പാപമോചന പ്രാർത്ഥനകൾ


1..ഏറ്റവും മഹത്തായ പാപമോചന പ്രാർത്ഥന🤲

സയ്യിദുൽ ഇസ്തിഗ്ഫാർ

اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ

*പരിഭാഷ :*
അല്ലാഹുവേ, നീയാണ് എന്റെ നാഥൻ. നീയല്ലാതെ ഇലാഹ് ഇല്ല. എന്നെ സൃഷ്ടിച്ചത് നീയാണ്. ഞാനാകട്ടെ നിന്റെ അടിമയും. എനിക്കു കഴിയുന്നത്ര നിന്നോടുള്ള കരാറും വാഗ്ദാനവുമനുസരിച്ച് ഞാൻ ജീവിക്കുന്നു. ഞാൻ ചെയ്തുപോയ ചീത്ത കാര്യങ്ങളിൽ നിന്ന് നിന്നിൽ ഞാൻ ശരണം തേടുന്നു. നീ എനിക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹങ്ങളെ ഞാൻ തിരിച്ചറിയുന്നു. എന്റെ പാപങ്ങൾ നിന്നോട് ഞാൻ ഏറ്റു പറയുന്നു. എനിക്ക് നീ പൊറുത്തുതരേണമേ, നീയല്ലാതെ പൊറുക്കുന്നവനില്ല.''

*ശ്രേഷ്ഠതയും മഹത്വവും :*

ശദ്ദാദ്ബ്നുഔസ് (റ) വിൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: പാപമോചന പ്രാർത്ഥനയിലെ മുഖ്യമായതാണ് ഈ പ്രാർത്ഥന. ദൃഢവിശ്വാസത്തോടെ പകലിൽ ആരെങ്കിലും ഇങ്ങിനെ പ്രാർത്ഥിക്കുകയും വൈകുന്നേരത്തിനുമുമ്പായി അയാൾ മരണപ്പെടുകയും ചെയ്താൽ അയാൾ സ്വർഗ്ഗാവകാശികളിൽപെട്ടവനാണ്. ദൃഢവിശ്വാസത്തോടെ രാത്രിയിൽ ഒരാൾ പ്രാർത്ഥിക്കുകയും പുലരുന്നതിനുമുമ്പേ അയാൾ മരണപ്പെടുകയും ചെയ്താൽ അയാൾ സ്വർഗ്ഗാവകാശികളിൽപെട്ടവനാണ്.
(ബുഖാരി: 6306)

2അല്ലാഹുവിന്റെ അതിമഹനീയമായ നാമങ്ങൾ കൊണ്ടുള്ള തേട്ടം🤲

اللَّهُمَّ إِنِّي أَسْأَلُكَ يَا اللَّهُ الْأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ، وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ، أَنْ تَغْفِرَ لِي ذُنُوبِي، إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ

അല്ലാഹുവേ, നിന്നോടിതാ ഞാൻ തേടുന്നു. ഏകനും, എല്ലാവർക്കും ആശ്രയം നൽകുന്ന നിരാശ്രയനും, (ആരുടെയും സന്തതിയായി) ജനിക്കാത്തവനും (ആരേയും) ജനിപ്പിക്കാത്തവനും തുല്യനായി ആരുമില്ലാത്തവനുമായവൻ. അല്ലാഹുവേ, എന്റെ തെറ്റുകൾ നീ എനിക്കു പൊറുക്കേണമേ. നിശ്ചയം നീ പാപം പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാണല്ലോ.

🌹ശ്രേഷ്ഠതയും മഹത്വവും :🌹

ഒരു വ്യക്തി ഈ ദുആ നിർവഹിച്ചത് കേട്ടപ്പോൾ "അയാൾക്ക് പൊറുത്തു കൊടുക്കപ്പെട്ടു" എന്ന നബി (ﷺ) മൂന്ന് തവണ പറഞ്ഞു. ഈ സംഭവം സുനനുന്നസാഇയിലുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

3പാപമോചനവും അല്ലാഹുവിന്റെ കാരുണ്യവും ലഭിക്കാൻ🤲

رَبَّنَا لَا تُؤَاخِذۡنَآ إِن نَّسِينَآ أَوۡ أَخۡطَأۡنَاۚ رَبَّنَا وَلَا تَحۡمِلۡ عَلَيۡنَآ إِصۡرًا كَمَا حَمَلۡتَهُۥ عَلَى ٱلَّذِينَ مِن قَبۡلِنَاۚ رَبَّنَا وَلَا تُحَمِّلۡنَا مَا لَا طَاقَةَ لَنَا بِهِۦۖ وَٱعۡفُ عَنَّا وَٱغۡفِرۡ لَنَا وَٱرۡحَمۡنَآۚ أَنتَ مَوۡلَىٰنَا فَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ

*പരിഭാഷ :*
ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നു പോകുകയോ, ഞങ്ങള്‍ക്ക്‌ തെറ്റു പറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക്‌ കഴിവില്ലാത്തത്‌ ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക്‌ നീ മാപ്പുനല്‍കുകയും, ഞങ്ങളോട്‌ പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ്‌ ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട്‌ സത്യനിഷേധികളായ ജനതക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.

