സൂറ അത്തൗബ
അത്തൗബ :
അവതരണം:മദീനയില്‍
അവതരണ ക്രമം:113
സൂക്തങ്ങള്‍:129
ഖണ്ഡികകള്‍:16
നാമം
രണ്ടു പേരുകളില്‍ പ്രസിദ്ധമാണ് ഈ അദ്ധ്യായം- അത്തൗബ, അല്‍ബറാഅ. സത്യവിശ്വാസികളില്‍ ചിലരുടെ വൈകല്യങ്ങള്‍ക്ക് മാപ്പ് കൊടുത്തതിനെക്കുറിച്ച് ഇതിലൊരിടത്ത് പരാമര്‍ശമുള്ളതുകൊണ്ടാണ് തൗബ (പശ്ചാത്താപം) എന്നു പേര്‍ സിദ്ധിച്ചത്. അധ്യായത്തിന്റെ ആരംഭത്തില്‍ മുശ്‌രിക്കുകളോടുള്ള ഉത്തരവാദവിമുക്തിയെക്കുറിച്ച പ്രഖ്യാപനമുണ്ട്. അതാണ് ബറാഅ (വിമുക്തി) എന്ന പേരിനാസ്പദം.
ബിസ്മി എഴുതാത്തതിനു കാരണം
ഈ അധ്യായത്തിന്റെ തുടക്കത്തില്‍ 'ബിസ്മില്ലാഹിറഹ്മാനിറഹീം' എഴുതാറില്ല. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അതിന് വ്യത്യസ്ത കാരണങ്ങള്‍ പറയുന്നുണ്ട്. നബി(സ) തന്നെ ഇതിന്റെ തുടക്കത്തില്‍ ബിസ്മി എഴുതിച്ചിരുന്നില്ല. അതിനാല്‍, സ്വഹാബിമാരും എഴുതിയില്ല. പിന്‍ഗാമികളും അതേ നില തുടര്‍ന്നുപോന്നു- ഇതാണ് ഇമാം റാസിയുടെ നിഗമനം. ഇതുതന്നെയാണ് ശരിയും. നബി(സ)യില്‍നിന്ന് വിശുദ്ധ ഖുര്‍ആന്‍ അതേപടി ഏറ്റുവാങ്ങുന്നതിലും തിരുമേനിയില്‍നിന്നു ലഭിച്ച അതേവിധത്തില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിലും ദീക്ഷിക്കപ്പെട്ട കണിശതക്കും നിഷ്‌കര്‍ഷക്കും മറ്റൊരു തെളിവാണിത്.
അവതരണകാലവും പ്രഭാഷണങ്ങളും
മൂന്നു പ്രഭാഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ അധ്യായം. പ്രാരംഭം തൊട്ട് അഞ്ചാംഖണ്ഡികയുടെ അന്ത്യംവരെ നീണ്ടുനില്‍ക്കുന്നു, ഒന്നാമത്തെ പ്രഭാഷണം. ഹിജ്‌റ ഒമ്പതാം വര്‍ഷം ദുല്‍ഖഅദോ അതിനടുത്ത കാലമോ ആണ് അതിന്റെ അവതരണഘട്ടം. ആ കൊല്ലം നബി(സ) അബൂബക്‌റി(റ)നെ 'അമീറുല്‍ ഹാജ്ജ്' (ഹാജിമാരുടെ നേതാവ്) ആയി മക്കയിലേക്ക് അയച്ചുകഴിഞ്ഞപ്പോഴാണ് ഈ പ്രഭാഷണം അവതരിച്ചത്. ഉടന്‍തന്നെ, മുഴുവന്‍ അറബികള്‍ക്കും പ്രാതിനിധ്യമുള്ള ഹജ്ജ് സമ്മേളനത്തില്‍ അത് കേള്‍പ്പിക്കാനും അതില്‍ നിര്‍ദേശിക്കപ്പെട്ട കര്‍മനയം പ്രഖ്യാപിക്കാനുമായി, അബൂബക്‌റി(റ)ന്റെ പിറകെ അലി(റ)യെ തിരുമേനി അങ്ങോട്ടയക്കുകയുണ്ടായി.
രണ്ടാമത്തെ പ്രഭാഷണം ആറാം ഖണ്ഡികയുടെ ആദ്യംതൊട്ട് ഒമ്പതാം ഖണ്ഡികയുടെ അന്ത്യം വരെ തുടരുന്നു. ഹിജ്‌റ ഒമ്പത് റജബിലോ അതിനല്‍പം മുമ്പോ ആണ് ഇതവതരിച്ചത്. അപ്പോള്‍ നബി(സ) തബൂക്ക് യുദ്ധത്തിന് തയ്യാറെടുക്കുകയായിരുന്നു. സത്യവിശ്വാസികളെ ജിഹാദിന് പ്രേരിപ്പിച്ചിട്ടുണ്ട് ഇതില്‍. കാപട്യമോ വിശ്വാസദൗര്‍ബല്യമോ ആലസ്യമോ കാരണമായി ദൈവമാര്‍ഗത്തില്‍ ജീവനും ധനവും ത്യജിക്കാന്‍ സന്നദ്ധരാകാതെ സൂത്രത്തില്‍ ഒഴിഞ്ഞുമാറുന്നവരെ ശക്തിയായി അധിക്ഷേപിക്കുകയും ചെയ്തിരിക്കുന്നു.
