാഷണങ്ങളുടെ സമാഹാരമാണീ അധ്യായമെന്ന് അനുമാനിക്കാവുന്നവിധം പ്രതിപാദന പരമ്പരയില്‍ ലഘുവായൊരു വിടവുപോലും ഒരിടത്തും അനുഭവപ്പെടുന്നില്ല.

പശ്ചാത്തലം

ആലുഇംറാന്‍, അന്നിസാഅ് എന്നീ അധ്യായങ്ങള്‍ അവതരിച്ചതുമുതല്‍ ഈ സൂറത്ത് ഇറങ്ങുന്നതുവരെയുള്ള കാലത്തിനിടയില്‍ സ്ഥിതിഗതികള്‍ക്ക് വലിയ പരിവര്‍ത്തനം സംഭവിക്കുകയുണ്ടായി. ഉഹുദ് യുദ്ധത്തില്‍ പറ്റിയ ക്ഷതംമൂലം മദീനയുടെ അടുത്ത അയല്‍പ്രദേശങ്ങള്‍കൂടി അപകടമേഖലയായിമാറിയ ഒരു കാലഘട്ടം മുസ്‌ലിംകള്‍ക്ക് തരണംചെയ്യേണ്ടിവന്നിരുന്നു. ഇപ്പോഴാകട്ടെ, ഇസ്‌ലാം അപ്രതിരോധ്യമായ ഒരു ശക്തിയായി അറേബ്യയില്‍ വളര്‍ന്നിരിക്കയാണ്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അതിര്‍ത്തി, നജ്ദുവരെയും സിറിയയുടെ സമീപം വരെയും ചെങ്കടല്‍ മുതല്‍ മക്കയുടെ പരിസരം വരെയും വികസിച്ചു കഴിഞ്ഞു. ഉഹുദിലെ ക്ഷതം മുസ്‌ലിംകളുടെ ധൈര്യം ക്ഷയിപ്പിക്കുകയല്ല, അവരുടെ മനോദാര്‍ഢ്യത്തിന് ഒരു വെല്ലുവിളിയായി അനുഭവപ്പെടുകയാണുണ്ടായത്. അവര്‍ മുറിവേറ്റ വ്യാഘ്രത്തെപ്പോലെ കുതിച്ചുചാടി. അങ്ങനെ മൂന്നു കൊല്ലം കൊണ്ട് ചിത്രം മാറ്റിവരച്ചു. അവരുടെ നിരന്തര യത്‌നവും അവിശ്രമപരിശ്രമവും മദീനയുടെ ചുറ്റുപാടില്‍ ഏതാണ്ട് 150, 200 നാഴികയോളം ഇസ്‌ലാമിന്റെ ശക്തി ഉറപ്പിക്കുകയും ശത്രുഗോത്രങ്ങളുടെ വീര്യം കെടുത്തുകയും ചെയ്തു. മദീനയെ സദാ ഭീഷണിപ്പെടുത്തിയിരുന്ന യഹൂദ വിപത്ത് നിശ്ശേഷം നിര്‍മാര്‍ജനം ചെയ്യപ്പെട്ടു. ഹിജാസിന്റെഇതരഭാഗങ്ങളില്‍ നിവസിച്ചിരുന്ന യഹൂദഗോത്രങ്ങളെല്ലാം മദീനാഗവണ്‍മെന്റിന് കപ്പം കൊടുക്കുന്ന കീഴ്ഘടകങ്ങളായിത്തീര്‍ന്നു.

ഇസ്‌ലാമിനെ നശിപ്പിക്കാനുള്ള ഖുറൈശി മുശ്‌രിക്കുകളുടെ അവസാന ശ്രമം നടന്നത് ഖന്ദഖ് യുദ്ധാവസരത്തിലാണ്. അതിലവര്‍ ദയനീയമായി പരാജയപ്പെട്ടു. ഇതില്‍ പിന്നെ അറബികള്‍ക്ക് തികച്ചും ബോധ്യമായി, ഇനിയാര്‍ക്കും നശിപ്പിക്കാന്‍ കഴിയാത്ത ഒരജയ്യശക്തിയാണ് ഇസ്‌ലാമെന്ന്. ഇപ്പോള്‍ ജനഹൃദയങ്ങളില്‍ സ്വാധീനം ചെലുത്തുന്ന കേവലമൊരു വിശ്വാസമോ ആദര്‍ശമോ മാത്രമായിരുന്നില്ല ഇസ്‌ലാം. പ്രത്യുത, ഒരു സ്റ്റേറ്റുകൂടിയായിരുന്നു. അതിന്റെ അതിര്‍ത്തിക്കകത്ത് നിവസിക്കുന്ന എല്ലാവരുടെയും ജീവിതത്തിന്മേല്‍ അത് ഫലത്തില്‍ത്തന്നെ ആധിപത്യം വാണിരുന്നു. തങ്ങള്‍ വിശ്വസിക്കുന്ന മതമനുസരിച്ച് നിര്‍ബാധം ജീവിക്കാനും മറ്റൊരു വിശ്വാസമോ മതമോ നിയമമോ സ്വന്തം ജീവിത പരിധിയില്‍ കൈകടത്താതിരിക്കാനും തക്കവിധം മുസ്‌ലിംകള്‍ ശക്തിപ്രാപിച്ചുകഴിഞ്ഞിരുന്നു.

