ആലുഇംറാന്‍ പ്രധാന വിഷയങ്ങളും അവതരണ പശ്ചാത്തലം
അദ്ധ്യായം :3
ആലുഇംറാന്‍ :
ജുസ്അ 3, 4
അവതരണം:മദീനയില്‍
അവതരണ ക്രമം:89
സൂക്തങ്ങള്‍:200
ഖണ്ഡികകള്‍:20
സൂറത്ത് അൽഫാലിന് ശേഷം അവതീർണമായത്
നാമം
ഈ സൂറയില്‍ ഒരിടത്ത് 'ആലുഇംറാനെ'(ഇംറാന്‍ കുടുംബത്തെ)ക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് ഒരു സൂചികയെന്നോണം ഈ സൂറയുടെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കയാണ്.
പ്രധാന വിഷയങ്ങൾ
1..അല്ലാഹുവിന്റെ ഏകത്വം
2..പ്രവാചകത്വം
3.. ഖുർആന്റെ സത്യസന്ധത
4..ഹജ്ജ്
5.പലിശ
6..സക്കാത്ത്
7..ഉഹ്ദ്
8..ബദർ
9 കപട വിശ്വാസികളുടെ സ്വഭാവം 10..ആകാശഭൂമിയുടെ സൃഷ്ടിപ്പ്
11ഈസാ നബി(അ )യുടെ ചരിത്രം
12മറിയം ബീവിയുടെ ചരിത്രം
13..സകരിയ നബി(അ )യുടെ ചരിത്രം
പ്രത്യേകതകൾ
ഉയർത്തെഴുന്നേൽപ്പിന്റെ നാളിൽ പരിശുദ്ധ ഖുർആനും അതനുസരിച്ച് പ്രവർത്തിച്ചവരും ഹാജരാക്കപ്പെടും സൂറത്തുൽ ബഖറയും ആലും ഇമ്രാനും ആയിരിക്കും അതിൽ മുന്നിൽ ഉണ്ടാവുക...
അവതരണ കാലവും ഉള്ളടക്കവും
ഈ സൂറ നാല് പ്രഭാഷണങ്ങളുള്‍ക്കൊള്ളുന്നു..
ഒന്നാം പ്രഭാഷണം സൂറയുടെ തുടക്കം മുതല്‍ നാലാം ഖണ്ഡികയുടെ ആരംഭത്തിലെ രണ്ടു വാക്യങ്ങള്‍ വരെയാണ്....മിക്കവാറും ബദ്ര്‍യുദ്ധം കഴിഞ്ഞ് അധികം താമസിയാതെയാണ് അതവതരിച്ചത്.
രണ്ടാം പ്രഭാഷണം إِنَّ اللَّهَ اصْطَفَىٰ آدَمَ وَنُوحًا وَآلَ إِبْرَاهِيمَ وَآلَ عِمْرَانَ عَلَى الْعَالَمِينَ (ആദമിനെയും നൂഹിനെയും ഇബ്‌റാഹീംകുടുംബത്തെയും ഇംറാന്‍ കുടുംബത്തെയും അല്ലാഹു മുഴുവന്‍ ലോകരില്‍വെച്ച് തന്റെ ദൗത്യത്തിനുവേണ്ടി സവിശേഷം തെരഞ്ഞെടുത്തിരിക്കുന്നു) എന്ന വാക്യം മുതലാരംഭിച്ച് ആറാം ഖണ്ഡികയുടെ അന്ത്യത്തില്‍ അവസാനിക്കുന്നു. ഇത് ഹിജ്‌റ ഒമ്പതാം വര്‍ഷം നജ്‌റാന്‍.നിവേദകസംഘം നബി(സ) തിരുമേനിയുടെ അടുക്കല്‍ വന്ന സന്ദര്‍ഭത്തിലാണവതരിച്ചത്.
മൂന്നാം പ്രഭാഷണം ഏഴാം ഖണ്ഡികയുടെ ആരംഭം മുതല്‍ പന്ത്രണ്ടാം ഖണ്ഡികയുടെ അവസാനം വരെ പോകുന്നു. ഒന്നാം പ്രഭാഷണത്തോട് തൊട്ടുതന്നെയാണ് ഇതവതരിച്ചതെന്നും മനസ്സിലാവുന്നു.