മൂന്നാമത്തെ പ്രഭാഷണം പത്താം ഖണ്ഡികയില്‍ ആരംഭിച്ച് അധ്യായത്തിന്റെ അന്ത്യത്തിലാണവസാനിക്കുന്നത്. തബൂക്കില്‍നിന്നുള്ള മടക്കത്തിലാണതിന്റെ അവതരണം. ഇതേ കാലത്ത് വിവിധ സന്ദര്‍ഭങ്ങളിലായി അവതരിച്ച ഏതാനും പ്രഭാഷണ ശകലങ്ങളും ഇതിലുണ്ട്. ദൈവനിര്‍ദേശപ്രകാരം നബി(സ) പിന്നീടതെല്ലാം ഏകീകരിച്ച് ഒരേ പ്രഭാഷണ ശൃംഖലയില്‍ ഉള്‍ക്കൊള്ളിക്കുകയാണുണ്ടായത്. എന്നാല്‍, ഒരേ വിഷയത്തെയും ഒരേ സംഭവ പരമ്പരയെയും സ്പര്‍ശിക്കുന്നതായതിനാല്‍ പ്രഭാഷണഘടനയില്‍ ഒരു ചേര്‍ച്ചക്കുറവും തോന്നുകയില്ല. കപടവിശ്വാസികളുടെ ചലനങ്ങളെക്കുറിച്ച മുന്നറിയിപ്പ്, തബൂക്ക് യുദ്ധത്തില്‍ പങ്കെടുക്കാത്തവരുടെ നേരെ അധിക്ഷേപം, വിശ്വാസത്തില്‍ നിഷ്‌കളങ്കരെങ്കിലും ദൈവമാര്‍ഗത്തിലുള്ള സമരത്തില്‍ ഭാഗഭാക്കുകളാവാതെ വിട്ടുനിന്നവര്‍ക്ക് ആക്ഷേപത്തോടുകൂടി മാപ്പ്- ഇത്രയുമാണ് ഈ പ്രഭാഷണത്തിലടങ്ങിയത്.
അവതരണക്രമമനുസരിച്ച് ഒന്നാമത്തെ പ്രഭാഷണം ഏറ്റവും ഒടുവിലത്തെതാണെങ്കിലും വിഷയപ്രാധാന്യമനുസരിച്ച് അതിനാണ് പ്രഥമസ്ഥാനം. ആകയാല്‍ മുസ്ഹഫിന്റെ ക്രോഡീകരണത്തില്‍ നബി(സ) അതിനെ ആദ്യത്തിലും ബാക്കിയുള്ള രണ്ട് പ്രഭാഷണങ്ങള്‍ അവസാനത്തിലും ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ്.
ചരിത്ര പശ്ചാത്തലം
അവതരണകാല നിര്‍ണയാനന്തരം, നമുക്കിനി അധ്യായത്തിന്റെ ചരിത്ര പശ്ചാത്തലത്തിലേക്കൊന്ന് കണ്ണോടിക്കാം. ഇതിലെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെടുന്ന സംഭവപരമ്പരകള്‍ ഹുദൈബിയാ സന്ധിയില്‍നിന്നാണ് ആരംഭിക്കുന്നത്. ഹുദൈബിയാ വരെയുള്ള ആറ് വര്‍ഷത്തെ നിരന്തര ത്യാഗപരിശ്രമങ്ങളുടെ ഫലമായി, അറേബ്യയുടെ ഏകദേശം മൂന്നിലൊരു ഭാഗം ഇസ്‌ലാമിനധീനമായി; ഒരു സംഘടിത സമൂഹത്തിന്റെ മതമായും, ഒരു സമ്പൂര്‍ണ നാഗരിക-സാംസ്‌കാരിക വ്യവസ്ഥിതിയായും, ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ അടിസ്ഥാനമായും അത് വളര്‍ന്നു. ഹുദൈബിയാ സന്ധിക്കുശേഷം ഇസ്‌ലാമിന് അതിന്റെ സ്വാധീനം താരതമ്യേന കൂടുതല്‍ സമാധാനപരമായ ചുറ്റുപാടില്‍ നാനാ ഭാഗത്തും വികസിപ്പിക്കാനുള്ള അവസരം കൈവന്നു. (വിശദീകരണത്തിന് സൂറ അല്‍ മാഇദയുടെയും സൂറ അല്‍ ഫതഹിന്റെയും ആമുഖക്കുറിപ്പുകള്‍ നോക്കുക.) തുടര്‍ന്ന് രണ്ട് ചാലുകളിലൂടെ മുന്നേറിക്കൊണ്ടിരുന്ന സംഭവവികാസങ്ങള്‍, പില്‍ക്കാലത്ത് സുപ്രധാനമായ ചില പ്രത്യാഘാതങ്ങളുളവാക്കി. അതിലൊന്ന് അറേബ്യയുമായും മറ്റൊന്ന് റോമാസാമ്രാജ്യവുമായും ബന്ധപ്പെട്ടിരിക്കുന്നു.
