🤲സൂറത്തുൽ ബഖറയുടെ ശ്രേഷ്ഠതയും പ്രത്യേകതകളും 🤲
🤲സൂറത്തുൽ ബഖറയുടെ ശ്രേഷ്ഠതയും പ്രത്യേകതകളും 🤲
അധ്യായം : രണ്ട്
ജുസ്അ് : ഒന്ന് , രണ്ട് , മൂന്ന്
അവതരണം : മദനിയ്യ
വചനങ്ങൾ : 286 :
സൂറത്തുൽ മുത്വഫ്ഫിഫീനു ശേഷം അവതീർണമായത് .
പേരും അർഥവും
1. അൽബഖറ : പശു ( മൂസാനബിയുടെ സമുദായത്തിലെ ഒരു പ്രത്യേക സംഭവം അവിടെ ഒരു പശുവിനെ കുറിച്ച് പരാമർശിക്കുന്നുണ്ട് . )
2🌹പ്രത്യേകതകൾ
1 . കേവലാക്ഷരങ്ങൾകൊണ്ട് ആരംഭിക്കുന്ന ആദ്യത്തെ അധ്യായം .
2. ഏറ്റവും കൂടുതൽ വചനങ്ങളുള്ള അധ്യായം .
3 . ഏറ്റവും വലിയ വചനം ഉൾക്കൊള്ളുന്ന അധ്യായം ( 2 : 282 ) . (ആയത്തു ദൈൻ)ഇതിലെ പരാമർശം കടബാധ്യതകളെക്കുറിച്ചാണ് .
4. പരിശുദ്ധ ഖുർആനിലെ ഏറ്റവും ഉത്തമമായ വചനം ( ആയത്തുൽ കുർസിയ്യ് ) ഉൾക്കൊള്ളുന്ന അധ്യായം ( 2 : 255 ) .
5. അവസാനം അവതരിച്ച ആയത്ത് ഉൾക്കൊള്ളുന്ന അധ്യായം . ( 2 : 281 ) . സൂറത്തുൽ മാഇദയിലെ ( 5 : 3 ) ആയത്താണ് അവസാനമിറങ്ങിയതെന്നും അഭിപ്രായമുണ്ട് ...
6. ഇസ്ലാമിക പ്രബോധനം , വിധികൾ , നിയമങ്ങൾ എന്നീ വിഷയങ്ങളാണ് പ്രധാന പ്രതിപാദ്യങ്ങൾ .
7.മദീനയിലിറങ്ങിയ ആദ്യത്തെ സൂറത്ത് .
3🌹പ്രധാന വിഷയങ്ങൾ
1. നമസ്കാരം
2. സകാത്ത്
3 . സിഹ്റ്
4 . പ്രതിക്രിയ
5 . വസ്വിയ്യത്ത്
6.നോമ്പ്
7. ചന്ദ്രക്കലയിലെ കാലനിർണയം
8. അല്ലാഹുവിന്റെ മാർഗത്തിൽ ധനവിനിയോഗം
9. ഹജ്ജ് , ഉംറ
10 ദാനധർമങ്ങൾ . .
11. കള്ള് , ചൂതാട്ടം എന്നിവയിലെ ദോഷങ്ങൾ
12. അനാഥ സംരക്ഷണം
13. ബഹുദൈവ വിശ്വാസികളുമായുള്ള വിവാഹം
14. മാസമുറ
15. വിശ്വാസകാര്യങ്ങൾ
16 . .ഈലാഇന്റെ വിധി
17ഇണകൾ
18പലിശ
19 . കടം
20 . ബനൂ ഇസ്റാഈല്യരുടെ ചരിത്രം
21 . മനുഷ്യ സൃഷ്ടിപ്പ്
22 . മുസാ നബി(അ )യുടെ ചരിത്രം
23. ഈസാ നബി(അ )യുടെ ചരിത്രം
24. ഇബ്റാഹീം നബി(അ )യുടെ ചരിത്രം
4🌹സവിശേഷ വചനങ്ങൾ🌹
1. ആയത്തുൽ കുർസിയ്യ് ( 2 : 255 )
ഖുർആനിലെ ഏറ്റവും മഹത്തായ 2 . സൂക്തം .
2. ഓരോ ഫർള് നമസ്കാരശേഷവും ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുന്നവന്റെയും സ്വർഗത്തിനിമിടയിൽ ഒരു തടസ്സവുമുണ്ടാവുകയില്ല .
3 . ഈ സൂക്തം പാരായണം ചെയ്യുന്നവന് പിശാചിൽ നിന്ന് സംരക്ഷണം ലഭിക്കും
.5🌹ആമനർറസൂലു ( 2 : 285 )
1. രാത്രി ഈ സൂക്തം പാരായണം ചെയ്യുന്നവന് അതു മതിയാവും .
2. മുഹമ്മദ് നബി(സ)ക്കു മുമ്പ് ആർക്കും ലഭിക്കാതിരുന്ന രണ്ടു പ്രകാശങ്ങളിൽ ഒന്നാണ് ഈ സൂക്തം .
3. ഈ സൂക്തം അർശിനു താഴെയുള്ള നിധിയിൽ നിന്നാണ് നല്കപ്പെട്ടത്......
🤲ആയത്തുല്‍ കുര്‍സിയ്യ് ആശയവും ശ്രേഷ്ഠതകളും🤲
ٱﻟﻠَّﻪُ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ﻫُﻮَ ٱﻟْﺤَﻰُّ ٱﻟْﻘَﻴُّﻮﻡُ ۚ ﻻَ ﺗَﺄْﺧُﺬُﻩُۥ ﺳِﻨَﺔٌ ﻭَﻻَ ﻧَﻮْﻡٌ ۚ ﻟَّﻪُۥ ﻣَﺎ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَﻣَﺎ ﻓِﻰ ٱﻷَْﺭْﺽِ ۗ ﻣَﻦ ﺫَا ٱﻟَّﺬِﻯ ﻳَﺸْﻔَﻊُ ﻋِﻨﺪَﻩُۥٓ ﺇِﻻَّ ﺑِﺈِﺫْﻧِﻪِۦ ۚ ﻳَﻌْﻠَﻢُ ﻣَﺎ ﺑَﻴْﻦَ ﺃَﻳْﺪِﻳﻬِﻢْ ﻭَﻣَﺎ ﺧَﻠْﻔَﻬُﻢْ ۖ ﻭَﻻَ ﻳُﺤِﻴﻄُﻮﻥَ ﺑِﺸَﻰْءٍ ﻣِّﻦْ ﻋِﻠْﻤِﻪِۦٓ ﺇِﻻَّ ﺑِﻤَﺎ ﺷَﺎٓءَ ۚ ﻭَﺳِﻊَ ﻛُﺮْﺳِﻴُّﻪُ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽَ ۖ ﻭَﻻَ ﻳَـُٔﻮﺩُﻩُۥ ﺣِﻔْﻈُﻬُﻤَﺎ ۚ ﻭَﻫُﻮَ ٱﻟْﻌَﻠِﻰُّ ٱﻟْﻌَﻈِﻴﻢُ
അല്ലാഹു – അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ ‘കുർസിയ്യ് ‘ ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.(ഖു൪ആന്‍:2/255)
ഈ വചനത്തില്‍ അല്ലാഹുവിന്റെ ‘കുര്‍സിയ്യി’നെപ്പറ്റി പ്രസ്താവിക്കുന്നതുകൊണ്ട് ‘ആയത്തുല്‍ കുര്‍സിയ്യ് (آيَة الكُرسى) ‘ എന്ന പേരില്‍ ഈ വചനം അറിയപ്പെടുന്നു. അല്ലാഹുവിന്റെ അത്യുല്‍കൃഷ്ടങ്ങളായ പല നാമങ്ങളും മഹല്‍ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഈ ആയത്തില്‍ 10 കാര്യങ്ങള്‍ ഉള്‍കൊള്ളുന്നു..
ഹദീസിൽനിന്ന് :
🌹 ശൈത്താനിൽ നിന്നും കാവൽ ലഭിക്കും🌹
അബൂ ഹുറൈറ(റ )വിൽ നിന്ന് നിവേദനം : അദ്ദേഹം പറഞ്ഞു : റമദാനിലെ സക്കാത്തിന്റെ മുതൽ സൂക്ഷിക്കുന്നതിന് വേണ്ടി നബി (സ ) എന്നെ ചുമതലപ്പെടുത്തിയിരുന്നു.ഒരു ദിവസം രാത്രി കാവൽ നിൽക്കുന്ന സമയത്ത് സക്കാത്തിനെ മുതൽ ഒരാൾ കട്ട് എടുക്കുന്നതായി ഞാൻ കണ്ടു. ഞാൻ അയാളെ പിടികൂടിയിട്ട് പറഞ്ഞു : അല്ലാഹുവാണ് സത്യം! ഞാൻ നിന്നെ റസൂൽ(സ )യുടെ അടുക്കൽ എത്തിക്കും..