നാലാം പ്രഭാഷണം പതിമൂന്നാം ഖണ്ഡിക മുതല്‍ സൂറയുടെ അവസാനം വരെയാണ്. ഇത് ഉഹുദ്‌യുദ്ധത്തിന് ശേഷമാണ് അവതരിച്ചത്.
സംബോധനയും പ്രതിപാദ്യവിഷയങ്ങളും
ഈ വിവിധ പ്രഭാഷണങ്ങളെ കൂട്ടിയിണക്കി ഒരേക അധ്യായമാക്കിത്തീര്‍ക്കുന്നത് ഉദ്ദേശ്യലക്ഷ്യങ്ങളുടെയും കേന്ദ്രവിഷയത്തിന്റെയും ഏകീഭാവമാണ്. സൂറയുടെ സംബോധനം പ്രത്യേകമായി രണ്ടു വിഭാഗത്തോടാണ്- വേദക്കാരും (ജൂതരും ക്രിസ്ത്യാനികളും) മുഹമ്മദ് നബി(സ)യില്‍ വിശ്വസിച്ച മുസ്‌ലിംകളും.
ഒന്നാം വിഭാഗത്തെ, സൂറതുല്‍ബഖറയില്‍ തുടങ്ങിവെച്ച രീതിയില്‍ കൂടുതല്‍ ഉപദേശിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ ആദര്‍ശപരമായ മാര്‍ഗഭ്രംശത്തെയും ധാര്‍മികദൂഷ്യങ്ങളെയും ഓര്‍മിപ്പിച്ചുകൊണ്ട് അവരെ ഉദ്‌ബോധിപ്പിച്ചു: ആരംഭംതൊട്ട് സകല പ്രവാചകന്മാരും ക്ഷണിച്ചുകൊണ്ടിരുന്നതും അല്ലാഹുവിന്റെ പ്രകൃതിനിയമത്തിനൊത്തുള്ള ഏക ദീനുമായ ഇസ്‌ലാമിലേക്കാണ് ഈ ദൂതനും ഈ ഖുര്‍ആനും ക്ഷണിക്കുന്നത്. ഈ ദീനാകുന്ന ഋജുമാര്‍ഗത്തെവിട്ട് നിങ്ങള്‍ കൈക്കൊണ്ട മാര്‍ഗങ്ങള്‍ നിങ്ങളംഗീകരിച്ച വേദഗ്രന്ഥങ്ങള്‍ അനുസരിച്ചുതന്നെ ശരിയല്ല. അതിനാല്‍, നിങ്ങള്‍ക്കുതന്നെ നിഷേധിക്കാനാവാത്ത ഈ സത്യം സ്വീകരിക്കുക.
ഉത്തമ സമുദായമെന്നനിലക്ക് ഇപ്പോള്‍ സത്യത്തിന്റെ ധ്വജവാഹകരും ലോകസംസ്‌കരണത്തിന് ബാധ്യസ്ഥരുമായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന രണ്ടാം വിഭാഗത്തിന് സൂറതുല്‍ബഖറയില്‍ തുടങ്ങിവെച്ച വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു. പൂര്‍വസമുദായങ്ങളുടെ മതപരവും ധാര്‍മികവുമായ അധഃപതനത്തിന്റെ അപകടകരമായ ചിത്രം വരച്ചുകാണിച്ച്, അവരുടെ കാലടികളെ പിന്‍പറ്റുന്നത് മുസ്‌ലിംകള്‍ സൂക്ഷിക്കണമെന്ന് താക്കീത് നല്‍കുന്നു. പരിഷ്‌കര്‍ത്താക്കളുടെ ഒരു സംഘമെന്ന നിലക്ക് അവര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാനാവിധ പ്രതിബന്ധങ്ങള്‍ തുടരത്തുടരെ വലിച്ചിട്ടുകൊണ്ടിരുന്ന വേദക്കാരോടും മുനാഫിഖുകളോടും എങ്ങനെ ഇടപെടണമെന്നും അവരെ പഠിപ്പിക്കുന്നു. ഉഹുദ് യുദ്ധത്തില്‍ പ്രകടമായ തങ്ങളുടെ ബലഹീനതകള്‍ ദൂരീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.
