ഖുർആൻ ചരിത്രസംഭവങ്ങൾ എപ്രകാരമാണുള്ളത്..
ഖുർആൻ ചരിത്രസംഭവങ്ങൾ എപ്രകാരമാണുള്ളത്..
ചരിത്രസംഭവങ്ങൾ വിവരിക്കുമ്പോൾ ആദ്യംതൊട്ട് അവസാനംവരെ എല്ലാവശങ്ങളും നിരത്തിക്കാട്ടുന്ന സമ്പ്രദായമല്ല ഖുർആൻ പൊതുവെ സ്വീകരിച്ചി ട്ടുള്ളത് . ഓരോ സംഭവത്തിലും പ്രത്യേകം മനസ്സിരുത്തേണ്ട പാഠങ്ങൾക്ക് പ്രാമുഖ്യം നൽകുകയാണ് പതിവ് . സത്യവിശ്വാസികളും സജ്ജനങ്ങളുമായുള്ളവർക്ക് ലഭിച്ച നേട്ടങ്ങൾ , സത്യമാർഗത്തിൽ അവർ അനുഭവിക്കേണ്ടി വന്ന ത്യാഗങ്ങളും കഷ്ടപ്പാടുകളും , അല്ലാഹു അവർക്ക് നൽകിയ സഹായം മുതലായവയും , ദുർമാർഗികൾ കൈക്കൊണ്ട അക്രമങ്ങളും താൽക്കാലികമായി അവർക്ക് ലഭിച്ച സുഖസൗകര്യങ്ങളും ഒടുക്കം അവർ അനുഭവിക്കേണ്ടി വരുന്ന കഷ്ടനഷ്ടങ്ങളും അവരുടെ പര്യവസാനവും -ഇങ്ങിനെ പലതും- മനസ്സിലാക്കുവാൻ ഉതകുന്ന ഉദാഹരണ സംഭവങ്ങളായിരിക്കും അത് ഉദ്ധരിക്കുക . അഥവാ ധാർമികഅത് ഉദ്ധരിക്കുക . അഥവാ ധാർമിക ബോധവും മനഃസംസ്കാരവും ഉളവാക്കുന്ന കഥാപാഠങ്ങളായിരിക്കും . അല്ലാതെ , നേരം പോക്കിനോ , കലാപ്രദർശനത്തിനോ വേണ്ടിയുള്ള ഒരൊറ്റ ഉദാഹരണവും അതിൽ കാണുകയില്ല . പല ചരിത്ര കഥകളും വേദക്കാർ വഴിയോ , മറ്റൊ അറബികൾക്ക് കുറെയൊക്കെ കേട്ടുപരിചയമുള്ളവയായിരിക്കും . അങ്ങിനെയുള്ള കഥകളിൽ കടന്നുകൂടിയിട്ടുള്ള അബദ്ധങ്ങളിൽ നിന്നും , അനാവശ്യഭാഗങ്ങളിൽ നിന്നും സംശുദ്ധമായിരിക്കും ഖുർആന്റെ വിവരണം . ഓരോ കഥയും , ഓരോ സംഭവവും , അവസരോചിതം -ചുരുക്കിയും വിസ്തരിച്ചും , വ്യക്തമായും , സൂചനയായും ആവർത്തിച്ചു പറയുവാൻ അത് മടിക്കാറില്ല . പക്ഷേ , ഓരോ ആവർത്തനത്തിലും പുതിയപുതിയ തത്വങ്ങളും , സാരങ്ങളും അടങ്ങിയിരിക്കുകയും ചെയ്യും . ഒന്നോ രണ്ടോ പ്രാവശ്യം മാത്രം പറഞ്ഞു മതിയാക്കിയ കഥകളും ഇല്ലാതില്ല . ചിലപ്പോൾ , കഥയുടെ നടുവിൽ നിന്നോ , ഇടയിൽ നിന്നോ ആരംഭിച്ചുകൊണ്ടായിരിക്കും മറ്റു ഭാഗങ്ങളിലേക്കു നീങ്ങുക . ചിലപ്പോൾ ഏതെങ്കിലും ഒരു വക്താവിന്റെ വാചകങ്ങൾ ഉദ്ധരിക്കുന്ന കൂട്ടത്തിലായിരിക്കും കഥയുടെ കുറേ ഭാഗങ്ങൾ അടങ്ങിയിരിക്കുക . സാധാരണ ചരിത്രകഥാവിവരണം പോലെ ,
ആദ്യാവസാനം വിസ്തരിച്ച ഒരു കഥയാണ് യൂസുഫ് നബി ( അ ) യുടെ കഥ . അതിലും വായനക്കാർക്ക് പാഠം നൽകുന്ന ഓരോ വശത്തിലേക്കും പ്രത്യേകം ശ്രദ്ധ തിരിച്ചിട്ടുണ്ട് ....