വന്നയാൾ പറഞ്ഞു: ഞാൻ ഇതിന്റെ ആവശ്യക്കാരനാണ് എനിക്ക് കുടുംബമുണ്ട്.. ഇത് ഇത് കേട്ടപ്പോൾ അബൂഹുറൈറ(റ )അയാളെ വിട്ടയച്ചു..
പിറ്റേന്ന് രാവിലെ നബി (സ )എന്നോട് ചോദിച്ചു : ഇന്നലെ രാത്രി പിടികൂടിയിട്ടുള്ള ആളെ നീ എന്താണ് ചെയ്തത്?
ഞാൻ പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ അയാൾ എന്നോട് ആവശ്യക്കാരനാണ് കുടുംബമുണ്ട് എന്നൊക്കെ കുറെ സങ്കടം പറഞ്ഞു.അങ്ങനെ എനിക്ക് കരുണ തോന്നി ഞാൻ വിട്ടയച്ചു..
നബി(സ )പറഞ്ഞു : അവൻ പറഞ്ഞത് കളവാണ് ഇനിയും വരും.. നബി (സ )പറഞ്ഞത് കൊണ്ട് അദ്ദേഹം വരുമെന്ന് ഞാൻ ഉറപ്പിച്ചു..
ഞാൻ അയാളെ കാത്തിരുന്നു.വീണ്ടും അയാൾ വന്നു. സക്കാത്തിന്റെ മുതലെടുത്തു ആ സമയം ഞാൻ അയാളെ പിടികൂടിയിട്ട് പറഞ്ഞു : ഇപ്രാവശ്യം തീർച്ചയായും ഞാൻ നിന്നെ റസൂലി(സ )ന്റെ അടുക്കൽ എത്തിക്കുക തന്നെ ചെയ്യും..
വീണ്ടും അയാൾ പറഞ്ഞു : എന്നെ വിടണം, ഞാൻ ഇതിന്റെ ആവശ്യക്കാരനാണ്. എനിക്ക് കുടുംബമുണ്ട് ഞാൻ ഇനി ആവർത്തിക്കില്ല.. അപ്പോൾ എനിക്ക് അയാളോട് കരുണ തോന്നി വിട്ടയച്ചു...
പിറ്റേദിവസം രാവിലെ നബി (സ )എന്നോട് ചോദിച്ചു : ഇന്നലെ രാത്രി പിടികൂടിയിട്ടുള്ള ആളെ നീ എന്താണ് ചെയ്തത് ?
ഞാൻ പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ, അയാളെന്നോട് ആവശ്യക്കാരനാണ് കുടുംബമുണ്ട് എന്നൊക്കെ കുറെ സങ്കടം പറഞ്ഞു.അങ്ങനെ എനിക്ക് കരുണ തോന്നി ഞാൻ അയാളെ വിട്ടയച്ചു..
നബി (സ )പറഞ്ഞു : അവൻ പറഞ്ഞത് കളവാണ് ഇനിയും വരും.. മൂന്നാമത്തെ ദിവസം രാത്രി ഞാൻ അയാളെ കാത്തിരുന്നു. കുറച്ചുകഴിഞ്ഞ് അയാൾ വീണ്ടും വന്നു സക്കാത്തിന്റെ മുതലെടുത്തു പോകുമ്പോൾ ഞാൻ അവനെ പിടികൂടി.. തീർച്ചയായും ഞാൻ നിന്നെ റസൂലി(സ )ന്റെ അടുക്കൽ എത്തിക്കുക തന്നെ ചെയ്യും.. നീ എന്നോട് ഓരോ പ്രാവശ്യം പിടികൂടുമ്പോഴും ഇനി ഞാൻ വരില്ല ഇത് അവസാനത്തേതാണ് എന്നൊക്കെ പറഞ്ഞത്.... ഇത് മൂന്നാമത്തെ പ്രാവശ്യമാണ് അതുകൊണ്ട് ഞാൻ റസൂലി(സ )ന്റെ അടുക്കൽ എത്തിക്കുക തന്നെ ചെയ്യും.. ഇപ്രാവശ്യം അയാൾ എന്നോട് പറഞ്ഞു ഞാൻ നിനക്ക് കുറച്ച് വാക്കുകൾ പഠിപ്പിക്കാം.. അത് നിനക്ക് ഉപകാരം ചെയ്യും..
ഞാൻ ചോദിച്ചു എന്താണത്?
വന്നയാൾ പറഞ്ഞു : നീ വിരിപ്പിലേക്ക് കിടക്കുന്നതിനു മുമ്പ് "ആയത്തുൽ കുർസി" പാരായണം ചെയ്യുക. അങ്ങനെ പാരായണം ചെയ്താൽ പ്രഭാതം വരെ നിനക്ക് അല്ലാഹുവിന്റെ സംരക്ഷണം ഉണ്ടാകും.നേരം വെളുക്കുന്നത് വരെ ശൈത്താൻ നിന്റെ അടുത്ത് പ്രവേശിക്കുകയില്ല. ഇത് കേട്ട സമയത്ത് ഞാൻ അയാളെ വെറുതെ വിട്ടു... പിറ്റേദിവസം നബി(സ )ചോദിച്ചു : കഴിഞ്ഞ ദിവസം രാത്രി അയാളെ എന്താണ് ചെയ്തത്?
ഞാൻ പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ അദ്ദേഹം എനിക്ക് കുറച്ച് കലിമത്തുകൾ അല്ലാഹുവിന്റെ അടുക്കൽ ഉപകാരമുള്ള വാക്കുകൾ പഠിപ്പിക്കാം എന്നു പറഞ്ഞു. അങ്ങനെ ഞാൻ അയാളെ വെറുതെ വിട്ടു...
നബി (സ ) ചോദിച്ചു : എന്താണത്?
ഞാൻ പറഞ്ഞു വിരിപ്പിലേക്ക് പോയി കഴിഞ്ഞാൽ ആയത്തിൽ കുർസി പാരായണം ചെയ്യുക അല്ലാഹുവിന്റെ സംരക്ഷണം ഉണ്ടാകും നേരം വെളുക്കുന്നത് വരെ ശൈത്താൻ അടുക്കുകയില്ല എന്നും പറഞ്ഞു..
നബി (സ ) പറഞ്ഞു: അവൻ കള്ളൻ ആണെങ്കിലും നിന്നോട് അവൻ സത്യം പറഞ്ഞു എന്നിട്ട് നബി (സ )പറഞ്ഞു : അബൂഹുറൈറ നിന്നോട് മൂന്നുദിവസം രാത്രി സംസാരിച്ച ആൾ ആരാണെന്ന് നിനക്കറിയാമോ?
ഞാൻ പറഞ്ഞു : ഇല്ല എനിക്കറിയില്ല..
നബി പറഞ്ഞു : അവൻ ശൈത്താൻ ആണ്
(ബുഹാരി )
🌹ഫർള് നമസ്കാരത്തിന് ശേഷം ആയത്തുൽ കുർസി ഓതിയാൽ സ്വർഗ്ഗം ലഭിക്കും..
നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു ആരെങ്കിലും ഓരോ ഫർള് നമസ്കാരത്തിന് ശേഷവും ആയത്തുൽ കുർസി പാരായണം ചെയ്യുന്നുവെങ്കിൽ അവനും സ്വർഗ്ഗത്തിനും ഇടയിൽ തടസ്സമായി അവൻ മരണപ്പെടുക എന്നല്ലാതെ മറ്റൊന്നുമില്ല..
( ത്വബറാനി )
🌹 ഖുർആനിലെ ഏറ്റവും മഹത്തമായ ആയത്ത്🌹
ഉബൈയി(റ )ൽ നിന്നും നിവേദനം : നബിസല്ലല്ലാഹു അലൈഹി വസല്ലമ ചോദിച്ചു: അബുൽ മുൻദിറേ അല്ലാഹുവിന്റെ ഖുർആനിൽ നീ പഠിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രാധാന്യമുള്ള ആയത്ത് ഏതാണെന്ന് നിനക്കറിയാമോ ?