ഇവ്വിധം, ഈ സൂറ അതിലെ വ്യത്യസ്ത ഘടകങ്ങളെ പരസ്പരം കൂട്ടിയിണക്കുന്നുണ്ടെന്ന് മാത്രമല്ല, സൂറതുല്‍ബഖറയുമായി ഇതിന് അടുത്ത ബന്ധമുള്ളതായും കാണാവുന്നതാണ്. അല്‍ബഖറയുടെ സമാപനമെന്നുതന്നെ പറയാവുന്ന ഈ സൂറയുടെ സ്വാഭാവികമായ സ്ഥാനം സൂറതുല്‍ബഖറയോട് തൊട്ടടുത്തുതന്നെയാണെന്നും സ്പഷ്ടമാകുന്നുണ്ട്.
പശ്ചാത്തലം
ഈ സൂറയുടെ ചരിത്രപരമായ പശ്ചാത്തലമിതാണ്:
1. സത്യദീനില്‍ വിശ്വസിക്കുന്നവര്‍ക്ക് നേരിടാനിരിക്കുന്ന കഷ്ടനഷ്ടങ്ങളെയും പരീക്ഷണഘട്ടങ്ങളെയും കുറിച്ച് സൂറതുല്‍ബഖറയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതെല്ലാം പൂര്‍ണശക്തിയില്‍ സംഭവിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു. ബദ്ര്‍ യുദ്ധത്തില്‍ സത്യവിശ്വാസികള്‍ വിജയംവരിച്ചെങ്കിലും ആ യുദ്ധം വാസ്തവത്തില്‍ കടന്നല്‍ക്കൂട്ടിലേക്ക് കല്ലെറിഞ്ഞതിനു തുല്യമായിരുന്നു. ഈ പ്രഥമ സായുധസംഘട്ടനം, വളര്‍ന്നുവരുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തോട് ശത്രുത പുലര്‍ത്തിക്കൊണ്ടിരുന്ന അറേബ്യയിലെ മുഴുവന്‍ ശക്തികളെയും തട്ടിയുണര്‍ത്തി. കൊടുങ്കാറ്റിന്റെയും ജലപ്രളയത്തിന്റെയും ലക്ഷണങ്ങള്‍ സര്‍വത്ര പ്രകടമായി. നിരന്തര ഭയത്തിന്റെയും അസ്വാസ്ഥ്യത്തിന്റെയും ചുറ്റുപാടിലാണ് മുസ്‌ലിംകള്‍ കഴിഞ്ഞുകൂടിയിരുന്നത്. ചുറ്റുപാടുമുള്ള ലോകത്തോട് മുഴുവന്‍ യുദ്ധവും ശത്രുതയും വിലയ്ക്കുവാങ്ങിയ മദീനയാകുന്ന ചെറുരാജ്യം ഭൂമുഖത്തുനിന്ന് എന്നേക്കുമായി തുടച്ചുനീക്കപ്പെട്ടേക്കാമെന്ന് തോന്നി. ഈ പരിതഃസ്ഥിതി മദീനയുടെ സാമ്പത്തികാവസ്ഥയെയും സാരമായി ബാധിച്ചിരുന്നു. മൂന്നക്കങ്ങള്‍കൊണ്ടെണ്ണാവുന്ന വീടുകള്‍ മാത്രമുള്ള ആ ചെറുപട്ടണത്തിലേക്ക് വന്‍തോതിലുണ്ടായ അഭയാര്‍ഥിപ്രവാഹം അവിടത്തെ സാമ്പത്തിക സമനില അപകടത്തിലാക്കിയിരുന്നു. അതിന് പുറമെ യുദ്ധാവസ്ഥ കൂടുതല്‍ കെടുതികള്‍ വരുത്തിവെക്കുകയും ചെയ്തു.