ആദം നബി ( അ ) യെ സൃഷ്ടിച്ചത് , മലക്കുകൾ അദ്ദേഹത്തിനു സുജൂദ് ചെയ്തത് , ഇബ്ലീസ് അതിന് വിസമ്മതിച്ചത് , അവൻ അല്ലാഹുവിന്റെ ശാപകോപങ്ങൾക്ക് പാത്രമായത് , അവൻ മനുഷ്യന്റെ ഒരു ശത്രുവായിത്തീർന്നത് , പ്രവാചകന്മാരായ നൂഹ് , ഹൂദ് , സ്വാലിഹ് , ഇബ്റാഹിം , ലൂത്വ് ,ശുഐബ് ( അ ) എന്നീ നബിമാരുടെയും അവരുടെ ജനതകളുടെയും കഥകൾ ;...
മൂസാ ( അ ) , ഫിർഔൻ , ഇസ്റാഈല്യർ എന്നിവരുടെ കഥകൾ ,..
മൂസാ നബി ( അ ) യുടെ കൈക്ക് വെളിപ്പെട്ട ദൃഷ്ടാന്തങ്ങൾ ,..ദാവൂദ് നബി ( അ ) യുടെയും , സുലൈമാൻ നബി ( അ ) യുടെയും കഥ , അവർക്ക് നൽകപ്പെട്ട പ്രത്യേക അനുഗ്രഹങ്ങൾ , അയ്യൂബ് നബി ( അ ) ക്കും , യൂനുസ് നബി ( അ ) ക്കും നേരിട്ട പരീക്ഷണങ്ങളും തുടർന്നു ലഭിച്ച ദൈവ കാരുണ്യങ്ങളും , സകരിയ്യാ നബി ( അ ) യുടെ പ്രാർത്ഥനാ ഫലം , ഈസാ നബി ( അ ) യുടെ ജനനസംഭവം , അദ്ദേഹത്തിന്റെ കൈക്കുണ്ടായ ദൃഷ്ടാന്തങ്ങൾ എന്നിവയെല്ലാം പലവട്ടം ആവർത്തിക്കപ്പെട്ടിട്ടുള്ളവയാണ് . ഇബ്റാഹിം നബി ( അ ) യും , നംറൂദ് രാജാവും തമ്മിലുണ്ടായ വാദപ്രതിവാദം , ഇബ്റാഹിം നബി ( അ ) ക്കു പക്ഷികളെ ജീവിപ്പിച്ചുകൊടുത്തത് , ഇസ്മാഈൽ നബി (അ ) യുടെ ബലിസംഭവം , യൂസുഫ് നബി ( അ ) യുടെ കഥ , മൂസാ നബി ( അ ) യുടെ ജനനകഥ , അദ്ദേഹം ക്വിബ്ത്വിയെ കൊന്നത് , മദ്യനിലേക്കു പോയത് , വിവാഹം കഴിച്ചത് , അല്ലാഹുവിന്റെ വചനം കേട്ടത് , ഇസ്റാഈല്യർ പശുവിനെ അറുത്തത് , മൂസാ നബി ( അ ) യും ഖിള്വ്റും ( അ ) ഒരുമിച്ചു കൂടിയത് , ത്വാലൂത്തിന്റെയും ജാലൂത്തിന്റെയും കഥ , സബഇലെ രാജ്ഞിയുടെ ( ബിൽക്വീസിന്റെയും സുലൈമാൻ നബി ( അ ) യുടെയും കഥ , ഗുഹാവാസികളുടെ ( ' അസ്വ്ഹാബുൽ കഹ്ഫി'ന്റെ ) കഥ , ദുൽക്വർനൈനിയുടെ കഥ മുതലായ പലതും അധികം ആവർത്തിക്കപ്പെട്ടിട്ടില്ലാത്തവയാകുന്നു ....