4..പാപമോചനവും അല്ലാഹുവിന്റെ കാരുണ്യവും ലഭിക്കാൻ🤲

رَّبِّ ٱغۡفِرۡ وَٱرۡحَمۡ وَأَنتَ خَيۡرُ ٱلرَّٰحِمِينَ

*പരിഭാഷ :*
എന്‍റെ രക്ഷിതാവേ, നീ പൊറുത്തു തരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഏറ്റവും ഉത്തമനാണല്ലോ.

5.പാപമോചനവും അല്ലാഹുവിന്റെ കാരുണ്യവും ലഭിക്കാൻ2

اللَّهُمَّ اغْفِرْ لِي، وَارْحَمْنِي، وَعَافِنِي، وَاهْدِنِي، وَارْزُقْنِي

*പരിഭാഷ :*
അല്ലാഹുവേ! എനിക്ക് പൊറുത്ത് തരേണമേ, എന്നോട് കരുണ കാണിക്കേണമേ, എനിക്ക് മാപ്പും ആരോഗ്യവും നൽകേണമേ, എന്നെ നേർവഴിയിലാേക്കണമേ, എനിക്ക് ഉപജീവനം നൽകേണമേ.

🌹ശ്രേഷ്ഠതയും മഹത്വവും :🌹

അബൂമാലിക്കുൽ അശ്ജഈ തന്റെ പിതാവിൽ നിന്ന് നിവേദനം: ഇസ്‌ലാം ആശ്ലേഷിക്കുന്നവനെ ഇപ്രകാരം പറയാൻ നബി(ﷺ) പഠിപ്പിച്ചിരുന്നു: اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَارْزُقْنِي ‏ "അല്ലാഹുവേ, എനിക്കു നീ പൊറുത്തു തരികയും, എന്നോട് നീ കരുണ കാണിക്കുകയും, എന്നെ നീ സന്മാർഗത്തിൽ നയിക്കുകയും, എനിക്കു നീ ആഹാരം നൽകുകയും ചെയ്യേണമേ". മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണ്: നബി(ﷺ) വിരലുകൾ തള്ളവിരലുമായി ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു: "ഈ വചനങ്ങൾ നിനക്ക് നിന്റെ ഐഹികലോകത്തെയും പാരത്രിക ലോകത്തെയും കൂട്ടിച്ചേർത്തു തരും". (മുസ്‌ലിം: 2697)

6.മഗ്ഫിറത്തും നരകശിക്ഷയിൽ നിന്ന് മോചനവും🤲

رَبَّنَآ إِنَّنَآ ءَامَنَّا فَٱغۡفِرۡ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ

ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന്‌ ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ.

7...മഗ്ഫിറത്തും നരകശിക്ഷയിൽ നിന്ന് മോചനവും🤲

رَبَّنَا ٱصۡرِفۡ عَنَّا عَذَابَ جَهَنَّمَۖ إِنَّ عَذَابَهَا كَانَ غَرَامًا إِنَّهَا سَآءَتۡ مُسۡتَقَرًّا وَمُقَامًا

ഞങ്ങളുടെ റബ്ബേ, നരകശിക്ഷ ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരേണമേ! നിശ്ചയമായും അതിന്‍റെ ശിക്ഷ ഒരു തീരാനഷ്ടമാകുന്നു. തീര്‍ച്ചയായും അത്‌ ( നരകം ) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു.

🌹ശ്രേഷ്ഠതയും മഹത്വവും :🌹

സ്വര്‍ഗ്ഗസ്ഥരായ സജ്ജനങ്ങളെക്കുറിച്ചു പ്രസ്താവിക്കുന്ന മധ്യേ സൂറത്തു ദ്ദാരിയാത്തിൽ ഇപ്രകാരം പറയുന്നു: كَانُواْ قَلِيلًا مِّنَ ٱلَّيۡلِ مَا يَهۡجَعُونَ . وَبِٱلۡأَسۡحَارِ هُمۡ يَسۡتَغۡفِرُونَ "രാത്രിയില്‍ അവര്‍ ഉറങ്ങുന്നത് കുറവായിരുന്നു, നിശാന്ത്യസമയങ്ങളില്‍ (പാതിരക്കും പ്രഭാതത്തിനും ഇടക്കുവെച്ച്) അവര്‍ പാപമോചനം തേടുകയും ചെയ്തിരുന്നു". (51:17,18) റഹ്മാന്റെ അടിയാന്‍മാര്‍, ജനങ്ങളുമായി നന്നായി പെരുമാറുന്നവരും, വിനയശീലന്‍മാരും, അല്ലാഹുവിന്റെ ആരാധനയിലും സ്മരണയിലും മുഴുകിയവരും തന്നെ. എങ്കിലും, അതേ സമയത്ത് അവര്‍ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് സദാ ഭയപ്പാടുള്ളവരുമാകുന്നു. അതുകൊണ്ട് അവര്‍ എപ്പോഴും നരകശിക്ഷയില്‍ നിന്നും ഒഴിവാക്കേണമേ എന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. വെറുതെ ഈ വാക്കുകള്‍ ഉരുവിട്ടു പറയുകയല്ല. നരകശിക്ഷയുടെ കാഠിന്യവും, അത് അനുഭവപ്പെടുന്നപക്ഷം ഉണ്ടാകുന്ന തീരാനഷ്ടവും മനസ്സിലാക്കിക്കൊണ്ടും ഓര്‍ത്തുകൊണ്ടും തന്നെയാണവരുടെ പ്രാര്‍ത്ഥന.