2. ഹിജ്‌റക്ക് ശേഷം മദീനയുടെ പരിസരപ്രദേശങ്ങളിലെ ജൂതഗോത്രങ്ങളുമായി നബി(സ) തിരുമേനി ചെയ്ത ഉടമ്പടികള്‍ അവരൊട്ടും പാലിച്ചില്ല. ബദ്ര്‍യുദ്ധത്തില്‍, ആ വേദക്കാരുടെ അനുഭാവം, ഏകദൈവത്തിലും പ്രവാചകത്വത്തിലും ദൈവഗ്രന്ഥത്തിലും പരലോകത്തിലും വിശ്വസിക്കുന്ന മുസ്‌ലിംകളോടായിരുന്നില്ല; വിഗ്രഹപൂജകരായ മുശ്‌രിക്കുകളോടായിരുന്നു. ബദ്ര്‍ യുദ്ധത്തിനുശേഷമാകട്ടെ, അവര്‍ പരസ്യമായിത്തന്നെ ഖുറൈശികളെയും മറ്റു അറേബ്യന്‍ ഗോത്രങ്ങളെയും മുസ്‌ലിംകള്‍ക്ക് നേരെ ഇളക്കിവിട്ട് പ്രതികാരത്തിന് പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പ്രത്യേകിച്ചും 'ബനുന്നളീര്‍' ഗോത്രത്തലവനായ കഅ്ബുബ്‌നു അശ്‌റഫ് തദ്വിഷയകമായുള്ള തന്റെ പരിശ്രമങ്ങളെ അന്ധമായ ശത്രുതയുടെയും കുടിലതയുടെയും അതിര്‍ത്തിയോളമെത്തിച്ചു. മദീനാ നിവാസികളുമായി നൂറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്ന അയല്‍വാസത്തിന്റെയും മൈത്രിയുടെയും ബന്ധങ്ങളെ ആ ജൂതന്മാര്‍ തീരെ അവഗണിച്ചുകളഞ്ഞു. അവസാനം അവരുടെ അകൃത്യങ്ങളും ഉടമ്പടി ലംഘനങ്ങളും അസഹ്യമായിത്തീര്‍ന്നപ്പോള്‍, ബദ്ര്‍യുദ്ധം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷം പ്രസ്തുത ജൂതഗോത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ദ്രോഹികളായിരുന്ന 'ബനൂ ഖൈനുഖാഇ'നു നേരെ നബി(സ) തിരുമേനി ആക്രമണം നടത്തുകയും മദീനയുടെ പരിസരത്തുനിന്ന് അവരെ പുറത്താക്കുകയും ചെയ്തു. എന്നാല്‍, ഇതോടെ ഇതര ജൂതഗോത്രങ്ങളുടെ വിദ്വേഷാഗ്നി കൂടുതല്‍ ശക്തിയില്‍ ആളിക്കത്തുകയാണുണ്ടായത്. അവര്‍ മദീനയിലെ മുനാഫിഖുകളുമായും ഹിജാസിലെ മുശ്‌രിക് ഗോത്രങ്ങളുമായും ഗൂഢാലോചനകള്‍ നടത്തി ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും സര്‍വത്ര ആപത്തുകള്‍ സൃഷ്ടിച്ചുവിട്ടു. എന്തിനേറെ, നബി(സ) തിരുമേനിയുടെ ജീവന്‍ പോലും ഏത് നിമിഷത്തിലും അപകടത്തിലാണെന്ന പ്രതീതി ഉളവായി. തിരുമേനിയുടെ നേരെ വധോദ്യമം നടന്നേക്കുമെന്ന് സദാ ഭീതിയുണ്ടായിരുന്നു. തിരുമേനിയുടെ സഖാക്കള്‍ അക്കാലത്ത് ആയുധം ധരിച്ചുകൊണ്ടാണുറങ്ങിയിരുന്നത്. രാത്രികാലത്ത് പൊടുന്നനെ ഉണ്ടാകുന്ന ആക്രമണത്തെ ഭയന്ന് അവര്‍ കാവലേര്‍പ്പാടു ചെയ്തിരുന്നു. അല്‍പസമയത്തേക്കെങ്കിലും നബി (സ) തിരുമേനി അവരുടെ ദൃഷ്ടിയില്‍നിന്നും മറഞ്ഞുപോകുന്നപക്ഷം അവര്‍ പരിഭ്രമിച്ച് തിരുമേനിയെ തേടി പുറപ്പെട്ടിരുന്നു.