അറേബ്യ കീഴടങ്ങുന്നു
ഹുദൈബിയാസന്ധിക്ക് ശേഷം ആദര്‍ശപ്രബോധനത്തിനും, നേടിയെടുത്ത ശക്തി ഭദ്രമാക്കുന്നതിനും അവലംബിക്കപ്പെട്ട നയോപായങ്ങളുടെ ഫലമായി, രണ്ടു വര്‍ഷത്തിനകം അറേബ്യയില്‍ ഇസ്‌ലാമിന്റെ സ്വാധീനവൃത്തം വളരെ വിപുലമായിത്തീര്‍ന്നു. പഴഞ്ചന്‍ ജാഹിലിയ്യത് തികച്ചും നിസ്സഹായമായിത്തീരുമാറ് ഇസ്‌ലാം വമ്പിച്ച ശക്തിയാര്‍ജിച്ചു. ഒടുവില്‍, ഖുറൈശികളിലെ കൂടുതല്‍ ആവേശഭരിതരായ വിഭാഗം പരാജയംകണ്ട് സഹിക്കാഞ്ഞ്, ഹുദൈബിയാ സന്ധി ലംഘിച്ച് ആ തടസ്സം തട്ടിമാറ്റി. ഇസ്‌ലാമുമായി അവസാനകൈനോക്കാന്‍ മുതിരുകയായിരുന്നു അവര്‍. എന്നാല്‍, സന്ധി ലംഘനത്തിനു ശേഷം നബി(സ) അവര്‍ക്ക് ഒട്ടും സാവകാശം നല്‍കിയില്ല. ഹിജ്‌റ എട്ടാം വര്‍ഷം റമദാനില്‍ അവിടുന്ന് പെട്ടെന്നുള്ള സായുധ പ്രവര്‍ത്തനത്തിലൂടെ മക്കയെ മോചിപ്പിച്ചു. (നോക്കുക സൂറ അല്‍ അന്‍ഫാല്‍ കുറിപ്പ്:43(8:43)) അനന്തരം പഴഞ്ചന്‍ ജാഹിലിയ്യാ വ്യവസ്ഥിതിയുടെ ഒടുക്കത്തെ പിടച്ചിലാണ് ഹുനൈന്‍ യുദ്ധത്തില്‍ നടന്നത്. മക്ക കീഴടങ്ങിയതോടെ സമ്പൂര്‍ണ വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇസ്‌ലാമിക വിപ്ലവ സംസ്‌കരണ പ്രസ്ഥാനത്തെ തടഞ്ഞുനിര്‍ത്താനായി, ഹവാസിന്‍, ഥഖീഫ്, നദ്ര്‍, ജുശം തുടങ്ങിയ ജാഹിലിയ്യാഗോത്രങ്ങള്‍ സര്‍വ ശക്തിസന്നാഹങ്ങളോടെ ഹുനൈനില്‍ താവളമടിച്ചു. പക്ഷേ, ആ ശ്രമവും വിഫലമാവുകയാണുണ്ടായത്. ഹുനൈന്‍ വിജയത്തോടെ അറേബ്യയുടെ ഭാഗധേയം ഖണ്ഡിതമായി നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഇനിമേല്‍ അത് ഇസ്‌ലാമിക ഗേഹമായിട്ടേ നിലകൊള്ളൂ! തുടര്‍ന്ന് ഒരു വര്‍ഷം തികഞ്ഞില്ല, അറേബ്യയുടെ ഭൂരിഭാഗവും ഇസ്‌ലാമികാധിപത്യത്തിന് കീഴിലായി. ജാഹിലിയ്യത്തിന്റെ ഏതാനും ശിഥില ശകലങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടന്നിരുന്നുവെന്നു മാത്രം. ഇതേകാലത്ത് വടക്ക്, റോമന്‍ അതിര്‍ത്തികളിലുണ്ടായ ചില സംഭവങ്ങള്‍ ഈ വിജയപ്രക്രിയയെ പൂര്‍ണതയിലെത്തിക്കുന്നതിനു കൂടുതല്‍ സഹായകമായിത്തീര്‍ന്നു. മുപ്പതിനായിരം വരുന്ന ഒരു പ്രബല സൈന്യവുമായി നബി(സ) അങ്ങോട്ട് ചെന്നതില്‍ പ്രദര്‍ശിപ്പിച്ച ധൈര്യവും മുസ്‌ലിംകളെ നേരിടുന്നതില്‍ റോമക്കാര്‍ കാണിച്ച ദൗര്‍ബല്യവും അറേബ്യയാസകലം തിരുമേനിക്കും ഇസ്‌ലാമിനും വമ്പിച്ച മതിപ്പും ബഹുമാനവും നേടിക്കൊടുത്തു. അതുകൊണ്ടുതന്നെ, തിരുമേനി തബൂക്കില്‍നിന്ന് മടങ്ങിയെത്തുമ്പോഴേക്കും അറേബ്യയുടെ നാനാ ഭാഗത്തുനിന്നും ഒന്നിനു പിറകെ മറ്റൊന്നായി പ്രതിനിധിസംഘങ്ങള്‍ (വുഫൂദ്) വന്ന്, ഇസ്‌ലാമിനോട് കൂറ് പ്രഖ്യാപിച്ചുതുടങ്ങി. (ഇങ്ങനെ, വിവിധ ഗോത്രങ്ങളുടെയും നേതാക്കളുടെയും രാജാക്കന്മാരുടെയും പ്രതിനിധികളായി വന്ന സംഘങ്ങളെപ്പറ്റി ഹദീസ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം എഴുപതോളം സംഘങ്ങളുണ്ടായിരുന്നു അവര്‍ അറേബ്യയുടെ വടക്കും തെക്കും, കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍നിന്ന് പ്രതിനിധിസംഘങ്ങള്‍ വരികയുണ്ടായി.) ഈ അവസ്ഥാവിശേഷത്തെയാണ് ഖുര്‍ആന്‍ വര്‍ണിക്കുന്നത്:
إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ -١- وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا -٢
(ദൈവസഹായം സമാഗതമാവുകയും വിജയം ലഭിക്കുകയും ജനങ്ങള്‍ കൂട്ടംകൂട്ടമായി ദൈവികദീനില്‍ പ്രവേശിക്കുന്നത് താങ്കള്‍ കാണുകയും ചെയ്യുമ്പോള്‍...)