7..പാപമോചനത്തിനും, ശത്രുക്കളുടെ മുമ്പില്‍ കാലിടറാതെ ഉറച്ചുനിന്നു വിജയം വരിക്കാനുള്ള സഹായത്തിനും🤲

رَبَّنَا ٱغۡفِرۡ لَنَا ذُنُوبَنَا وَإِسۡرَافَنَا فِىٓ أَمۡرِنَا وَثَبِّتۡ أَقۡدَامَنَا وَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ

ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ പാപങ്ങളെയും, ഞങ്ങളുടെ കാര്യത്തില്‍ ഞങ്ങളുടെ അതിരു കവിയലിനെയും നീ ഞങ്ങള്‍ക്ക് പൊറുത്ത് തരേണമേ! ഞങ്ങളുടെ കാലടികളെ (പതറാതെ) ഉറപ്പിച്ച് തരുകയും, അവിശ്വാസികളായ ജനങ്ങളുടെ മേല്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ!

8..പാപമോചനവും പുണ്യവാന്‍മാരിൽ ഉൾപ്പെടാനും🤲

رَّبَّنَآ إِنَّنَا سَمِعۡنَا مُنَادِيًا يُنَادِى لِلۡإِيمَٰنِ أَنۡ ءَامِنُواْ بِرَبِّكُمۡ فَئَامَنَّاۚ رَبَّنَا فَٱغۡفِرۡ لَنَا ذُنُوبَنَا وَكَفِّرۡ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ ٱلۡأَبۡرَارِ رَبَّنَا وَءَاتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخۡزِنَا يَوۡمَ ٱلۡقِيَٰمَةِۗ إِنَّكَ لَا تُخۡلِفُ ٱلۡمِيعَادَ

*പരിഭാഷ :*
ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക്‌ ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവിന്‍ എന്നു പറയുന്നത്‌ ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക്‌ നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്‍മകള്‍ ഞങ്ങളില്‍ നിന്ന്‌ നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാന്‍മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ ദൂതന്‍മാര്‍ മുഖേന ഞങ്ങളോട്‌ നീ വാഗ്ദാനം ചെയ്തത്‌ ഞങ്ങള്‍ക്ക്‌ നല്‍കുകയും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഞങ്ങള്‍ക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച.

9..പാപമോചനവും പുണ്യവാന്‍മാരിൽ ഉൾപ്പെടാനും

اللَّهُمَّ اغْفِرْ لِي ذَنْبِي، وَاخْسَأْ شَيْطَانِي، وَفُكَّ رِهَانِي، وَاجْعَلْنِي فِي النَّدِيِّ الْأَعْلَى

അല്ലാഹുവേ, എന്റെ പാപം പൊറുത്തു തരേണമേ. എന്റെ പിശാചിനെ ആട്ടിയോടിക്കേണമേ. എന്റെ പാപഭാരങ്ങളിൽ നിന്ന് എന്നെ രക്ഷപ്പെടുത്തേണമേ, എന്നെ ഏറ്റവും ഉയർന്ന സദസ്സിൽ ചേർക്കേണമേ.


11..ചെയ്തു പോയ തെറ്റിനു പശ്ചാത്തപിച്ചു കൊണ്ടുള്ള ദുആ🤲

ചെയ്തു പോയ തെറ്റിനു പശ്ചാത്തപിച്ചു കൊണ്ടുള്ള ദുആ

اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا، وَلَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ، وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ

അല്ലാഹുവേ! ഞാന്‍ എന്റെ ആത്മാവിനോട് തന്നെ വളരെയേറെ അനീതി കാണിച്ചിരിക്കുന്നു. നീയല്ലാതെ പാപങ്ങള്‍ പൊറുക്കാന്‍ ആരുമില്ലല്ലോ. അതുകൊണ്ട് നിന്റെ പക്കല്‍ നിന്നുള്ള ഔദാര്യം മൂലം എന്റെ തെറ്റുകള്‍ എനിക്ക് പൊറുത്തുതരേണമേ; എന്നോട് കരുണ കാണിക്കേണമേ. നീയാണ്, നീ മാത്രമാണ് അങ്ങേയറ്റം പൊറുക്കുന്നവനും കാരുണികനും.