ഞാൻ പറഞ്ഞു :ആയത്തുൽ കുർസിയാണത്അന്നേരം അവിടുന്ന് എന്റെ നെഞ്ചത്തടിച്ചു പറഞ്ഞു : അബ്ദുൽ മുൻദിറേ വിജ്ഞാനം നിന്നെ പുളകം അണിയിക്കട്ടെ.. ( വിജ്ഞാനം അല്ലാഹു നിനക്ക് പ്രാധാന്യം ചെയ്യട്ടെ)
( മുസ്ലിം)
🌹 ജിന്നിൽ നിന്നും കാവൽ ലഭിക്കും 🌹
ഉബയ്യ് (റ ) ചോദിച്ചു നിങ്ങളിൽനിന്ന് (ജിന്നുകളിൽ നിന്ന് )ഞങ്ങളെ രക്ഷപ്പെടുത്തുന്നത് എന്താണ് ?
ജിന്ന് പറഞ്ഞു : സൂറത്തുൽ ബഖറയിലെ ഈ ആയത്ത് അഥവാ ആയത്തുൽ കുർസി ആണ്.. വല്ലവനും വൈകുന്നേരമാകുമ്പോൾ ആയത്തുൽ കുർസി പാരായണം ചെയ്താൽ നേരം പുലരുവോളം നേരം പുലരുമ്പോൾ പാരായണം ചെയ്താൽ വൈകുന്നേരം ആകുവോളം ഞങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടും.. പ്രഭാതമായപ്പോൾ ഉബയ്യ്ന (റ )നബി(സ )യുടെ അടുക്കൽ ചെല്ലുകയും അത് നബി(സ )യോട് ഉണർത്തുകയും ചെയ്തു... നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു നീചൻ സത്യം പറഞ്ഞിരിക്കുന്നു..
പിശാചിന്റെ ഉപദ്രവത്തിൽ നിന്നുള്ള ഒരു കാവലാണ് ആയത്തുൽ കുർസി എന്നുള്ളത് പൊതുവേ അറിയപ്പെടുന്ന ഒരു കാര്യമത്രേ.. പക്ഷേ വായകൊണ്ട് തത്തയെപ്പോലെ ഉരുവിടുന്നത് കൊണ്ട് ആ ഫലം കാണുകയില്ല.. അതിലെ ഉള്ളടക്കവും ആശയവും ഗ്രഹിച്ചുകൊണ്ടും ഹൃദയസ്പർശിച്ചുകൊണ്ടുമായിരിക്കണം ഓതുന്നത്...
🌹(1) ٱﻟﻠَّﻪُ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ﻫُﻮَ
അല്ലാഹു – അവനല്ലാതെ യാതൊരു ആരാധ്യനുമില്ല.
അല്ലാഹു അല്ലാതെ ആരാധ്യനേ ഇല്ല ( اللَّهُ لَا إِلَٰهَ إِلَّا هُوَ ) എന്നത് ഇസ്‌ലാമിന്റെ പ്രഥമ പ്രധാനമായ ആദ൪ശ വാക്യമാകുന്നു.
لا معبود بحق إلا الله ‘ലാ മഅബൂദ ബി ഹഖ്വിന്‍ ഇല്ലല്ലാഹ് ‘(യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ല) എന്നാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിന്റെ അര്‍ത്ഥം.
ഒന്നാമതായി പരമോന്നതനായ അല്ലാഹു ഒഴികെയുള്ള സ൪വ്വ ആരാധ്യന്‍മാരെന്ന് പറയുന്നവരേയും നിഷേധിക്കുന്നു.പ്രപഞ്ചത്തിലെ മലക്കുകള്‍, പ്രവാചകന്മാ൪, മറ്റ് മനുഷ്യ൪, വിഗ്രഹങ്ങള്‍, പ്രകൃതി ശക്തികള്‍ എന്നിങ്ങനെയുള്ള അല്ലാഹു അല്ലാത്ത ഒന്നും ഒരിക്കലും ആരാധനക്ക് അ൪ഹരല്ല.രണ്ടാമതായി ഏകനായ അല്ലാഹു മാത്രമാണ് ആരാധനക്ക് അ൪ഹനെന്ന് സ്ഥാപിക്കുന്നു.
ﺫَٰﻟِﻚَ ﺑِﺄَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﺤَﻖُّ ﻭَﺃَﻥَّ ﻣَﺎ ﻳَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻧِﻪِۦ ﻫُﻮَ ٱﻟْﺒَٰﻄِﻞُ ﻭَﺃَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﻌَﻠِﻰُّ ٱﻟْﻜَﺒِﻴﺮُ
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതുതന്നെയാണ് നിരര്‍ത്ഥകമായിട്ടുള്ളത്. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍ (ഖു൪ആന്‍:22/62)
അല്ലാഹു അല്ലാത്ത യാതൊന്നിനേയും ഒരു അടിമ ആരാധ്യനായി കാണരുത്.ആദം നബി(അ) മുതല്‍ മുഹമ്മദ് നബി ﷺ വരെയുള്ള എല്ലാ പ്രവാചകന്മാരുടെയും അനുയായികള്‍ക്ക് അല്ലാഹു നല്‍കിയിട്ടുളള അടിസ്ഥാനപരമായ സന്ദേശമാണിതെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.ഇക്കാര്യം പ്രബോധനം ചെയ്യുന്നതിന് വേണ്ടിയാണ് അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചത്.
ﻭَﻣَﺎٓ ﺃَﺭْﺳَﻠْﻨَﺎ ﻣِﻦ ﻗَﺒْﻠِﻚَ ﻣِﻦ ﺭَّﺳُﻮﻝٍ ﺇِﻻَّ ﻧُﻮﺣِﻰٓ ﺇِﻟَﻴْﻪِ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪُﻭﻥِ
ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.(ഖു൪ആന്‍:21/25)
ﻭَﻟَﻘَﺪْ ﺑَﻌَﺜْﻨَﺎ ﻓِﻰ ﻛُﻞِّ ﺃُﻣَّﺔٍ ﺭَّﺳُﻮﻻً ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَٱﺟْﺘَﻨِﺒُﻮا۟ٱﻟﻄَّٰﻐُﻮﺕَ ۖ
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി… (ഖു൪ആന്‍:16/36)
നബി ﷺ പറഞ്ഞു: ‘ ഞാനും എനിക്ക് മുമ്പു വന്നിട്ടുള്ള എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തിട്ടുള്ള ഉല്‍കൃഷ്ട വചനമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘
.🌹(2) അവന്‍ ജീവത്തായുള്ളവനും, സര്‍വ്വനിയന്താവുമാകുന്നു. ( الْحَيُّ الْقَيُّومُ )🌹