3. ബദ്‌റിലെ പരാജയത്തിനുശേഷം ഖുറൈശികളുടെ ഹൃദയത്തില്‍ കത്തിജ്ജ്വലിച്ചുകൊണ്ടിരുന്ന പ്രതികാരാഗ്നിയില്‍ ജൂതന്മാര്‍ എണ്ണയൊഴിച്ചു. അങ്ങനെ ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും മക്കയില്‍നിന്ന് മുവ്വായിരം പേരടങ്ങിയ ഒരു പ്രബല സൈന്യം മദീനയെ ആക്രമിക്കുകയും ഉഹുദ് താഴ്‌വരയില്‍ വെച്ച് ഭയങ്കര പോരാട്ടം നടത്തുകയും ചെയ്തു. ഇതാണ് പ്രസിദ്ധമായ ഉഹുദ് യുദ്ധം. ഈ യുദ്ധത്തിന് നബി(സ)യോടൊന്നിച്ച്, മദീനയില്‍നിന്ന് ആയിരം പേര്‍ പുറപ്പെട്ടുവെങ്കിലും വഴിമധ്യേ മുന്നൂറു മുനാഫിഖുകള്‍ പൊടുന്നനെ മദീനയിലേക്ക് തിരിച്ചുപോയി. അവശേഷിച്ച 700 പേരില്‍പോലും മുനാഫിഖുകളുടെ ഒരു ചെറുഭാഗമുണ്ടായിരുന്നു. യുദ്ധവേളയില്‍ മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പം സൃഷ്ടിക്കാന്‍ സാധ്യമാകുന്നതെല്ലാം അവര്‍ ചെയ്തു. സ്വന്തം വീടിനുള്ളില്‍ത്തന്നെ ഇത്രയധികം വിഷപ്പാമ്പുകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അവര്‍ പുറത്തുള്ള ശത്രുക്കളുമായി കൂട്ടുചേര്‍ന്ന് സ്വസഹോദരങ്ങള്‍ക്ക് ഇവ്വിധം നാശനഷ്ടങ്ങളേല്‍പിക്കാന്‍ തുനിഞ്ഞിരിക്കുകയാണെന്നും മുസ്‌ലിംകള്‍ക്ക് പ്രത്യക്ഷത്തില്‍ മനസ്സിലായ ആദ്യസന്ദര്‍ഭമായിരുന്നു അത്.
4. ഉഹുദ് യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് നേരിട്ട പരാജയത്തില്‍ മുനാഫിഖുകളുടെ കുതന്ത്രങ്ങള്‍ക്ക് വലിയൊരു പങ്കുണ്ടായിരുന്നെങ്കിലും മുസ്‌ലിംകളുടെത്തന്നെ ബലഹീനതകളുടെ പങ്കും ഒട്ടും കുറവായിരുന്നില്ല. ഒരു പ്രത്യേക ചിന്താരീതിയുടെയും ധാര്‍മിക വ്യവസ്ഥയുടെയും അടിസ്ഥാനത്തില്‍ പുതുതായി ഉടലെടുത്ത ഒരു പാര്‍ട്ടിയായിരുന്നു അവര്‍. അവരുടെ ധാര്‍മിക സംസ്‌കരണം ഇനിയും പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നില്ല. തങ്ങളുടെ ആദര്‍ശസിദ്ധാന്തങ്ങളുടെ സംരക്ഷണത്തിനായി സമരം ചെയ്യേണ്ടിവന്ന രണ്ടാമത്തെ സന്ദര്‍ഭമായിരുന്നു അത്. അങ്ങനെയുള്ള ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ചില ബലഹീനതകള്‍ പ്രത്യക്ഷപ്പെട്ടു എന്നത് സ്വാഭാവികം മാത്രമായിരുന്നു. അതിനാല്‍, നടന്ന മുഴുവന്‍ സംഭവങ്ങളെക്കുറിച്ചും യുദ്ധത്തിനുശേഷം വിശദമായി നിരൂപണം നടത്തുകയും ഇസ്‌ലാമിക വീക്ഷണ ഗതിയനുസരിച്ച് മുസ്‌ലിംകളില്‍ കാണപ്പെട്ട ബലഹീനതകളോരോന്നായി ചൂണ്ടിക്കാണിച്ച്, തല്‍പരിഹാരാര്‍ഥമുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതാവശ്യമായി വന്നു. യുദ്ധത്തെക്കുറിച്ചുള്ള ഖുര്‍ആന്റെ നിരൂപണം ഭൗതികന്മാരായ സൈനിക നേതാക്കള്‍ യുദ്ധത്തിനുശേഷം നടത്താറുള്ള നിരൂപണങ്ങളില്‍നിന്ന് എന്തുമാത്രം വ്യത്യസ്തമാണെന്ന വസ്തുത ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്...
Comments
Post a Comment