തൗഹീദിനെ സംബന്ധിച്ച കാര്യങ്ങൾ , സദാചാരോപദേശങ്ങൾ , ദുരാചാരങ്ങളെ കുറിച്ചുള്ള താക്കീതുകൾ , നബിമാരോട് സമുദായങ്ങൾ നടത്തിയ വാഗ്വാദങ്ങൾ , അതിന്റെ മറുപടികൾ , നബിമാർക്കും , സത്യവിശ്വാസികൾക്കും രക്ഷയും സഹായവും ലഭിച്ചത് . അവർ നന്ദികാണിച്ചത് . എതിരാളികൾ അനുഭവിക്കേണ്ടിവന്ന യാതനകൾ എന്നിത്യാദി വശങ്ങൾ അവയിലെല്ലാം പ്രത്യേകം എടുത്തു പറയപ്പെട്ടിരിക്കും.....
വർത്തമാന കാല സംഭവങ്ങൾ
മേൽപറഞ്ഞ കഥകളെല്ലാം , നബി ( സ )ക്ക് മുമ്പ് കഴിഞ്ഞ സംഭവങ്ങളാണല്ലോ . നബി (സ ) യുടെ കാലത്ത് നടന്ന പല സംഭവങ്ങളും ഖുർആനിൽ പ്രസ്താവിച്ചിട്ടുണ്ട് . ഈ രണ്ടു തരത്തിലുള്ള സംഭവങ്ങൾ വിവരിക്കുന്നതിൽ ഖുർആൻ ചില വ്യത്യാസങ്ങൾ സ്വീകരിച്ചു കാണാം . അതു മനസ്സിരുത്തേണ്ടതാകുന്നു . വർത്തമാനകാല സംഭവങ്ങൾ വിവരിക്കുമ്പോൾ , അവ സൂചനാ രൂപത്തിലായിരിക്കും മിക്കവാറും പ്രസ്താവിക്കപ്പെടുക . മാത്രമല്ല , ചുരുക്കം ചില സംഭവങ്ങൾ ഒഴിച്ച് ബാക്കിയുള്ളതിലെല്ലാം , കഥാപാത്രങ്ങളുടെ പേർ പ്രസ്താവിക്കപ്പെടാറുമില്ല.ശ്രോതാക്കളുടെ ഇടയിൽവച്ചു നടന്ന സംഭവങ്ങളായതു കൊണ്ട് പേര് പറയാതെത്തന്നെ കാര്യം മനസ്സിലാക്കാമെന്നത് മാത്രമല്ല അതിനു കാരണം . സമുദായത്തിലെ ഭാവി തലമുറകളിൽ , അവ ഉദ്ധരിച്ചതിന്റെ താൽപര്യം കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണെന്ന് കരുതപ്പെടാതിരിക്കുവാനും കൂടിയാകുന്നു അത് . അതിനെപ്പറ്റി കൂടുതൽ വിവരം താഴെ വരുന്നതാണ് . സൂറ : അൻഫാലിൽ ബദ്ർ യുദ്ധവും , ആലുഇംറാനിൽ ഉഹ്ദും , അഹ്സാബിൽ ഖൻദഖും , ഫത്ത്ഹിൽ ഹുദൈബിയാ സംഭവവും , ഹശ്റിൽ ബനൂ - നള്വീറും , ബറാഅത്തിൽ തബൂക്കും , അഹ്സാബിൽ സൈനബഃ ( റ ) യുടെ വിവാഹവും , നൂറിൽ ആയിശാ ( റ ) യുടെ പേരിലുണ്ടായ ആരോപണ സംഭവവും , അഹ്ഖാഫിലും , ജിന്നിലും ജിന്നുകൾ ഖുർആൻ കേട്ടതും , ബനൂഇസ്രാഈലിൽ നബി ( സ ) ബൈത്തുൽ മുഖദ്ദസിലേക്കു രാവുയാത്ര ചെയ്തതും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു . കൂടാതെ , സത്യവിശ്വാസികളിൽ ചിലരുടെ മാതൃകാ സേവനങ്ങളും , ത്യാഗങ്ങളും , അവിശ്വാസികളിൽ ചിലരുടെ കടുത്ത പ്രവർത്തനങ്ങളും , കപട വിശ്വാസികളുടെ ചില ഗൂഡപ്രവർത്തനങ്ങളും അവിടെ ഇവിടെ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്....
Comments
Post a Comment