🤲ശ്രേഷ്ഠതയും മഹത്വവും :🤲

അബൂബക്കര്‍(റ) നിവേദനം: അദ്ദേഹം ഒരിക്കല്‍ നബി(ﷺ) യോട് അപേക്ഷിച്ചു. നമസ്കാരത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ ഇവിടുന്ന് എനിക്കൊരു പ്രാര്‍ത്ഥന പഠിപ്പിച്ചു തന്നാലും. നബി(ﷺ) ഈ ദുആ പ്രാര്‍ത്ഥിച്ചു കൊള്ളുവാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചു. (സ്വഹീഹുൽ ബുഖാരി 834)

12..ചെയ്തു പോയ തെറ്റിനു പശ്ചാത്തപിച്ചു കൊണ്ടുള്ള ദുആ🤲

رَبَّنَا ظَلَمۡنَآ أَنفُسَنَا وَإِن لَّمۡ تَغۡفِرۡ لَنَا وَتَرۡحَمۡنَا لَنَكُونَنَّ مِنَ ٱلۡخَٰسِرِينَ

*പരിഭാഷ :*
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട്‌ തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക്‌ പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.

13..ചെയ്തു പോയ തെറ്റിനു പശ്ചാത്തപിച്ചു കൊണ്ടുള്ള ദുആ

ചെയ്തു പോയ തെറ്റിനു പശ്ചാത്തപിച്ചു കൊണ്ടുള്ള ദുആ

رَبِّ إِنِّى ظَلَمۡتُ نَفۡسِى فَٱغۡفِرۡ لِى

*പരിഭാഷ :*
എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട്‌ തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക്‌ പൊറുത്തുതരേണമേ.

14..ചെയ്തു പോയ തെറ്റിനു പശ്ചാത്തപിച്ചു കൊണ്ടുള്ള ദുആ🤲

اللَّهُمَّ اغْفِرْ لِي خَطِيئَتِي وَجَهْلِي، وَإِسْرَافِي فِي أَمْرِي، وَمَا أَنْتَ أَعْلَمُ بِهِ مِنِّي، اللَّهُمَّ اغْفِرْ لِي جِدِّي وَهَزْلِي، وَخَطَئِي وَعَمْدِي، وَكُلُّ ذَلِكَ عِنْدِي، اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ، وَمَا أَسْرَرْتُ وَمَا أَعْلَنْتُ، وَمَا أَنْتَ أَعْلَمُ بِهِ مِنِّي، أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ، وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ

*പരിഭാഷ :*
അല്ലാഹുവേ, എന്റെ പാപങ്ങളും, എന്റെ അവിവേകവും, എന്റെ കാര്യത്തിലെ ദുർവ്യയവും, എന്നെക്കുറിച്ച് നിനക്ക് കൂടുതൽ അറിയുന്നതും എനിക്കു നീ പൊറുത്തു തരേണമേ. അല്ലാഹുവേ, എന്റെ കാര്യത്തിലും കളിയിലും പറയുന്ന വാക്കുകളും, മനഃപൂർവ്വവും അല്ലാതെയും ഞാൻ ചെയ്ത തെറ്റുകളും നീ എനിക്ക് പൊറുത്തു തരേണമേ. അതെല്ലാം എന്നിൽ നിന്ന് സംഭവിച്ചിട്ടുണ്ടാകും. അല്ലാഹുവേ, ഞാൻ ചെയ്തു വെച്ചതും, ഇനി ചെയ്യാൻ സാധ്യതയുള്ളതും, രഹസ്യമായി ഞാൻ ചെയ്തതും, പരസ്യമായി ചെയ്തതും, എന്നേക്കാൾ കൂടുതലായി നിനക്കറിയാവുന്നതുമായ എല്ലാ പാപങ്ങളും നീ എനിക്ക് പൊറുത്തു തരേണമേ. നീയാണ് (ചിലരെ അനുഗ്രഹം കൊണ്ട്) മുന്തിക്കുന്നവനും പിന്തിക്കുന്നവനും. നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.