ഇത്രയും കാലംകൊണ്ട് മുസ്‌ലിംകളില്‍ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളിലും ഇതര ജനതകളുടേതില്‍നിന്ന് വ്യത്യസ്തമായി, ഇസ്‌ലാമിക വീക്ഷണഗതിക്കൊത്ത തങ്ങളുടേതായ ഒരു സ്വതന്ത്രസംസ്‌കാരം രൂപംകൊണ്ടു. സദാചാരം, നാഗരികത, സാമൂഹികഘടന അങ്ങനെ എല്ലാ തുറകളിലും അമുസ്‌ലിംകളുടേതില്‍നിന്നു തീരെ വ്യതിരിക്തമായിരുന്നു അത്. ഇസ്‌ലാമിന്റെ അധീനപ്രദേശങ്ങളിലെല്ലാം പള്ളികളും സംഘടിത നമസ്‌കാരവ്യവസ്ഥയും സ്ഥാപിതമായി. ഓരോ ഗ്രാമത്തിലും ഗോത്രത്തിലും ഇമാമുകളെ നിശ്ചയിച്ചു. ഇസ്‌ലാമിന്റെ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ ഒട്ടൊക്കെ വിശദമായിത്തന്നെ ആവിഷ്‌കരിക്കപ്പെടുകയും ഇസ്‌ലാമിക കോടതികള്‍ മുഖേന നടപ്പാക്കിവരുകയും ചെയ്തു. കൊള്ളക്കൊടുക്കയുടെയും ധനവിനിമയത്തിന്റെയും പഴയ സമ്പ്രദായങ്ങള്‍ അവസാനിച്ചു. പരിഷ്‌കൃത സമ്പ്രദായങ്ങള്‍ നടപ്പായി. പിന്തുടര്‍ച്ചാവകാശത്തിന് ഒരു സ്വതന്ത്ര പദ്ധതിതന്നെ നിലവില്‍വന്നു. വിവാഹ, വിവാഹമോചന നിയമങ്ങള്‍, ഇസ്‌ലാമിക പര്‍ദാസമ്പ്രദായം, പരഗൃഹപ്രവേശത്തിന് അനുവാദം ചോദിക്കുന്ന സമ്പ്രദായം, വ്യഭിചാരത്തിന്റെയും അപവാദത്തിന്റെയും ശിക്ഷാവിധികള്‍ മുതലായവ നടപ്പില്‍വരുത്തുക വഴി മുസ്‌ലിംകളുടെ സാമൂഹികജീവിതം ഒരു സവിശേഷ മൂശയില്‍ വാര്‍ക്കപ്പെട്ടതായിത്തീര്‍ന്നു. അവരുടെ സഭാചട്ടം, സംഭാഷണരീതി, അന്നപാനമര്യാദ, വസ്ത്രധാരണരൂപം, പെരുമാറ്റ മുറകള്‍ എല്ലാംതന്നെ തനതായ ഒരു സ്വതന്ത്രാകൃതി കൈക്കൊണ്ടു. ഇസ്‌ലാമിക ജീവിതത്തിന് ഇങ്ങനെയൊരു പൂര്‍ണരൂപം ഉണ്ടായിക്കഴിഞ്ഞപ്പോള്‍ അമുസ്‌ലിം ലോകത്തിന്, വല്ലകാലത്തെങ്കിലും തങ്ങളുടെ കൂട്ടത്തില്‍ മുസ്‌ലിംകള്‍ വന്നുചേരുമെന്ന പ്രതീക്ഷ നശിച്ചു. സ്വന്തമായൊരു സ്വതന്ത്ര സംസ്‌കാരം രൂപപ്പെട്ടുകഴിഞ്ഞ ഒരു ജനതയുടെ തിരിച്ചുവരവിനെക്കുറിച്ച് അവര്‍ പറ്റെ നിരാശരായിരുന്നു.