തബൂക്ക് യുദ്ധം
റോമാസാമ്രാജ്യവുമായുള്ള വടംവലി മക്കാവിജയത്തിനു മുമ്പുതന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഹുദൈബിയാ സന്ധിക്കുശേഷം അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്‌ലാംമത പ്രചാരണാര്‍ഥം നബിതിരുമേനി അയച്ചിരുന്ന പ്രബോധനസംഘങ്ങളിലൊന്ന് വടക്കുഭാഗത്ത് സിറിയന്‍ അതിര്‍ത്തിക്ക് തൊട്ടുകിടക്കുന്ന ഗോത്രവര്‍ഗങ്ങളിലേക്കും ചെന്നു. റോമാസാമ്രാജ്യത്തിന്റെ സ്വാധീനവലയത്തിലായിരുന്ന ഈ ഗോത്രക്കാര്‍ കൂടുതലും ക്രിസ്ത്യാനികളായിരുന്നു. ദാത്തുത്ത്വല്‍ഹ് അഥവാ ദാത്തുല്‍ അത്വ്‌ലാഹ് എന്ന സ്ഥലത്തുവെച്ച് പ്രബോധകസംഘത്തിലെ പതിനഞ്ചു പേരെ ഇവര്‍ വധിച്ചുകളഞ്ഞു. സംഘം നേതാവ് കഅ്ബുബ്‌നു ഉമൈരില്‍ ഗിഫാരി മാത്രമേ രക്ഷപ്പെട്ട് മടങ്ങിയെത്തിയുള്ളൂ. ഇതേകാലത്ത് ബുസ്വ്‌റായുടെ തലവനായ ശുറഹ്ബീലുബ്‌നു അംറിന്റെ അടുത്തേക്കും തിരുമേനി ഇസ്‌ലാമിക സന്ദേശം അയച്ചിരുന്നു. എന്നാല്‍, തിരുമേനിയുടെ ദൂതന്‍ ഹാരിസുബ്‌നു ഉമൈറിനെ അയാള്‍ വധിക്കുകയാണുണ്ടായത്. ക്രൈസ്തവനായ ഈ ബുസ്വ്‌റാ നേതാവ് റോമാ ചക്രവര്‍ത്തിയുടെ സാമന്തനായിരുന്നു. ഇക്കാരണത്താല്‍ ഹിജ്‌റ എട്ടാം വര്‍ഷം ജമാദുല്‍ ഊലായില്‍ തിരുമേനി മുവ്വായിരം മുജാഹിദുകള്‍ അടങ്ങുന്ന ഒരു സൈന്യത്തെ സിറിയന്‍ അതിര്‍ത്തിയിലേക്കയച്ചു. മേലാല്‍ ഈ പ്രദേശം മുസ്‌ലിംകള്‍ക്കൊരു സമാധാന മേഖലയായിത്തീരാനും അവിടത്തുകാര്‍ മുസ്‌ലിംകളെ ദുര്‍ബലരെന്ന് കരുതി കൈയേറ്റം ചെയ്യാന്‍ ധൈര്യപ്പെടാതിരിക്കാനും ആയിരുന്നു ഈ നടപടി. മുസ്‌ലിംസൈന്യം 'മആനി'ന് സമീപത്തെത്തിയപ്പോള്‍, ശുറഹ്ബീല്‍ ലക്ഷം വരുന്ന വമ്പിച്ച സൈന്യവുമായി പുറപ്പെട്ടിട്ടുണ്ടെന്ന് അറിവായി. റോമാചക്രവര്‍ത്തി സീസര്‍തന്നെ ഹിംസില്‍താവളമടിച്ചിട്ടുണ്ടെന്നും തന്റെ സഹോദരന്‍ തിയോഡോറിന്റെ നായകത്വത്തില്‍ ലക്ഷം വരുന്ന മറ്റൊരു സൈന്യത്തെ അയച്ചിട്ടുണ്ടെന്നും വിവരം ലഭിച്ചു. എന്നാല്‍, സംഭ്രമജനകമായ ഈ വാര്‍ത്തകള്‍ ലഭിച്ചുകൊണ്ടിരുന്നപ്പോഴും മുവ്വായിരം ധീരാത്മാക്കളുടെ ആ കൊച്ചുസംഘം മുന്നോട്ടുതന്നെ ഗമിക്കുകയും മുഅ്ത്ത