'ജീവന്‍, ജീവസ്സ്, ജീവിതം' എന്നിങ്ങനെയുള്ള വാക്കുകള്‍ പല അര്‍ത്ഥങ്ങളിലും ഉപയോഗിക്കപ്പെടാറുണ്ട്. വസ്തുവര്‍ഗങ്ങളെ അപേക്ഷിക്കുമ്പോഴാണ് ആ വ്യത്യാസം പ്രകടമാകുന്നത്. ഉദാഹരണമായി: സസ്യങ്ങളുടെ വളര്‍ച്ചാശക്തി, ജീവ ജന്തുക്കളുടെ ഗ്രഹണ ശക്തി, ചലനശേഷി, ഭൂമിയുടെ ഉല്‍പാദനശക്തി, സമുദായത്തിന്‍റെ അഭിവൃദ്ധി എന്നീ അര്‍ത്ഥങ്ങളിലെല്ലാം അവ ഉപയോഗിക്കപ്പെടുന്നു. എന്നാല്‍, സൃഷ്ടിയായ ഏതൊരു വസ്തുവിന്റെയും ജീവന്‍- അല്ലെങ്കില്‍ ജീവിതം- പരിശോധിച്ചാല്‍ ആ വസ്തുവില്‍ നിന്നും അന്യമായ മറ്റൊരു കേന്ദ്രത്തില്‍ നിന്നായിരിക്കും അതിന്‍റെ ഉത്ഭവവും നിലനില്‍പുമെന്ന് കാണാവുന്നതാണ്. ആ കേന്ദ്രം നഷ്ടപ്പെടുകയോ, അതിന് മാറ്റം സംഭവിക്കുകയോ ചെയ്യുന്നതോടെ ആ ജീവസ്സ് നശിക്കുകയും ചെയ്യും. സ്രഷ്ടാവായ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അവന്‍റെ ജീവിതം ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമാകുന്നു. അവന്‍റെ പരിശുദ്ധ സത്ത ( الذات المقدسة) യോട് മാത്രം ബന്ധപ്പെട്ടതാണ് അവന്‍റെ ജീവിതം. അതല്ലാത്ത -അഥവാ അതില്‍ നിന്ന് അന്യമായ- മറ്റൊന്നിനെയും ആശ്രയിച്ചു കൊണ്ടുള്ളതല്ല അവന്‍റെ ജീവിതം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സൃഷ്ടി വര്‍ഗങ്ങളുടേതായി മേല്‍ സൂചിപ്പിച്ച ഏത് അര്‍ത്ഥത്തിലുള്ള ജീവിതം എടുത്താലും അതിന്‍റെയെല്ലാം സാക്ഷാല്‍ ഉത്ഭവകേന്ദ്രം അല്ലാഹുവാകുന്നു. അല്ലാഹുവാകട്ടെ, സ്വയംഭൂവാണ്. യാതൊന്നിനെയും അപേക്ഷിച്ചു കൊണ്ടോ, യാതൊന്നുമായും ബന്ധപ്പെട്ടുകൊണ്ടോ ഉള്ളതല്ല അവന്‍റെ ജീവിതം. അതെ, അവന്‍റെ പരിശുദ്ധ സത്തയെപ്പോലെത്തന്നെ അനാദിയും, അനന്തവുമാണത്. അപ്പോള്‍, അല്ലാഹു ജീവത്തായുള്ളവനാണ് എന്നോ, ജീവിച്ചിരിക്കുന്നവനാണ് എന്നോ (الحَيُّ ) പറയുമ്പോള്‍- അവന്‍റെ മറ്റു ഗുണവിശേഷങ്ങളിലെന്ന പോലെത്തന്നെ- അത് സാധാരണ അര്‍ത്ഥത്തിലുള്ള ഒരു ജീവിതത്തെ ഉദ്ദേശിച്ചല്ല എന്നും, അവനോട് മാത്രം യോജിക്കുന്ന ഒരര്‍ത്ഥത്തിലുള്ള ജീവിതത്തെ ഉദ്ദേശിച്ചാണെന്നും ഇതില്‍നിന്ന് വ്യക്തമാണ്. അങ്ങനെ, സ്വയം നിലകൊള്ളുന്നവനും, അവനല്ലാത്ത മറ്റെല്ലാ വസ്തുക്കളെയും, അവയെ സംബന്ധിച്ച സകല കാര്യങ്ങളെയും വ്യവസ്ഥാപിതമായി നിയന്ത്രിച്ചു കൈകാര്യം നടത്തുന്നവനുമാണ് എന്നത്രെ സര്‍വ്വനിയന്താവ് ( الْقَيُّوم ) എന്നതുകൊണ്ട് വിവക്ഷ. ഈ രണ്ട് ഗുണങ്ങളും അവന് മാത്രമായുള്ളതായിരിക്കെ, ആരാധ്യനായിരിക്കുവാനുള്ള യഥാര്‍ത്ഥ അര്‍ഹതയും അവന് മാത്രമായിത്തീരുന്നു.
🌹(3) മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ( لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ) 🌹
നിദ്രയുടെ പ്രാരംഭാവസ്ഥയാണ് മയക്കം ( سِنَة ). അതിന്‍റെ പൂര്‍ണാവസ്ഥയാണ് ഉറക്കം ( نَوْم ) രണ്ടും അവനെ തീണ്ടുകയില്ല. ആന്തരേന്ദ്രിയങ്ങളുടെ ക്ഷീണത്തില്‍ നിന്നും, തളര്‍ച്ചയില്‍ നിന്നുമുള്ള ഒരുതരം വിശ്രമമാണല്ലോ ഇത് രണ്ടും. ഇത്യാദി കാര്യങ്ങളൊന്നും അല്ലാഹുവിന് പിടിപെടുവാനില്ല. അവന്‍ സര്‍വ്വത്ര പരിപൂര്‍ണനും പരിശുദ്ധനുമത്രെ. ഒരു യന്ത്രവാഹനം നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ആള്‍ സ്വല്‍പം ഒന്ന് തൂങ്ങി ഉറങ്ങിപ്പോയാലത്തെ ഭവിഷ്യത്ത് എല്ലാവര്‍ക്കും ഊഹിക്കാവുന്നതാണ്. എന്നിരിക്കെ, ലോകാലോകങ്ങളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ആ മഹച്ഛക്തിക്ക് മിടിയിടയെങ്കിലും ഉറക്കമോ മയക്കമോ ബാധിച്ചാലുള്ള കഥ എന്തായിരിക്കും?!
🌹 (4) ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അവന്‍റെതാണ് . ( لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ )
എല്ലാം അവന്‍ സൃഷ്ടിച്ചത്. എല്ലാം അവന്‍റെ ഉടമയിലും അടിമയും. എല്ലാം അവന്‍റെ ഉദ്ദേശ്യത്തിനും നിയന്ത്രണത്തിനും അധികാരത്തിനും വിധേയം. ബാഹ്യദൃഷ്ടിയില്‍- മനുഷ്യര്‍ക്കോ മറ്റോ നാമമാത്രമായ എന്തെങ്കിലും അവകാശാധികാരങ്ങളും കൈകാര്യങ്ങളും കാണപ്പെടുന്നുവെങ്കില്‍, അതും അവന്‍ നല്‍കിയതു തന്നെ. അവന്‍ നിശ്ചയിച്ച നിയമവ്യവസ്ഥയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങിയതുമാത്രം. എന്നിരിക്കെ, അവനല്ലാത്തവരെ ആരാധ്യരായി സ്വീകരിക്കുന്നതില്‍ എന്താണര്‍ത്ഥമുള്ളത്?!
🌹 (5) അവന്‍റെ അനുവാദ പ്രകാരമല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ നടത്തുന്നവരായി ആരുണ്ട്?! ( مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ )
ആരും തന്നെയില്ല. അവന്‍ അനുവദിച്ചവര്‍ക്ക്, അവന്‍ അനുവദിക്കുന്നവര്‍ക്ക് വേണ്ടി, അവന്‍ അനുവദിച്ചപ്രകാരം അല്ലാതെ, അവന്‍റെ അടുക്കല്‍ ശുപാര്‍ശ ചെയ്യാനുള്ള കഴിവോ അവകാശമോ ആര്‍ക്കുമില്ല. പ്രവാചകന്‍മാരോ മലക്കുകളോ ആരും തന്നെ ഇതില്‍നിന്ന് ഒഴിവല്ല. ഈ വിഷയകമായി ഇതിനുമുമ്പ് ചില ആയത്തുകളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുള്ളതിന് പുറമെ, താഴെ വീണ്ടും പല സ്ഥലങ്ങളിലും പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്. പരലോകത്ത് വെച്ച് നടക്കുന്ന ശുപാര്‍ശകളില്‍ ഏറ്റവും വലിയ ശുപാര്‍ശ ( الشَفَاعَة الكُبْرَى ) നബി തിരുമേനി (സ.അ) യുടെ ശുപാര്‍ശയാകുന്നു. അതുപോലും മേല്‍പറഞ്ഞ ഉപാധികളോട് കൂടിയായിരിക്കും. ആ വമ്പിച്ച ശുപാര്‍ശയെ സംബന്ധിച്ച് ബുഖാരി, മുസ്‌ലിം (റ) തുടങ്ങിയ മഹാന്‍മാരെല്ലാം രേഖപ്പെടുത്തിയിട്ടുള്ള ഹദീഥുകള്‍ പരിശോധിച്ചാല്‍ ഈ യാഥാര്‍ത്ഥ്യം വ്യക്തമായി മനസ്സിലാക്കാം.