ഹുദൈബിയാ സന്ധിവരെ മുസ്‌ലിംകളുടെ മാര്‍ഗത്തിലുണ്ടായിരുന്ന വലിയൊരു പ്രതിബന്ധം ഖുറൈശികളുമായുള്ള നിരന്തര സംഘര്‍ഷമായിരുന്നു. തന്നിമിത്തം മുസ്‌ലിംകള്‍ക്ക് തങ്ങളുടെ പ്രബോധന വൃത്തം കൂടുതല്‍ വികസിപ്പിക്കാനവസരം ലഭിച്ചിരുന്നില്ല. ഹുദൈബിയയില്‍ മുസ്‌ലിംകള്‍ക്കുണ്ടായ ബാഹ്യപരാജയം- എന്നാല്‍ യഥാര്‍ഥവിജയം- പ്രസ്തുത പ്രതിബന്ധത്തെ തട്ടിനീക്കുകയാണുണ്ടായത്. അതുവഴി തങ്ങളുടെ രാഷ്ട്രാതിര്‍ത്തിയിലുടനീളം സമാധാനം കൈവന്നു. മാത്രമല്ല, പരിസരപ്രേദശങ്ങളില്‍ ഇസ്‌ലാമിക സന്ദേശം എത്തിക്കാന്‍ അതവര്‍ക്ക് അവസരം നല്‍കുകയും ചെയ്തു. ഇറാന്‍, റോം, ഈജിപ്ത്, അറേബ്യ എന്നിവിടങ്ങളിലെ രാജാക്കന്മാര്‍ക്കും രാഷ്ട്രത്തലവന്മാര്‍ക്കും കത്തുകളയച്ചുകൊണ്ടാണ് തിരുമേനി ആ പ്രബോധന സംരംഭമാരംഭിച്ചത്. അതോടൊപ്പം വിവിധ ഗോത്രങ്ങളിലും ജനപദങ്ങളിലും മുസ്‌ലിം പ്രബോധകന്മാര്‍ മതപ്രബോധന കൃത്യം നിര്‍വഹിച്ചുപോന്നു.

പ്രതിപാദ്യ വിഷയങ്ങൾ

1.. അല്ലാഹുവിന്റെ മത ചിഹ്നങ്ങളെ അനാദരിക്കരുത്
2.. പുണ്യത്തിലും ഭയഭക്തിയിലും മാത്രം സഹായസഹകരണം.
3..ഭക്ഷിക്കാൻ നിഷിദ്ധമാക്കിയവ
4.. ബലിപീഠങ്ങളും അമ്പു കോലുകളും നിഷിദ്ധം.
5..അല്ലാഹു തൃപ്തിപ്പെട്ട മതം.
6..ഇസ്ലാം മതം പൂർത്തിയായി..
7..പരിശീലിപ്പിക്കപ്പെട്ട വേട്ട ജന്തുക്കൾ പിടിച്ച ഉരു അനുവദനീയം.
8.. ഭക്ഷിക്കാൻ അനുവദിക്കപ്പെട്ടിരിക്കുന്നത്..
9.. നമസ്കാരവേളയിൽ വുളു എടുക്കേണ്ട രൂപം.
10.. തയമ്മും ചെയ്യേണ്ട രൂപം.
11.. നീതി പാലിക്കുക :  അത് ഭയഭക്തിയോട് കൂടുതൽ അടുപ്പം ഉള്ളത്.
12.. ഇസ്റാഈല്യരുടെ കരാറും അവരിൽ നായകന്മാരെ നിശ്ചയിച്ചതും.
13..അവർ വാക്കുകൾ തൽസ്ഥാനത്തു നിന്നു മാറ്റി മറിക്കുന്നു..
14..ഈസാ ( അ ) ദൈവം എന്ന് പറയുന്നത് അവിശ്വാസം..
15ഫലസ്തീൻ നിരീക്ഷണത്തിന് മൂസാ ( അ ) ആളയച്ചത്..
16..ആദം ( അ ) ന്റെ രണ്ടു പുത്രന്മാരുടെ സംഭവം..
17.. അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുന്നവർക്കുള്ള ശിക്ഷ..
18കൊല , കൊള്ള മുതലായ ഭീകര പ്രവർത്തനങ്ങൾ നടത്തുന്നവരുടെ ശിക്ഷ.
19.. മോഷണക്കുറ്റത്തിനുള്ള ശിക്ഷ
20..പരിഷ്കരിച്ച ആധുനിക ശിക്ഷാനിയമങ്ങളുടെപരാജയം..