🌹ശ്രേഷ്ഠതയും മഹത്വവും :🌹

അല്ലാഹു പറയുന്നു: “നിങ്ങള്‍ നിങ്ങളുടെ റബ്ബിനോട്‌ പൊറുക്കുവാന്‍ തേടുകയും എന്നിട്ട് അവങ്കലേക്ക് (അല്ലാഹുവിന്‍റെ ഇസ്‌ലാമിക മാര്‍ഗത്തിലേക്ക്) ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണ്ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സുഖാസ്വാദ്യകരമായ ജീവിതം അനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ (അല്ലാഹുവോട് പൊറുക്കുവാന്‍ തേടാതെ) തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ (നരക) ശിക്ഷ നിങ്ങളുടെ മേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു!” (ഖുര്‍ആന്‍ 11:3)

15.ചെയ്തു പോയ തെറ്റിനു പശ്ചാത്തപിച്ചു കൊണ്ടുള്ള ദുആ

اللَّهُمَّ اغْفِرْ لِي مَا أَسْرَرْتُ، وَمَا أَعْلَنْتُ، وَمَا أَخْطَأْتُ، وَمَا عَمَدْتُ، وَمَا عَلِمْتُ، وَمَا جَهِلْتُ

അല്ലാഹുവേ! ഞാൻ രഹസ്യമായും പരസ്യമായും, പിഴവുസംഭവിച്ചും തെറ്റുപ്പറ്റിയും, മനഃപ്പൂർവ്വവും അറിഞ്ഞുകൊണ്ടും അറിവില്ലാതെയും ചെയ്തു പോയ (എല്ലാ) പാപവും എനിക്ക്‌ നീ പൊറുത്ത്‌ തരേണമേ.


16..സ്വന്തത്തിനും മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും ഖിയാമത്തു നാളിൽ രക്ഷ ലഭിക്കാൻ🤲

رَبَّنَا ٱغۡفِرۡ لِى وَلِوَٰلِدَىَّ وَلِلۡمُؤۡمِنِينَ يَوۡمَ يَقُومُ ٱلۡحِسَابُ

*പരിഭാഷ :*
ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ.

17...സ്വന്തത്തിനും മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും ഖിയാമത്തു നാളിൽ രക്ഷ ലഭിക്കാൻ🤲

കണക്കില്ലാത്ത നന്മകൾ



ْاللَّهُمَّ اغْفِرْ لِلْمُسْلِمِينَ والْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ، الْأَحْيَاءِ مِنْهُمْ وَالْأَمْوَاتِ

*പരിഭാഷ :*
അല്ലാഹുവേ, മുസ്‌ലിമായ സ്ത്രീ പുരുഷന്മാർക്കും, സത്യവിശ്വാസി വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കേണമേ. അവരിൽ ജീവിച്ചിരിക്കുന്നവർക്കും മരണപ്പെട്ടവർക്കും നീ പൊറുത്തുകൊടുക്കേണമേ!

🌹ശ്രേഷ്ഠതയും മഹത്വവും :🌹

ഉബാദത്തുബ്‌നു അസ്സാമിത്ത് (റ) നിവേദനം, അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "ആരെങ്കിലും സത്യവിശ്വാസി വിശ്വാസിനികൾക്കുവേണ്ടി പാപമോചനം തേടിയാൽ, അല്ലാഹു ഓരോ വിശ്വാസി വിശ്വാസിനിക്കും ഒരു സൽകർമ്മം അവനുവേണ്ടി രേഖപ്പെടുത്തുന്നതാണ്. (സ്വഹീഹുൽ ജാമിഅ്‌, അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

18..മഗ്ഫിറത്തനും നേർമാർഗത്തിൽ ഉറച്ചു നിൽക്കാനും

*പ്രാർത്ഥന :*
اللَّهُمَّ اغْفِرْ لِحَيِّنَا وَمَيِّتِنَا، وَشَاهِدِنَا وَغَائِبِنَا، وَصَغِيرِنَا وَكَبِيرِنَا، وَذَكَرِنَا وَأُنْثَانَا، اللَّهُمَّ مَنْ أَحْيَيْتَهُ مِنَّا فَأَحْيِهِ عَلَى الْإِسْلَامِ، وَمَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَى الْإِيمَانِ

*പരിഭാഷ :*
അല്ലാഹുവേ, ഞങ്ങളിൽ ജീവിച്ചിരിക്കുന്നവനും മരിച്ചവനും ഹാജറുള്ളവനും ഹാജറില്ലാത്തവനും ചെറിയവനും വലിയവനും ആണിനും പെണ്ണിനും നീ പൊറുക്കേണമേ. അല്ലാഹുവേ, ഞങ്ങളിൽ ആരെയാണോ നീ ജീവിപ്പിക്കുന്നത് അവനെ ഇസ്‌ലാമിക ആദർശത്തിൽ നീ ജീവിപ്പിക്കേണമേ. ഞങ്ങളിൽ ആരെയാണോ നീ മരിപ്പിക്കുന്നത് അവനെ ഈമാനോടു കൂടി മരിപ്പിക്കേണമേ.