എന്ന സ്ഥലത്തുവെച്ച് ശുറഹ്ബീലിന്റെ ലക്ഷം വരുന്ന സൈന്യവുമായി ഏറ്റുമുട്ടുകയും ചെയ്തു. ഈ ധീരസാഹസികതയില്‍ ഇസ്‌ലാമികയോദ്ധാക്കള്‍ പറ്റെ ചതഞ്ഞരഞ്ഞുപോകേണ്ടതായിരുന്നു. എന്നാല്‍, ഒന്നും മുപ്പത്തി മൂന്നും തമ്മിലുണ്ടായ ഈ സംഘട്ടനത്തില്‍ അവിശ്വാസികള്‍ക്ക് മുസ്‌ലിംകളെ ജയിക്കാന്‍ കഴിഞ്ഞില്ല. ഈ ദൃശ്യം അറേബ്യയേയും മധ്യപൗരസ്ത്യദേശങ്ങളെ ആകെത്തന്നെയും അദ്ഭുതസ്തബ്ധരാക്കി. സിറിയയേയും സമീപസ്ഥമായ അര്‍ധസ്വതന്ത്ര അറേബ്യന്‍ ഗോത്രങ്ങളെയും, കിസ്‌റായുടെ അധീനത്തിലിരുന്ന, ഇറാഖിന്റെ സമീപത്തുള്ള നജ്ദീഗോത്രങ്ങളെപ്പോലും ഇസ്‌ലാമിന്റെ ഭാഗത്തേക്കാകര്‍ഷിച്ചതും അവരില്‍ ആയിരക്കണക്കിനാളുകളെ ഇസ്‌ലാം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതും ഇതേ സംഭവമായിരുന്നു. ബനൂ സുലൈം (അബ്ബാസുബ്‌നു മിര്‍ദാസുസ്സുല്‍മിയാണവരുടെ നായകന്‍), അശ്ജഅ്, ഗഥ്ഫാന്‍ ദുബ്‌യാന്‍ ഫസാറഎന്നീ ഗോത്രങ്ങളില്‍ പെട്ടവര്‍ ഇസ്‌ലാമാശ്ലേഷിച്ചതും ഇതേ കാലത്താണ്. റോമാസാമ്രാജ്യത്തിന്റെ കീഴില്‍ അറബി സൈന്യങ്ങളുടെ കമാണ്ടറായ ഫര്‍വതുബ്‌നു അംരില്‍ ജുദാമി ഇസ്‌ലാം സ്വീകരിച്ചതും ഇക്കാലത്തുതന്നെ. ഇദ്ദേഹം തന്റെ വിശ്വാസത്തെ ചോരകൊടുത്ത് സാക്ഷ്യപ്പെടുത്തിയ സംഭവം അയല്‍പ്രദേശങ്ങളെയാകെ നടുക്കിക്കളഞ്ഞു. ഫര്‍വത് ഇസ്‌ലാം സ്വീകരിച്ചതറിഞ്ഞ സീസര്‍ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി കൊട്ടാരത്തിലേക്ക് വരുത്തിക്കുകയും രണ്ടിലൊന്ന് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു: ഇസ്‌ലാം ഉപേക്ഷിക്കുക, അതിന്റെ ഫലമായി തനിക്ക് മോചനം ലഭിക്കുമെന്ന് മാത്രമല്ല, കമാണ്ടര്‍ പദവി തിരിച്ചുകിട്ടുകയും ചെയ്യും; അഥവാ ഇസ്‌ലാമില്‍ തുടര്‍ന്നുകൊണ്ട് വധശിക്ഷ അനുഭവിച്ചുകൊളളുക. ഫര്‍വത് സന്തോഷപൂര്‍വം ഇസ്‌ലാമിനെ തിരഞ്ഞെടുക്കുകയും സത്യമാര്‍ഗത്തില്‍ ജീവനര്‍പ്പിക്കുകയും ചെയ്തു. അറേബ്യയില്‍നിന്ന് ഉയിര്‍കൊണ്ട് റോമാസാമ്രാജ്യത്തിലേക്ക് വളര്‍ന്നുകൊണ്ടിരുന്ന 'അപകട ഭീഷണി'യുടെ ഗൗരവം സീസര്‍ക്ക് ബോധ്യമാക്കിക്കൊടുത്ത സംഭവങ്ങളായിരുന്നു ഇതെല്ലാം.