21.. യഹൂദികളും അവരുടെ ചാരന്മാരായ കപടവിശ്വാസികളും.
22..അല്ലാഹു അവതരിപ്പിച്ച പ്രകാരം വിധിക്കാത്തവർ.
23.. തൗറാത്തിലെ പ്രതികാര നിയമങ്ങൾ 24..തൗറാത്ത് , ഇൻജീൽ , സബൂർ എന്നിവയെപ്പറ്റി പാതിരിമാരുടെ പ്രചാരണം.
25..ഖുർആൻ മുൻ വേദഗ്രന്ഥങ്ങളുടെ മേൽനോട്ടം വഹിക്കുന്നു.
26.. എല്ലാ സമുദായത്തിനും ഓരോ നടപടിയും മാർഗ്ഗവുമുണ്ട്.
27..വേദക്കാരായ യഹൂദികളും ക്രിസ്ത്യാനികളും പരസ്പരം വലിയ്യുകളാണ്..
28..യഹൂദികളെയും ക്രിസ്ത്യാനികളെയും ബന്ധുമിത്രങ്ങളാക്കരുത്..
29..സത്യവിശ്വാസികൾ മതത്തിൽ നിന്നു പിന്തിരിയുന്ന പക്ഷം..
30..' വലിയ്യു ' എന്ന വാക്കിന്റെ അർത്ഥോദ്ദേശ്യങ്ങൾ..
31..ഇസ് ലാമിനെ പരിഹസിക്കുന്നവരെ ബന്ധുമിത്രങ്ങളാക്കരുത്..
32..യഹൂദികൾ ശപിക്കപ്പെട്ടിരിക്കുന്നു..
33..രക്ഷ ആരുടെയും കുത്തകാവകാശമല്ല.
34.. അല്ലാഹു മൂന്നിൽ ( മൂന്ന് ദൈവങ്ങളിൽ ഒരുവനാകുന്നു'വെന്നു പറഞ്ഞവർ.
35.. ഈസാ ( അ ) നബിയും മാതാവും മനുഷ്യർ തന്നെ.
36.. സത്യവിശ്വാസികളോട് ശത്രുതയുള്ളവർ യഹൂദികളും മുിക്കുകളും.
37..ക്രിസ്ത്യാനികളുടെ ശത്രുത അത്ര തന്നെ കഠിനമല്ല.
38.. വിശിഷ്ട വസ്തുക്കളെ നിഷിദ്ധമാക്കരുത് 39..സത്യം ലംഘിക്കുന്നതിന്റെ പ്രായശ്ചിത്തം.
40..കള്ള് , ചൂതാട്ടം , ബലിപീഠം , പ്രശനം നോക്കുന്ന കോലുകൾ എല്ലാം പൈശാചികം.
41..കള്ള് നിരോധിച്ചപ്പോൾ സഹാബികളുടെ പ്രതികരണം.
42..ഇഹ്റാമി'ൽ പ്രവേശിച്ചവൻ വേട്ടയാടിയാൽ പകരം ബലിചെയ്യണം.
43..സമുദ്രത്തിൽ നിന്നു വേട്ടയാടിക്കിട്ടുന്ന ഭക്ഷ്യങ്ങളെല്ലാം അനുവദനീയമാണ്..
44..നന്മയും തിന്മയും സമമാകുകയില്ല.
45.. അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കരുത്.
46.. ബഹീറത്ത് , ' സാഇബത്ത് മുതലായ വഴിപാട് കർമങ്ങളെല്ലാം ശിർക്ക് തന്നെ..
47.. ഓരോരുവനും സ്വന്തം കാര്യം ശ്രദ്ധിക്കണം.
48.. വസ്വിയ്യത്തിന്റെ സാക്ഷ്യത്തെ സംബന്ധിച്ച നിയമങ്ങൾ.
49.. റസൂലുകൾ ഖിയാമത്ത് നാളിൽ ചോദ്യം ചെയ്യപ്പെടും.
50..ഈസാ ( അ ) ക്ക് പ്രത്യേകമായി ലഭിച്ച അനുഗ്രഹങ്ങൾ..
51.. ' ഹവാരീ' കൾ ഭക്ഷണത്തളികക്കാവശ്യപ്പെട്ടകഥ.
52.. ഈസാ ( അ ) യെ അല്ലാഹു ചോദ്യം ചെയ്തതും അദ്ദേഹത്തിന്റെ മറുപടിയും.
53..മർയം ( അ ) നെ ഞങ്ങൾ ദൈവമാക്കുന്നില്ലെന്നുള്ള ക്രിസ്തീയ വാദത്തിന്റെ പൊള്ളത്തരം..

Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