19...ദുആ ഇസ്തിഖാറഃ

അല്ലാഹുവോട് ഉത്തമ ഉപദേശം തേടിയുള്ള പ്രാര്‍ത്ഥന🤲

اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ ، فَإِنَّكَ تَقْدِرُ وَلَا أَقْدِرُ، وَتَعْلَمُ وَلَا أَعْلَمُ، وَأَنْتَ عَلَّامُ الْغُيُوبِ، اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الْأَمْرَ خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي - أَوْ قَالَ : فِي عَاجِلِ أَمْرِي وَآجِلِهِ - فَاقْدُرْهُ لِي، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الْأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي - أَوْ قَالَ : فِي عَاجِلِ أَمْرِي وَآجِلِهِ - فَاصْرِفْهُ عَنِّي، وَاصْرِفْنِي عَنْهُ، وَاقْدُرْ لِيَ الْخَيْرَ حَيْثُ كَانَ، ثُمَّ رَضِّنِي بِهِ. وَيُسَمِّي حَاجَتَهُ

അല്ലാഹുവേ! നിന്റെ അറിവ് കൊണ്ട് നിന്നോട് ഞാൻ നന്മ ചോദിക്കുന്നു. നിന്റെ കഴിവ് കൊണ്ട് ഞാൻ കഴിവ് ചോദിക്കുന്നു. നിന്റെ മഹത്തായ ഫള്ലിൽ നിന്നും ഞാൻ ചോദിക്കുന്നു. നിശ്ചയമായും നീയാണ് കഴിവുള്ളവൻ, ഞാൻ കഴിവുള്ളവനല്ല. നീയാണ് അറിയുന്നവൻ, എനിക്കറിവില്ല. നീ എല്ലാ രഹസ്യങ്ങളും അറിയുന്നവനാണ്. അല്ലാഹുവേ, ഈ കാര്യം (ആവശ്യം പറയുക) എന്റെ ദീനിനും ജീവിതത്തിനും എന്റെ പര്യവസാനത്തിനും വേഗത്തിൽ ലഭിക്കുന്നതാകട്ടെ, സാവകാശം ലഭിക്കുന്നതാകട്ടെ, നന്മയാണ് എന്ന് നീ അറിയുന്നുവെങ്കിൽ അത് എനിക്ക് നീ നിശ്ചയിച്ചു തരേണമേ, അത് എനിക്ക് നീ എളുപ്പമാക്കിത്തരേണമേ, എന്നിട്ട് എനിക്ക് അതിൽ ബറകത്ത് നൽകേണമേ. ഇനി ഈ കാര്യം എന്റെ ദീനിനും ജീവിതത്തിനും എന്റെ പര്യവസാനത്തിനും വേഗം ലഭിക്കുന്നതാകട്ടെ സാവകാശം ലഭിക്കുന്നതാകട്ടെ, തിന്മയാണ് എന്ന് നീ അറിയുന്നുവെങ്കിൽ എന്നിൽ നിന്നും അതിനെ നീ തിരിച്ചു വിടേണമേ. അതിൽ നിന്ന് എന്നെയും തിരിച്ച് വിടേണമേ. ഏത് നിലക്കാണെങ്കിലും നന്മയായിട്ടുള്ളത് എനിക്ക് വിധിക്കേണമേ. ശേഷം അതുകൊണ്ട് എന്നെ നീ തൃപ്തിപ്പെടുത്തേണമേ. (തന്റെ ആവശ്യം എന്താണോ അത് പറയുക)

🌹ശ്രേഷ്ഠതയും മഹത്വവും :🌹

നമ്മൾ ഇറങ്ങിത്തിരിക്കാൻ പോകുന്ന വിഷയത്തിൽ അല്ലാഹുവിനോട് നന്മ ചോദിച്ചുകൊണ്ടുള്ള പ്രാർത്ഥനയാണ് ഇസ്തിഖാറത്തിന്റെ പ്രാർത്ഥന. രണ്ട് റക്അത്ത് നമസ്കരിച്ചതിന് ശേഷമാണ് ഈ പ്രാർത്ഥന നിർവഹിക്കേണ്ടത്. ജാബിര്‍ (റ) നിവേദനം : നബി (ﷺ) ഖുര്‍ആനിലെ ഒരു സൂക്തം പഠിപ്പിക്കുന്നത് പോലെ സര്‍വ്വ കാര്യങ്ങളിലും ഇസ്തിഖാറത്ത് (അല്ലാഹുവോട് ഉത്തമ ഉപദേശം തേടല്‍) ചെയ്യേണ്ടത് ഞങ്ങളെ പഠിപ്പിച്ചിരുന്നു." നബി (ﷺ) പറഞ്ഞു: ''ഒരു കാര്യം ചെയ്യുന്നതിനെക്കുറിച്ച് തീരുമാനത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ രണ്ടു റക്അത്ത് നമസ്ക്കരിക്കുകയും ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്‌താല്‍ ഉത്തമമായ മാര്‍ഗ്ഗം അല്ലാഹു കാണിച്ചുതരും.” തന്‍റെ സൃഷ്ടാവിനോട് ഉത്തമ ഉപദേശം തേടുകയും, ശേഷം സത്യവിശ്വാസിയായ തന്‍റെ കൂട്ടുകാരനോട്‌ അഭിപ്രായം ചോദിക്കുകയും, അങ്ങിനെ എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും, അല്ലാഹുവില്‍ വിശ്വസിച്ച് ഭരമേല്‍പ്പിക്കുകയും ചെയ്യുക. അല്ലാഹു പറയുന്നു : "കാര്യങ്ങള്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ വിശ്വസിച്ച് ഭരമേല്‍പ്പിക്കുക. തന്നില്‍ വിശ്വസിച്ച് ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്". [ ഖുര്‍ആന്‍ 3 :159 ]