സൃഷ്ടികള്‍ ആകമാനം 'മഹ്ശര്‍' മഹാസമ്മേളനത്തില്‍ ഒരുമിച്ചു കൂടി അനിശ്ചിതാവസ്ഥയില്‍ ഭയവിഹ്വലരായിക്കൊണ്ടിരിക്കെ, ഞങ്ങളുടെ കാര്യത്തില്‍ വല്ല തീരുമാനവും എടുത്തു തരുവാന്‍ അല്ലാഹുവിന്‍റെ മുമ്പില്‍ തങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യണമെന്ന് അവര്‍ പ്രവാചക പ്രധാനികളായ പലരോടും അപേക്ഷിക്കും. ഓരോ പ്രവാചകനും ഓരോ കാരണം പറഞ്ഞു തനിക്ക് അതിന് അര്‍ഹതയില്ലെന്ന് മറുപടി പറയും. അവസാനം ജനങ്ങള്‍ നബി മുഹമ്മദ് (സ) തിരുമേനിയോട് അപേക്ഷിക്കും. തിരുമേനി അല്ലാഹുവിന് സുജൂദായി വീഴുകയും, അല്ലാഹു അപ്പോള്‍ തോന്നിപ്പിച്ചു കൊടുക്കുന്ന സ്തുതി കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും നടത്തുകയും ചെയ്യും. അനന്തരം അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ 'മുഹമ്മദേ, തലയുയര്‍ത്തി ചോദിച്ചു കൊള്ളുക, ശുപാര്‍ശ ചെയ്തു കൊള്ളുക' എന്ന് അല്ലാഹു ഉത്തരവ് നല്‍കും. അപ്പോഴായിരിക്കും തിരുമേനി ആ അപേക്ഷ സമര്‍പ്പിക്കുക. അല്ലാഹു ഒരു അതിര്‍ത്തി നിശ്ചയിച്ചു കൊടുക്കും. അതിനപ്പുറം തിരുമേനി ചോദിക്കുകയില്ല എന്നൊക്കെ ആ ഹദീഥുകളില്‍ തന്നെ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്‍റെ അടുക്കല്‍ നടത്തപ്പെടുന്ന ശുപാര്‍ശ സാധാരണ അര്‍ത്ഥത്തിലുള്ള ശുപാര്‍ശയല്ലെന്നും, ഏതെങ്കിലും വിധേനയുള്ള സ്വാധീനത്തിന് അതില്‍ സ്ഥാനമില്ലെന്നും, അവന്‍റെ നീതിന്യായ നിയമ നടപടികള്‍ അതുമൂലം അവന്‍ വ്യത്യാസം ചെയ്കയില്ലെന്നും ഇതില്‍നിന്ന് സ്പഷ്ടമാണല്ലോ.
🌹6) അവരുടെ മുമ്പിലുള്ളതും പിമ്പിലുള്ളതുമെല്ലാം അവന്‍ അറിയുന്നു. ( يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ)
അതെ, ആകാശ ഭൂമികളിലുള്ളവരുടെ സകല കാര്യങ്ങളും- ഭൂതവര്‍ത്തമാന ഭാവികാല വ്യത്യാസമോ, ചെറുപ്പ വലുപ്പ വ്യത്യാസമോ കൂടാതെ- അവന്‍ അറിയുന്നു. എല്ലാം അവന്‍ കണ്ടും കേട്ടും, വീക്ഷിച്ചും, രേഖപ്പെടുത്തിയും കൊണ്ടിരിക്കുന്നു.
🌹(7) അതേ സമയത്ത്, അല്ലാഹുവിന്‍റെ അറിവില്‍പെട്ട ഏതൊരു കാര്യത്തെക്കുറിച്ചും അവന്‍ ഉദ്ദേശിച്ചതല്ലാതെ ആര്‍ക്കും സൂക്ഷ്മമായി ഒന്നും അറിയുകയില്ലതാനും. ( وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ )
അവന്‍റെതായ അറിവ്, അവനെ സംബന്ധിച്ച അറിവ്, അവന് അറിയാവുന്ന കാര്യങ്ങള്‍ എന്നൊക്കെ (അവന്‍റെ അറിവ്) എന്ന വാക്കിന് വിവക്ഷ നല്‍കപ്പെടാറുണ്ട്. ഇവയില്‍ ഏത് വിവക്ഷ സ്വീകരിച്ചാലും ശരി, അവന്‍ ഉദ്ദേശിച്ചതും അവന്‍ അറിയിച്ചു കൊടുത്തതുമല്ലാതെ ആര്‍ക്കും അറിയുകയില്ലതന്നെ. മനുഷ്യനെ സംബന്ധിച്ചിടത്തോളം- അവനാണല്ലോ അറിയപ്പെട്ടിടത്തോളം അറിവ് സമ്പാദിക്കുവാന്‍ കൂടുതല്‍ കഴിവ് നല്‍കപ്പെട്ട സൃഷ്ടി- അവന്‍റെ അറിവ് വികസിക്കും തോറും അവന്‍റെ അജ്ഞതയുടെ വിശാലത അവന് ബോദ്ധ്യപ്പെടുകയാണ് ചെയ്യുന്നത്.
🌹(8) അവന്‍റെ 'കുര്‍സിയ്യ്' ആകാശഭൂമികള്‍ ഉള്‍ക്കൊള്ളത്തക്കവണ്ണം വിശാലമായതാകുന്നു. ( وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ )
'പീഠം, രാജപീഠം, ഔദ്യോഗിക ഇരിപ്പിടം' എന്നൊക്കെയാണ് 'കുര്‍സിയ്യി'ന് വാക്കര്‍ത്ഥം. ഈ അര്‍ത്ഥത്തില്‍ നിന്നാണ് കസേരക്ക് അറബി ഭാഷയില്‍ كُرْسِى (കുര്‍സിയ്യ്) എന്ന് പേര്‍ വന്നത്. ഇവിടെ അതുകൊണ്ട് വിവക്ഷ എന്താണെന്നുള്ളതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കാണാം. അല്ലാഹുവിന്‍റെ സിംഹാസനമാകുന്ന അര്‍ശും (العرش ) കുര്‍സിയ്യും (الكُرْسِى ) ഒന്നുതന്നെയാണെന്നും, രണ്ടും വെവ്വേറെയാണെന്നും പറയപ്പെടുന്നു. ഓരോന്നിനും അനുകൂലമായ ചില രിവായത്തുകളും ഉദ്ധരണികളും എടുത്തു കാണിക്കാറുണ്ടെന്നല്ലാതെ, തക്കതായ തെളിവുകളൊന്നും ഇല്ല. അല്ലാഹുവിന്‍റെ ഭരണാധിപത്യത്തെയും, അധികാര മഹത്വത്തെയും, ജ്ഞാനവിശാലതയെയും കുറിക്കുന്ന ഒരു ഉപമാലങ്കാര വാക്കാണ് അതെന്ന് പലരും പറയുന്നു. അപ്പോള്‍, ആകാശഭൂമികളും അവയിലുള്ളതുമെല്ലാം അല്ലാഹുവിന്‍റെ ഭരണാധികാരത്തിലും, അവന്‍റെ അറിവിലും ഒതുങ്ങി നില്‍ക്കുന്നവയാണ് എന്നായിരിക്കും ചുരുക്കത്തില്‍ ഈ വാക്യത്തിലെ ആശയം. എന്നാല്‍, അല്ലാഹുവിനെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ക്വുര്‍ആനില്‍ നിന്നോ, നബി വചനങ്ങളില്‍ നിന്നോ വ്യക്തമായ വിവരം ലഭിക്കാത്തപ്പോള്‍, ഭാഷാപരമായ അര്‍ത്ഥത്തെ മാത്രം ആധാരമാക്കി നമുക്ക് അനുമാനം നടത്തിക്കൂടാത്തതാണ്. അതുകൊണ്ട് 'കുര്‍സിയ്യിന്‍റെയും, അത് വിശാലമാണെന്ന് പറഞ്ഞതിന്‍റെയും യാഥാര്‍ത്ഥ്യമെന്താണെന്ന് അല്ലാഹുവിനറിയാം എന്നുവെച്ച് നമുക്ക് സമാധാനിക്കുകയാണ് നല്ലത്.
🌹 (9) ആകാശങ്ങളെയും ഭൂമിയെയും കാത്തുസൂക്ഷിച്ചു പോരുന്നത് അല്ലാഹുവിന് ഒരു ഭാരമായിത്തീരുന്നില്ല ( وَلَا يَئُودُهُ حِفْظُهُمَا )
അവനെ സംബന്ധിച്ചിടത്തോളം, വസ്തുക്കളുടെയോ, വസ്തുതകളുടെയോ എണ്ണവണ്ണങ്ങളും, ചെറുപ്പ വലുപ്പങ്ങളും ഒരു പ്രശ്‌നമാകുന്നതല്ല. ഏതൊരു കാര്യവും വേണമെന്ന് അവന്‍ നിശ്ചയിക്കുകയേ വേണ്ടൂ. അതുണ്ടായിക്കൊള്ളും. (36: 82) അവ രണ്ടിലും അണു അളവിലുള്ള കാര്യങ്ങള്‍ പോലും അവന്‍ അറിയാതിരിക്കുകയില്ല. (34: 3.) അവന്‍ ഉദ്ദേശിക്കുന്നതെന്തോ അതവന്‍ പ്രവര്‍ത്തിക്കും. (11: 107.) അവന്‍ ചെയ്യുന്നതിനെപ്പറ്റി അവനെ ചോദ്യം ചെയ്യാനും ആരുമില്ല. (21: 23) എന്നിരിക്കെ, ആകാശഭൂമികളുടെ കൈകാര്യവും നിയന്ത്രണവും അവന് എങ്ങനെ ഒരു ഭാരമായിത്തീരും?!