അടുത്ത വര്‍ഷംതന്നെ മുസ്‌ലിംകളോട് മുഅ്ത്തായുദ്ധത്തിന് പകരംവീട്ടാനായി, സീസര്‍ സിറിയന്‍ അതിര്‍ത്തികളില്‍ സൈനിക സജ്ജീകരണമാരംഭിച്ചു. ചുവടൊപ്പിച്ച് ഗസ്സാനിലെയും മറ്റും അറബിത്തലവന്മാരും സൈന്യശേഖരം തുടങ്ങി. തിരുമേനി ഒന്നിനെക്കുറിച്ചും അറിയാതിരുന്നില്ല. ഇസ്‌ലാമിക പ്രസ്ഥാനത്തെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കുന്ന ഏറ്റവും നിസ്സാരമായ ചലനങ്ങളെക്കുറിച്ചുപോലും തിരുമേനി സദാബോധവാനായിരുന്നു. അവിടുന്ന് ഈ സജ്ജീകരണങ്ങളുടെ അര്‍ഥം മനസ്സിലാക്കാന്‍ വൈകിയില്ല. ഒട്ടും സംശയിച്ചുനില്‍ക്കാതെ, സീസറിന്റെ വമ്പിച്ച ശക്തിയുമായി ഏറ്റുമുട്ടാന്‍ തീരുമാനിച്ചു. ഈ സന്ദര്‍ഭത്തില്‍ അണുവോളം ദൗര്‍ബല്യം കാണിച്ചിരുന്നെങ്കില്‍ അന്നോളം നേടിയെടുത്തതെല്ലാം തകര്‍ന്നുപോയേനെ. ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന അറേബ്യന്‍ ജാഹിലിയ്യത്, ഹുനൈനില്‍ അവസാനത്തെ പ്രഹരം ഏറ്റുവാങ്ങിയെങ്കിലും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുമായിരുന്നു. മദീനയിലെ കപടവിശ്വാസികളാണ് മറുവശത്ത്. അബൂആമിര്‍ എന്ന പുരോഹിതന്‍ മുഖേന ഗസ്സാനിലെ ക്രൈസ്തവരാജാവുമായും സീസറുമായിത്തന്നെയും അവര്‍ക്ക് രഹസ്യവേഴ്ചകളുണ്ടായിരുന്നു. തങ്ങളുടെ കുത്തിത്തിരിപ്പുകള്‍ക്ക് മതത്തിന്റെ മറയിടാനായി മദീനക്ക് തൊട്ടടുത്ത് മസ്ജിദുദ്ദിറാര്‍ പണിതിട്ടുമുണ്ടായിരുന്നു അവര്‍. ഇസ്‌ലാമിനെ ഗളച്ഛേദം ചെയ്യാന്‍ തക്കംപാര്‍ത്തിരുന്ന ഇക്കൂട്ടര്‍ ശരിക്കും സന്ദര്‍ഭം ഉപയോഗപ്പെടുത്തുമായിരുന്നു. സീസറാകട്ടെ, നേരിട്ടുതന്നെ കടന്നാക്രമിക്കാന്‍ കോപ്പുകൂട്ടുകയും. ഇറാനികള്‍ക്ക് പരാജയമേല്‍പിച്ചതിനെ തുടര്‍ന്ന് സമീപ-വിദൂര ദേശങ്ങളാസകലം സീസറിന്റെ പ്രൗഢി നിറഞ്ഞുനിന്ന ഘട്ടമായിരുന്നു അത്. ഈ മൂന്ന് ഭയങ്കര വിപത്തുകളുടെ സംഘടിത മുന്നേറ്റത്തില്‍, അതുവരെ വിജയംവരിച്ചുകൊണ്ടിരുന്ന ഇസ്‌ലാമികശക്തി പെട്ടെന്ന് തകര്‍ന്നുപോകുമായിരുന്നു. സത്യപ്രബോധനത്തെസ്സംബന്ധിച്ചിടത്തോളം വിധിനിര്‍ണായകമായ ജീവന്മരണ പ്രതിസന്ധിയാണിതെന്ന് മനസ്സിലാക്കി നബിതിരുമേനി, അതിദുഷ്‌കരമായ പ്രശ്‌നങ്ങള്‍ നിലവിലിരിക്കെത്തന്നെ, യുദ്ധസന്നാഹത്തിന് പൊതുകല്‍പന നല്‍കി. നാട്ടില്‍ കഠിനമായ ക്ഷാമവും വരള്‍ച്ചയും. അത്യുഗ്രമായ ഉഷ്ണം. കൊയ്ത്തടുത്ത കാലം. വാഹനങ്ങളും സാധന സാമഗ്രികളുമൊരുക്കുന്നതിലുള്ള കടുത്ത പ്രയാസം. പണത്തിന്റെ കുറവ്. ലോകത്തിലെ രണ്ട് വന്‍ശക്തികളിലൊന്നിനെയാണ് നേരിടാന്‍ പോകുന്നതും. ഈ സന്ദിഗ്ധഘട്ടത്തില്‍ തിരുമേനി പതിവിന് വിപരീതമായി യാത്രോദ്ദേശ്യം തുറന്നുപ്രഖ്യാപിച്ചു. അതുവരെ എല്ലാ യുദ്ധങ്ങളിലും പോകുന്ന സ്ഥലത്തെയും നേരിടാനുള്ള ശത്രുവിനെയും പറ്റി അവസാനസമയം വരെ ആര്‍ക്കും ഒരറിവും നല്‍കാതിരിക്കുകയായിരുന്നു അവിടത്തെ സമ്പ്രദായം. എന്നല്ല, മദീനയില്‍നിന്ന് പുറപ്പെട്ടശേഷവും ഉദ്ദിഷ്ടലക്ഷ്യത്തിലേക്ക് സാധാരണ മാര്‍ഗംതെറ്റി വളഞ്ഞ വഴിയിലൂടെയാണ് യാത്ര ചെയ്യാറുള്ളതും. എന്നാല്‍, ഇത്തവണ അത്തരം മറകളെല്ലാം മാറ്റിവെച്ച്, റോമാ സാമ്രാജ്യത്തോടാണേറ്റുമുട്ടുന്നതെന്നും സിറിയയിലേക്കാണ് പോകുന്നതെന്നും തിരുമേനി വ്യക്തമാക്കുകയുണ്ടായി.