20..മാസപ്പിറവി കാ‌ണു‌മ്പോ‌ഴു‌ള്ള പ്രാര്‍ത്ഥന🤲

اللَّهُمَّ أَهِلَّهُ عَلَيْنَا بِالْأَمْنِ وَالْإِيمَانِ، وَالسَّلَامَةِ وَالْإِسْلَامِ، رَبِّي وَرَبُّكَ اللَّهُ

അല്ലാഹുവേ! ഐശ്വര്യത്തോടെയും വിശ്വാസത്തോടെയും രക്ഷയോടെയും സമാധാനത്തോടെയും ഞങ്ങൾക്കീ മാസത്തെ പിറപ്പിക്കേണമേ! എന്റെയും നിന്റെ (ഈ ചന്ദ്രന്റെ) യും സംരക്ഷകൻ അല്ലാഹു തന്നെയാണ്!.

🌹ശ്രേഷ്ഠതയും മഹത്വവും :🌹

ത്വൽഹത്ത്(റ) നിവേദനം: നബി (ﷺ) മാസപ്പിറവി കണ്ടാൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ട്: اللَّهُمَّ أَهِلَّهُ عَلَيْنَا بِالْأَمْنِ وَالْإِيمَانِ، وَالسَّلَامَةِ وَالْإِسْلَامِ، رَبِّي وَرَبُّكَ اللَّهُ അല്ലാഹുവേ! ഐശ്വര്യത്തോടെയും വിശ്വാസത്തോടെയും രക്ഷയോടെയും സമാധാനത്തോടെയും ഞങ്ങൾക്കീ മാസത്തെ പിറപ്പിക്കേണമേ! എന്റെയും നിന്റെ (ഈ ചന്ദ്രന്റെ) യും സംരക്ഷകൻ അല്ലാഹു തന്നെയാണ്!. (തിർമുദി)

21..നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്‍ത്ഥന🤲

നോമ്പ് തുറന്നു കഴിഞ്ഞാലുള്ള പ്രാര്‍ത്ഥന

ذَهَبَ الظَّمَأُ، وَابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ

*പരിഭാഷ :*
(നോമ്പ് തുറന്നപ്പോൾ) ദാഹം ശമിച്ചു, ഞരമ്പുകള്‍ കുളിര്‍ത്തു; അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായി

🌹ശ്രേഷ്ഠതയും മഹത്വവും :🌹

നോമ്പ് തുറക്കുമ്പോഴുള്ള ഏഴ് സുന്നത്തുകൾ: 1. നോമ്പ് തുറക്കാൻ ധൃതി കാണിക്കുക. സൂര്യനസ്തമിച്ചാൽ (സമയമായാൽ) ഉടനെ നോമ്പ് തുറക്കുക (ബാങ്ക് കേട്ടാലും ഇല്ലെങ്കിലും). സഹ്ൽ(റ) വിൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: "സമയമായാൽ ബദ്ധപ്പെട്ട് നോമ്പ് മുറിക്കുമ്പോഴെല്ലാം ജനങ്ങൾ ക്ഷേമത്തിലായിരിക്കും". (മുത്തഫഖുൻ അലൈഹി) 2. 'ബിസ്മില്ലാഹ്' എന്ന് ചൊല്ലി ഭക്ഷിക്കുക. ഉമറുബ്നു അബീസലമ(റ) യോട് (ഭക്ഷണം കഴിക്കുമ്പോൾ) നബി(ﷺ) പറഞ്ഞു: "കുട്ടീ, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക (ബിസ്മില്ലാഹ് ചൊല്ലുക). വലതുകൈകൊണ്ട് ഭക്ഷിക്കുക. പാത്രത്തിന്റെ നിന്നിലേക്ക് അടുത്തഭാഗത്തുനിന്ന് തിന്നുക". (ബുഖാരി : 5376) 3. ക്രമം പാലിക്കുക; റുത്തബ് (ഈത്തപ്പഴം) കൊണ്ട് അല്ലെങ്കിൽ കാരക്ക കൊണ്ട് അതും അല്ലെങ്കിൽ ഒരിറക്ക് വെള്ളം കൊണ്ട്. സൽമാൻ(റ) വിൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: "നിങ്ങളിൽ ആരെങ്കിലും നോമ്പ് തുറക്കുന്നപക്ഷം കാരക്കകൊണ്ട് നോമ്പ് തുറക്കട്ടെ. ഇനി അത് കിട്ടിയില്ലെങ്കിൽ വെള്ളംകൊണ്ട് തുറക്കട്ടെ. നിശ്ചയം അത് ശുദ്ധിയാക്കുന്നതാണ്". (അബൂദാവൂദ്, തിർമുദി) 4. വലത് കൈ കൊണ്ട് കുടിക്കുക. ഉമർ(റ) വിൽ നിന്ന്‌ നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "നിങ്ങളില്‍ ഒരാള്‍ ഭക്ഷിക്കുകയാണെങ്കില്‍ തന്റെ വലത് കൈ കൊണ്ട് ഭക്ഷിക്കുകയും കുടിക്കുകയാണെങ്കില്‍ വലത് കൈ കൊണ്ട് കുടിക്കുകയും ചെയ്യട്ടെ. നിശ്ചയം ശൈത്വാനാണ് തന്റെ ഇടത് കൈ കൊണ്ട് ഭക്ഷിക്കുകയും ഇടത് കൈ കൊണ്ട് കുടിക്കുകയും ചെയ്യുന്നത്". (മുസ്‌ലിം : 2020) 5. ബാങ്കിന് ഉത്തരം കൊടുക്കണം. അബൂസഈദ്(റ)വിൽ നിന്ന്: നബി (ﷺ) പറഞ്ഞു. നിങ്ങൾ ബാങ്ക് കൊടുക്കുന്നത് കേട്ടാൽ ബാങ്ക് കൊടുക്കുന്നവൻ പറയുന്നത് പോലെ നിങ്ങളും പറയുക. (ബുഖാരി, മുസ്‌ലിം) 6. ഭക്ഷണത്തിന് ശേഷം  الحمد لله ചൊല്ലണം. അനസ് ബ്നു മാലിക്(റ) നിവേദനം: നബി(ﷺ) പറഞ്ഞു: 'വല്ലതും തിന്നുകയോ കുടിക്കുകയോ ചെയ്താൽ അതിന്റെ പേരിൽ അല്ലാഹുവിനെ സ്തുതിക്കുന്ന ദാസനെക്കുറിച്ച് അല്ലാഹു സംതൃപ്തനായിരിക്കും'. (മുസ്‌ലിം : 2734) 7. നോമ്പ് തുറന്നതിനു ശേഷമുള്ള പ്രാർത്ഥന ചൊല്ലുക. ذَهَبَ الظَّمَأُ، وَابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ ദാഹം ശമിച്ചു, ഞരമ്പുകൾ കുളിർത്തു; അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി. (അബൂദാവൂദ്:2357)

22..നോമ്പ് തുറപ്പിച്ച വീട്ടുകാര്‍ക്കു വേ‌ണ്ടി നോമ്പ്  തുറന്നയാളുടെ പ്രാർത്ഥന

നോമ്പ് തുറപ്പിച്ച വീട്ടുകാര്‍ക്കു വേ‌ണ്ടി നോമ്പ് തുറന്നയാളുടെ പ്രാർത്ഥന

أَفْطَرَ عِنْدَكُمُ الصَّائِمُونَ، وَأَكَلَ طَعَامَكُمُ الْأَبْرَارُ، وَصَلَّتْ عَلَيْكُمُ الْمَلَائِكَةُ

*പരിഭാഷ :*
നോമ്പുകാരന്‍ നിങ്ങളുടെയടുക്കല്‍ നോമ്പ് തുറക്കുകയും, സദ്‌വൃത്തര്‍ നിങ്ങളുടെയടുക്കല്‍ ഭക്ഷണം കഴിക്കുകയും ചെയ്തു; മലക്കുകള്‍ നിങ്ങള്‍ക്ക്‌ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യട്ടെ.

🌹ശ്രേഷ്ഠതയും മഹത്വവും :🌹

നോമ്പ് തുറപ്പിക്കല്‍ ഒരു മഹത് കര്‍മം: عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لَا يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا ". സൈദ് ബ്നു ഖാലിദ് അല്‍ജുഅനിയില്‍(റ) നിന്ന് നിവേദനം : "അല്ലാഹുവിന്റെ റസൂൽ(ﷺ)പറഞ്ഞു: നോമ്പ് തുറപ്പിക്കുന്നവന് ആ നോമ്പുകാരന്റെ അത്ര തന്നെ പുണ്യം,  അയാളുടെ പ്രതിഫലത്തില്‍ നിന്നും യാതൊന്നും കുറയാതെ തന്നെ നേടാനാകും". (തിർമിദി : 807)


Comments

Popular posts from this blog

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