🌹(10) അവന്‍ തന്നെയാണ് ഉന്നതനും, മഹത്തായുള്ളവനും, (وَهُوَ الْعَلِيُّ الْعَظِيمُ )
നിരുപാധികമായ അര്‍ത്ഥത്തില്‍, പാരിമിത്യത്തിന്‍റെ സൂചനപോലും തീണ്ടാത്ത ഭാഷയില്‍, പരമവും പരിപൂര്‍ണവുമായ ഔന്നത്യവും മഹത്വവും അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. മറ്റാരെക്കുറിച്ചായാലും ശരി, അവന്‍ ഉന്നതനെന്നോ മഹാനെന്നോ പറയുമ്പോള്‍, അത് തികച്ചും ആപേക്ഷികവും, സോപാധികവുമായിരിക്കുമെന്ന് മനസ്സിലാക്കുവാന്‍ അധികമൊന്നും ചിന്തിക്കേണ്ടുന്ന ആവശ്യമില്ല.
ഒരു യഥാര്‍ത്ഥം ഓര്‍മിക്കുന്നത് നന്നായിരിക്കും. അല്ലാഹുവിന്‍റെ ഗുണവിശേഷങ്ങളെയും, പ്രവര്‍ത്തനങ്ങളെയും കുറിച്ച് പ്രസ്താവിക്കപ്പെടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുതയുണ്ട്. അതായത്, 'അല്ലാഹു കാണുന്നവനാണ്, കേള്‍ക്കുന്നവനാണ്, നീതിമാനാണ്, വലിയവനാണ്, അവന്‍ കോപിച്ചു, തൃപ്തിപ്പെട്ടു, കൊടുത്തു, അയച്ചു' എന്നിത്യാദി നാമവിശേഷണങ്ങളും ക്രിയാവിശേഷണങ്ങളും അവനെപ്പറ്റി പറയുമ്പോള്‍, അവയൊക്കെ സൃഷ്ടികളെക്കുറിച്ച് പറയാറുള്ള അതേ അര്‍ത്ഥത്തിലല്ല ഉള്ളത്. അല്ലാഹുവിന്‍റെതായ ഗുണവിശേഷങ്ങളെ പ്രത്യേകം ദ്യോതിപ്പിക്കുന്ന വാക്കുകള്‍ മനുഷ്യഭാഷയില്‍ ഇല്ലാത്തതുകൊണ്ടും, അങ്ങനെ ഒരു പ്രത്യേകാര്‍ത്ഥമുള്ള ഭാഷയില്‍ അവയെപ്പറ്റി പ്രസ്താവിച്ചാല്‍ നമുക്കത് ഗ്രഹിക്കുവാന്‍ സാധ്യമല്ലാത്തതുകൊണ്ടും നമുക്ക് പരിചിതമായ വാക്കുകളില്‍ അവ പ്രസ്താവിക്കപ്പെടുന്നുവെന്നേയുള്ളൂ. അതുകൊണ്ട് അവയുടെ ഏറ്റവും പരിപൂര്‍ണവും ഏറ്റവും പരിശുദ്ധവുമായ അര്‍ത്ഥത്തില്‍ മാത്രമേ അവ വിലയിരുത്തപ്പെടാവൂ. കാരണം, അവനെപ്പോലെ ഒരു വസ്തുവും ഇല്ല. ( ليس كمثله شيء ) അവനോട് കിടയൊത്ത ഒരാളും ഇല്ല. ( وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ) ആയത്തുല്‍ കുര്‍സിയ്യിന്‍റെ വ്യാഖ്യാനം ഇമാം ഇബ്‌നുകഥീര്‍ (റ) അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: 'ഈ ആയത്തുകളിലും, അവയുടെ അര്‍ത്ഥത്തിലുള്ള ബലപ്പെട്ട ഹദീഥുകളിലും ഏറ്റവും നല്ലത് 'സലഫുസ്‌സ്വാലിഹി'ന്‍റെ (സജ്ജനങ്ങളായ മുന്‍ഗാമികളുടെ) മാര്‍ഗമാകുന്നു. ഇന്നപ്രകാരത്തിലെന്ന്, വ്യാഖ്യാനിക്കുകയോ, സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുകയോ ചെയ്യാതെ, അവ (ക്വുര്‍ആനിലും ഹദീഥിലും) വന്നപോലെ അവയെ വിട്ടേക്കുക. ഇതാണ് അവര്‍ ചെയ്തത്.' മേല്‍ കണ്ട ഒമ്പത് വാക്യങ്ങളില്‍ ഓരോന്നിലും അടങ്ങിയ തത്വയാഥാര്‍ത്ഥ്യങ്ങളെപ്പറ്റി ചിന്തിക്കുന്ന പക്ഷം, അല്ലാഹുവല്ലാതെ ആരാധ്യനില്ല (اللَّهُ لَا إِلَٰهَ إِلَّا هُوَ ) എന്ന ഒന്നാമത്തെ വാക്യത്തെ സ്ഥാപിക്കുന്നതും സ്ഥിരീകരിക്കുന്നതുമാണ് അവ ഓരോന്നും എന്ന് കാണാവുന്നതാണ്. وهو الموفق والمعين وهو يهدى السبيل
7🌹ആമന റസൂല്‍ : ആശയവും ശ്രേഷ്ഠതകളും
വിശുദ്ധ ഖുർആനിലെ രണ്ടാം അദ്ധ്യായം സൂറ: അല്‍ ബഖറയുടെ അവസാന രണ്ട് ആയത്തുകളാണ് ‘ആമന റസൂല്‍’ എന്ന പേരില്‍ അറിയപ്പെടുന്നത്......ഏറെ ശ്രേഷ്ടതയുള്ള ആയത്തുകളാണിത്.....അല്ലാഹുവിന്റെ വചനങ്ങളായ വിശുദ്ധ ഖുര്‍ആനിലെ എല്ലാ ആയത്തുകളും വളരെയേറെ മഹത്വമുള്ളവയാണെങ്കിലും ചില ആയത്തുകള്‍ക്ക് മറ്റുള്ള ആയത്തുകളേക്കാളും മഹത്വവും പ്രാധാന്യവുമുണ്ട്..... അപ്രകാരം ആമന റസൂലിനും ഏറെ ശ്രേഷ്ടതകളും പ്രത്യേകതയും ഉണ്ട്.....
🌹ആമന റസൂല്‍
ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِۦ ۚ وَقَالُوا۟ سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ ٱلْمَصِيرُ – لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا ٱكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَآ إِن نَّسِينَآ أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَآ إِصْرًا كَمَا حَمَلْتَهُۥ عَلَى ٱلَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِۦ ۖ وَٱعْفُ عَنَّا وَٱغْفِرْ لَنَا وَٱرْحَمْنَآ ۚ أَنتَ مَوْلَىٰنَا فَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَٰفِرِينَ
തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം. അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ. (ഖു൪ആന്‍:2/285-286)
🌹ആമന റസൂലിന്റെ ശ്രേഷ്ഠതകള്‍
നുഅ്മാന്‍ ഇബ്നു ബഷീറില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വ൪ഷങ്ങള്‍ക്ക് മുമ്പ് ഒരു ഗ്രന്ഥം (ലൌഹുല്‍ മഹ്ഫൂള്) രേഖപ്പെടുത്തി. അതില്‍ നിന്ന് രണ്ട് വചനങ്ങളെ അവന്‍ അവതരിപ്പിക്കുകയും അവകൊണ്ട് സൂറത്തുല്‍ ബഖറ അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവ രണ്ടും മൂന്ന് രാത്രികളില്‍ ഒരു വീട്ടില്‍ പാരായണം ചെയ്യപ്പെടുകയായാല്‍ ആ വീടിനോട് ശൈത്വാന്‍ അടുക്കുകയില്ല.
(സുനനുത്തി൪മുദി:45/3124-അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണുള്ളത്:
അവ രണ്ടും ഒരു വീട്ടില്‍ പാരായണം ചെയ്യപ്പെടുകയായാല്‍ മൂന്ന് രാവുകള്‍ ആ വീടിനോട് ശൈത്വാന്‍ അടുക്കുകയില്ല.
(ശൈഖ് അല്‍ബാനി – സ്വഹീഹുത്തര്‍ഗീബ്)
ഇബ്നു അബ്ബാസ്(റ) വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ ജിബ്’രീല്‍ (അ) നബി ﷺ യുടെ സന്നിധിയിലിരിക്കെ ഉപരിതലത്തില്‍ നിന്ന് ഒരു ശബ്ദം കേട്ടു. ഉടനെ തലയുയര്‍ത്തിയിട്ട് ജിബ്’രീല്‍ (അ) പറഞ്ഞു: ഇതാ, ഇന്നേ ദിവസം വാനലോകത്തില്‍ ഒരു കവാടം തുറക്കപ്പെട്ടിരിക്കുന്നു. ഇന്നല്ലാതെ മുമ്പൊരിക്കലും അത് തുറക്കപ്പെട്ടിട്ടില്ല. എന്നിട്ടതില്‍ നിന്ന് ഒരു മലക്ക് ഇറങ്ങി വന്നിറങ്ങി. ജിബ്’രീല്‍ (അ) വിശദീകരിച്ചു. ഇദ്ദേഹം ഭൂലോകത്തേക്ക് ഇറങ്ങിവന്നിട്ടുള്ള ഒരു മലക്കാണ്. ഇന്നേ ദിവസമല്ലാതെ മറ്റൊരിക്കലും അദ്ദേഹം ഇറങ്ങിവന്നിട്ടില്ല. അങ്ങേയ്ക്ക് സലാം ചൊല്ലിയിട്ട് അദ്ദേഹം പറയുന്നു: നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള രണ്ട് പ്രകാശം കൊണ്ട് നീ സന്തോഷിക്കൂ. നിങ്ങള്‍ക്ക് മുമ്പേ ഒരു നബിക്കും അവ രണ്ടും നല്കപ്പെട്ടിട്ടില്ല. സൂറത്തുല്‍ ഫാത്തിഹയും സുറത്തുല്‍ ബഖറയുടെ അവസാനഭാഗവും ആണത്. അവയില്‍ നിന്ന് ഒരു വിഷയവും നിങ്ങള്‍ ഓതുകയില്ല, അത് (ആ ദുആകള്‍ക്ക് ഉത്തരം) നിങ്ങള്‍ക്ക് നല്കപ്പെടാതെ
. (മുസ്ലിം:806).
🌹അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ ﷺ യെ ഇസ്റാഅ് വേളയില്‍ സിദ്റത്തുല്‍ മുന്‍തഹായുടെ അടുത്തേക്ക് കൊണ്ടുപോയി. അതാകട്ടെ ആറാം ആകാശത്തിലാകുന്നു. ഭൂമിയില്‍ നിന്ന് ഉയർന്നു പോകുന്നതൊക്കെ അവിടെ (സിദ്റത്തുല്‍ മുന്‍തഹയില്‍) എത്തും. അവിടെ നിന്നാണ് അതൊക്കെ അല്ലാഹുവിലേക്ക് കയറുന്നത്. അല്ലാഹുവില്‍ നിന്ന് ഇറങ്ങുന്നതൊക്കെ അവിടെ എത്തും. നബി ﷺ ഓതി: ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍. അദ്ദേഹം പറയുന്നു: സ്വർണ്ണം കൊണ്ടുള്ള പൂമ്പാറ്റകള്‍. അബ്ദില്ല (റ) പറയുന്നു: നബി ﷺ ക്ക് മൂന്ന് കാര്യങ്ങള്‍ (അവിടെ വെച്ച്) നല്‍കപ്പെട്ടു. അഞ്ച് നേരത്തെ (ഫ൪ള്) നമസ്കാരം നല്‍കപ്പെട്ടു, സൂറത്തുല്‍ ബഖറയിലെ അവസാന ഭാഗം (ആമന റസൂല്‍) നല്‍കപ്പെട്ടു, അദ്ദേഹത്തിന്റെ ഉമ്മത്തില്‍ ശിർക്ക് ചെയ്യാത്തവർക്ക് പാപം പൊറുക്കപ്പെടുന്നതാണ് ( എന്നതും അറിയിച്ചു).(മുസ്ലിം:173)
🌹അബൂദ൪റ്(റ),ഹുദൈഫ (റ) എന്നിവരില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സുറത്തുല്‍ ബഖറയുടെ അവസാന ആയത്തുകള്‍ (ആമന റസൂല്‍) അർശിന്റെ താഴെയുള്ള ഒരു നിക്ഷേപത്തില്‍ നിന്ന് എനിക്ക് നല്‍കപ്പെട്ടു. (സ്വഹീഹുല്‍ ജാമിഅ്)
🌹അബൂമസ്ഊദിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും രാത്രിയിൽ (ഉറങ്ങാന്‍ വേണ്ടി തന്റെ വിരിപ്പിലെത്തിയാല്‍) സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകള്‍ പാരായണം ചെയ്യുന്നുവെങ്കിൽ അത് അവന് മതിയാകുന്നതാണ്. (ബുഖാരി:5009)
🌹ആമന റസൂലിന്റെ അവതരണ പശ്ചാത്തലം.. 🌹
ആമന റസൂലിന്റെ ആശയം മനസ്സിലാക്കുന്നതിനായി അതിന്റെ അവതരണ പശ്ചാത്തലം കൂടി മനസ്സിലാക്കേണ്ടതുണ്ട്. അതിനായി ആമന റസൂലിന്റെ തൊട്ടു മുമ്പുള്ള ആയത്ത് കാണുക:
لِّلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَإِن تُبْدُوا۟ مَا فِىٓ أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ ٱللَّهُ ۖ فَيَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും. എന്നിട്ടവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
(ഖുർആന്‍:2/284)
ആകാശഭൂമികളില്‍ – അതെ, അഖിലാണ്ഡത്തില്‍ – ഉള്ള സര്‍വ്വവസ്തുക്കളും അല്ലാഹുവിന്റേതാണ്. അവന്റെ സൃഷ്ടിയും അവന്റെ ഉടമയിലുമാണ്. അവന്റെ അധികാരത്തിലും നിയന്ത്രണത്തിലുമാണ്. രഹസ്യപരസ്യമെന്നോ, ഗൂഢവ്യക്തമെന്നോ വ്യത്യാസം കൂടാതെ എല്ലാ കാര്യങ്ങളും അവനറിയാവുന്നതാണ്. അവന്റെ അടിയാന്‍മാര്‍ പ്രവര്‍ത്തനത്തിലൂടെയോ വാക്കുകളിലൂടെയോ വെളിപ്പെടുത്തുന്നതും, വെളിപ്പെടുത്താതെ മനസ്സില്‍ മറച്ചുവെക്കുന്നതുമായ എല്ലാ വിചാരവികാരങ്ങളെയും അവന്‍ അറിയുന്നു. അവയെപ്പറ്റി അവന്‍ വിചാരണ നടത്തുകയും ചെയ്യും. എന്നിട്ട് പൊറുത്തു കൊടുക്കേണ്ടവര്‍ക്ക് പൊറുത്തു കൊടുക്കുകയും, ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുകയും ചെയ്യും എന്നൊക്കെയാണ് ഈ വചനത്തിലൂടെ അല്ലാഹു ഓര്‍മിപ്പിക്കുന്നത്.
“നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും” എന്നത് നബി ﷺ യുടെ സ്വഹാബികളെ പ്രയാസപ്പെടുത്തി. അതാണ് ആമന റസൂലിന്റെ അവതരണത്തിലേക്ക് വഴിവെച്ചത്
അബൂഹുറൈറ(റ) പറയുന്നു: നബി ﷺ പറഞ്ഞു: ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും …. (2/284) എന്ന ആയത്ത് അവതരിച്ചപ്പോള്‍ സ്വഹാബികള്‍ക്ക് അത് സഹിക്കുവാന്‍ കഴിയാതായി. അവര്‍ നബി ﷺ യുടെ അടുക്കല്‍ ചെന്ന് മുട്ടുകാലില്‍ ഇരുന്നിട്ട് പറഞ്ഞു: ‘ഞങ്ങളുടെ കഴിവില്‍പെട്ട നമസ്‌കാരം, നോമ്പ്, ധര്‍മം, സമരം മുതലായ കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ ശാസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ വചനം അവതരിച്ചിരിക്കുന്നു. അത് ഞങ്ങളുടെ കഴിവിനപ്പുറമാണല്ലോ. (മനസ്സിലെ വിചാരങ്ങളെ ഉപേക്ഷിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിവില്ലല്ലോ)’ നബി ﷺ അവരോട് പറഞ്ഞു: മുമ്പ് വേദക്കാര്‍ ചെയ്തതുപോലെ, ‘ഞങ്ങള്‍ കേട്ടു, ഞങ്ങള്‍ എതിര് പ്രവര്‍ത്തിക്കുന്നു’ എന്ന് പറയാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്. ‘ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു’ എന്ന് നിങ്ങള്‍ പറയുക. അങ്ങനെ, കുറച്ചുകാലം അവര്‍ ഈ വചനം പാരായണം ചെയ്തു പരിചയപ്പെട്ടപ്പോള്‍, അവരുടെ മനഃപ്രയാസം നീങ്ങുകയും, അല്ലാഹു അടുത്ത ആയത്ത് അവതരിപ്പിച്ചു. തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം (2/285). അങ്ങനെ അവ൪ അപ്രകാരം പ്രവ൪ത്തിച്ചപ്പോള്‍ അത് (അവരെ പ്രയാസപ്പെടുത്തിയത്) നസ്ഖ് ചെയ്തുകൊണ്ട് അല്ലാഹു അടുത്ത ആയത്ത് അവതരിപ്പിച്ചു. അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ (2/286). നബി ﷺ പറഞ്ഞു: അതെ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. നബി ﷺ പറഞ്ഞു: അതെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. നബി ﷺ പറഞ്ഞു: അതെ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ. നബി ﷺ പറഞ്ഞു: അതെ. (മുസ്ലിം:125)
ഇബ്നു മർജാന്‍(റ) പറയുന്നു: “നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും” (2/284) എന്ന വചനം ഇബ്നു ഉമ൪(റ) ഓതി കരയുകയും, “അല്ലാഹുവിനെ തന്നെയാണെ സത്യം അല്ലാഹു ഇതുപ്രകാരം നമ്മെ പിടികൂടിയാല്‍ നാം നശിച്ചതു തന്നെയെന്ന് ” പറയുകയും ചെയ്തതായി ഇബ്നു അബ്ബാസ്(റ) വിന്റെ അടുക്കല്‍ പറയപ്പെട്ടു. അപ്പോള്‍ ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അല്ലാഹു അബൂ അബ്ദിറഹ്മാനോട് കരുണ ചെയ്യട്ടെ. അദ്ദേഹത്തിന് തോന്നിയത് (മറ്റ്) മുസ്ലിംകള്‍ക്കും തോന്നിയപ്പോള്‍ അവർ നബി ﷺ യാട് അതിനെ കുറിച്ച് പറയുകയും ചെയ്തപ്പോള്‍ അല്ലാഹു, എന്ന ഈ ആയത്ത് (2/286) അവതരിപ്പിച്ചു.”ഒരാളോടും അല്ലാഹു അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ” വാക്കിലും പ്രവൃത്തിയിലുമുള്ള കാര്യങ്ങള്‍ക്കാണ് പിടികൂടപ്പെടുന്നത്. [സുനന്‍ – ഇമാം ശാഫിഈ(റഹി)]
ഈ വചനവുമായി ബന്ധപ്പെട്ട് മുസ്നദുഅഹ്മദില്‍ ഇപ്രകാരം കാണാം
ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ഈ ആയത്ത് അവതരിച്ചപ്പോള്‍ നബി ﷺ യുടെ സ്വഹാബികള്‍ക്ക് ദ്വേഷ്യം കല൪ന്ന വലിയ പ്രയാസമുണ്ടായി. അവ൪ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങളൊക്കെ നശിച്ചിരിക്കുന്നു. ഞങ്ങള്‍ സംസാരിച്ചതിന് ഞങ്ങള്‍ പിടികൂടപ്പെടും, ഞങ്ങള്‍ പ്രവ൪ത്തിച്ചതിന് ഞങ്ങള്‍ പിടികൂടപ്പെടും, എന്നാല്‍ ഞങ്ങളുടെ ഹൃദയം ഞങ്ങളുടെ കൈവശമല്ലല്ലോ? (അതിനും ഞങ്ങള്‍ പിടികൂടപ്പെടുമെങ്കില്‍ ഞങ്ങളെന്ത് ചെയ്യും) അവരോട് നബി ﷺ പറഞ്ഞു: ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു എന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുവിന്‍.’ അവ൪ പറഞ്ഞു: ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അപ്പോള്‍ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു: “തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു” മുതല്‍ “ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ” വരെ (2/285-286) അങ്ങനെ മനസ്സുകള്‍ പറയുന്നത് വിട്ടുകൊടുക്കാമെന്നും പ്രവർത്തിക്കുമ്പോള്‍ പിടികൂടുന്നതാണെന്നും അല്ലാഹു അവരോട് ഏറ്റു. (മുസ്നദുഅഹ്മദ്)ഇബ്നു അബ്ബാസ്(റ) പറഞ്ഞു: നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും എന്ന ആയത്ത് അവതരിച്ചപ്പോള്‍ അവരുടെ ഹൃദയങ്ങള്‍ അടഞ്ഞതുപോലെയായി. അവരോട് നബി ﷺ പറഞ്ഞു: ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും കീഴൊതുങ്ങുകയും ചെയ്യുന്നു എന്ന് നിങ്ങള്‍ പറയുക.’ ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളില്‍ ഈമാന്‍ ഇട്ടുകൊടുത്തു. അങ്ങനെ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു: ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. അല്ലാഹു പറഞ്ഞു: ഞാന്‍ അതുപോലെ ചെയ്യാം. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. അല്ലാഹു പറഞ്ഞു: ഞാന്‍ അതുപോലെ ചെയ്യാം. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. അല്ലാഹു പറഞ്ഞു: ഞാന്‍ അതുപോലെ ചെയ്യാം. (മുസ്ലിം:126)
നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും എന്ന ആയത്ത് നസ്ഖ് ചെയ്തിരിക്കുന്നുവെന്ന പരാമ൪ശത്തെ കുറിച്ച് മുഹമ്മദ് അമാനി മൌലവി (റഹി) എഴുതുന്നു: പ്രസ്തുത സംഭവം നിവേദനം ചെയ്ത ചില സ്വഹാബികള്‍, ഈ വചനത്തെ അടുത്ത വചനം ‘നസ്ഖ്’ ചെയ്തിരിക്കുന്നുവെന്നും പ്രസ്താവിച്ചു കാണാം. ഈ വാക്കിനെ ആധാരമാക്കി ചില ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ വചനം ‘മന്‍സൂഖാ’ണെന്നും പറഞ്ഞിരിക്കുന്നു. വാസ്തവത്തില്‍, സാധാരണ പറയപ്പെടാറുള്ള- സാങ്കേതികാര്‍ത്ഥത്തിലുള്ള- നസ്ഖ് (വിധി ദുര്‍ബലപ്പെടുത്തല്‍) അല്ല അവര്‍ ആ വാക്കുകൊണ്ടുദ്ദേശിച്ചിരിക്കുന്നത്. ആദ്യം അവതരിച്ച വചനത്തിന്‍റെ ഉദ്ദേശ്യം പിന്നീട് അവതരിച്ച വചനം വിവരിച്ചു തരുന്നുവെന്നേ ആ ‘നസ്ഖ്’ന് അര്‍ത്ഥമുള്ളൂ. ഇമാം അസ്‌ക്വലാനീ (റ) മുതലായവര്‍ ഈ സംഗതി പ്രത്യേകം ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/284 ന്റെ വിശദീകരണം)
.1 സ്വഹീഹു മുസ്ലിം , വാള്യം ഒന്ന് , പേജ് 553 , ഹദീസ് : 804 .
2 സ്വഹീഹു മുസ്ലിം , വാള്യം ഒന്ന് , പേജ് 556 , ഹദീസ് : 810 .
3 സ്വഹീഹുൽ ജാമിഅ് , അൽബാനി , ഹദീസ് നമ്പർ : 6464 .
4 സ്വഹീഹുൽ ബുഖാരി , വാള്യം നാല് , പേജ് 123 , ഹദീസ് നമ്പർ 3275 .
5 സ്വഹീഹുൽ ബുഖാരി , വാള്യം അഞ്ച് , പേജ് 84 , ഹദീസ് നമ്പർ 4008 .
6 സ്വഹീഹു മുസ്ലിം , വാള്യം ഒന്ന് , പേജ് 554 , ഹദീസ് : 806 .
7 അമാനി മൗലവി തഫ്സീർ
Comments
Post a Comment