സന്ദര്‍ഭത്തിന്റെ നിര്‍ണായക സ്വഭാവത്തെക്കുറിച്ച് അറേബ്യയില്‍ എല്ലാവരും ബോധവാന്മാരായിരുന്നു. പഴഞ്ചന്‍ ജാഹിലിയ്യത്തിന്റെ അവശേഷിച്ച ആരാധകര്‍ക്ക് അവസാനത്തെ പ്രതീക്ഷാകിരണമായിരുന്നു അത്. റോമാ സാമ്രാജ്യവും ഇസ്‌ലാമും തമ്മില്‍ നടക്കാന്‍പോകുന്ന സംഘട്ടനത്തിന്റെ ഫലമറിയാന്‍ അവര്‍ അക്ഷമരായി കാത്തുനില്‍ക്കുകയായിരുന്നു. കാരണം, ഇതല്ലാതൊരിടത്തും പ്രതീക്ഷയുടെ ലാഞ്ഛനപോലും കാണാനില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. തങ്ങളെസ്സംബന്ധിച്ചിടത്തോളം ഇതവസാനത്തെ സന്ദര്‍ഭമാണെന്ന് മുനാഫിഖുകളും കണക്കുകൂട്ടിയിരുന്നു. സിറിയന്‍ യുദ്ധമുഖത്ത് ഇസ്‌ലാമിന് തിരിച്ചടി ലഭിക്കയാണെങ്കില്‍ ആഭ്യന്തരരംഗത്ത് കുഴപ്പത്തിന്റെ കൊടികുത്താമെന്ന പ്രതീക്ഷയിലാണവര്‍ മസ്ജിദുദ്ദിറാര്‍ പണിതത്. മുസ്‌ലിംകളുടെ സമരസന്നാഹത്തെ തകിടംമറിക്കാന്‍ സാധ്യമായ എല്ലാ തന്ത്രങ്ങളും അവര്‍ പ്രയോഗിച്ചുനോക്കി. മറുവശത്ത്, യഥാര്‍ഥ വിശ്വാസികളും പൂര്‍ണ ബോധവാന്മാരായിരുന്നു. തങ്ങള്‍ ഇരുപത്തിരണ്ട് വര്‍ഷമായി ജീവരക്തം നല്‍കി വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തിന്റെ ഭാഗധേയം ത്രാസിലാടുകയാണെന്ന് അവര്‍ക്കറിയാമായിരുന്നു. ഈ ഘട്ടത്തില്‍ ധൈര്യം പ്രകടിപ്പിക്കുകയെന്നാല്‍ പ്രസ്ഥാനത്തിന്റെ സാര്‍വലൗകിക വികാസത്തിന് കവാടം തുറക്കപ്പെടുക എന്നാണര്‍ഥം; ധൈര്യക്ഷയം കാണിക്കുന്നതിനര്‍ഥം അറേബ്യയില്‍ത്തന്നെ പ്രസ്ഥാനത്തിന് നില്‍ക്കക്കള്ളി ഇല്ലാതാവുകയെന്നും. ഈ തീവ്രമായ ബോധം ആത്മാര്‍പ്പണബദ്ധരായ ആ സത്യസേവകരെ സാവേശം യുദ്ധസന്നദ്ധരാക്കി. സാധന സാമഗ്രികളൊരുക്കാന്‍ ഓരോരുത്തരും കഴിവില്‍കവിഞ്ഞ് മുന്നോട്ടുവന്നു. ഉസ്മാനും(റ) അബ്ദുര്‍റഹ്മാനുബ്‌നു ഔഫും(റ)വന്‍തുകകള്‍ സംഭാവനചെയ്തു. ഉമര്‍ (റ) ആയുഷ്‌കാല സമ്പാദ്യത്തിന്റെ പാതിഭാഗം സമര്‍പ്പിച്ചു. അബൂബക്ര്‍(റ) ആകട്ടെ, ജീവിതസമ്പാദ്യം മുഴുക്കെ സമര്‍പ്പിച്ചു. ദരിദ്ര സ്വഹാബികള്‍ അധ്വാനിച്ചും കൂലിവേല ചെയ്തും തങ്ങളാലാവുന്നത് സ്വരൂപിച്ച് തിരുസന്നിധിയില്‍ ഹാജരാക്കി. സ്ത്രീകള്‍ ആഭരണങ്ങള്‍ അഴിച്ചുകൊടുത്തു. ആവേശഭരിതരായ വളന്റിയര്‍ സംഘങ്ങള്‍ നാനാഭാഗത്തുനിന്നും പ്രവഹിച്ചുകൊണ്ടിരുന്നു. ജീവന്‍ ബലി നല്‍കാനൊരുങ്ങിവന്ന ആ ധീരാത്മാക്കള്‍ ആയുധവും വാഹനവും ഒരുക്കിക്കൊടുക്കാനാവശ്യപ്പെട്ടു. വാഹനം ലഭിക്കാത്തവര്‍ കരയുന്നുണ്ടായിരുന്നു. അവര്‍ പ്രകടിപ്പിച്ച ആത്മാര്‍ഥതയുടെ ഊഷ്മളത തിരുമേനിയെ വികാരാധീനനാക്കി. ഈ സന്ദര്‍ഭം സത്യവിശ്വാസവും കപടവിശ്വാസവും പ്രയോഗത്തില്‍ വേര്‍തിരിച്ചറിയാനുള്ള ഉരകല്ലായിരുന്നു. ഈ ഘട്ടത്തില്‍ വല്ലവരും പുറകോട്ടടിക്കുകയെന്നാല്‍ ഇസ്‌ലാമുമായി തനിക്കുള്ള ബന്ധത്തിന്റെ സത്യാവസ്ഥയെ സംശയാസ്പദമാക്കുക എന്നര്‍ഥമായിരുന്നു. അതിനാല്‍ത്തന്നെ, തബൂക്ക് യാത്രാമധ്യേ പിന്തിരിഞ്ഞുപോകുന്നവരെപ്പറ്റിയെല്ലാം സ്വഹാബികള്‍ നബി(സ)ക്ക് അപ്പപ്പോള്‍ വിവരം നല്‍കിക്കൊണ്ടിരുന്നു. പെട്ടെന്ന് നബി(സ) ഉത്തരം നല്‍കിക്കൊണ്ടുമിരുന്നു:
دَعُوه فَانْ يَكُ فِيهِ خَيرٌ فَسَيَلحقهُ اللهُ بِكُم واِنْ يَكُ غَيرَ ذَلِكَ فَقَدْ اَرَاحكُمُ الله مِنْه
(വിട്ടേക്കുക. അവരില്‍ വല്ല നന്മയുമുണ്ടെങ്കില്‍ അല്ലാഹു വീണ്ടുമവരെ നിങ്ങളോട് ചേര്‍ക്കും. അഥവാ, അങ്ങനെയല്ലെങ്കില്‍ അല്ലാഹു അവരില്‍നിന്ന് നിങ്ങളെ രക്ഷിച്ചുവല്ലോ!)
ഹിജ്‌റ ഒമ്പത് റജബ് മാസം മുപ്പതിനായിരം ഭടന്മാരുമായി നബി(സ) സിറിയയിലേക്ക് തിരിച്ചു. അവരില്‍ പതിനായിരം പേര്‍ക്കേ വാഹനസൗകര്യമുണ്ടായിരുന്നുള്ളൂ. ഒട്ടകം കുറവായിരുന്നതിനാല്‍ ഓരോ ഒട്ടകപ്പുറത്തും ഒട്ടേറെ പേര്‍ മാറിമാറി യാത്രചെയ്യുകയാണുണ്ടായത്. പോരാത്തതിന് ഉഷ്ണാധിക്യവും ജല ദൗര്‍ലഭ്യവും! എന്നാല്‍, ഈ നിര്‍ണായക ഘട്ടത്തില്‍ മുസ്‌ലിംകള്‍ പ്രദര്‍ശിപ്പിച്ച കറകളഞ്ഞ ആത്മസ്ഥൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിഫലം തബൂക്കിലെത്തിയതോടെ അവര്‍ക്ക് റൊക്കമായിത്തന്നെ തിരിച്ചുകിട്ടി. സീസറും കിങ്കരന്മാരും ഏറ്റുമുട്ടാന്‍ നില്‍ക്കാതെ, അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചുവെന്ന വാര്‍ത്തയാണ് തബൂക്കില്‍ അവരെ സ്വാഗതംചെയ്തത്. ശത്രു സ്ഥലംവിട്ട സ്ഥിതിക്ക് യുദ്ധത്തിന്റെ ആവശ്യംതന്നെ അവശേഷിച്ചില്ല. റോമക്കാരുടെ സൈന്യശേഖരത്തെക്കുറിച്ച് തിരുമേനിക്ക് ലഭിച്ചിരുന്ന വിവരംതന്നെ അപ്പടി തെറ്റായി പുലര്‍ന്നുവെന്നാണ്, പൊതുവെ ഈ സംഭവത്തെസ്സംബന്ധിച്ച ചരിത്രകാരന്മാരുടെ വിവരണത്തില്‍നിന്ന് തോന്നുക. എന്നാല്‍, യഥാര്‍ഥത്തില്‍ സംഭവം മറിച്ചായിരുന്നു. സീസര്‍ സൈന്യശേഖരം ആരംഭിച്ചിരുന്നെങ്കിലും സന്നാഹങ്ങള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പായി നബി(സ) അവരെ നേരിടാനെത്തിയതിനാല്‍ അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുകയല്ലാതെ ഗത്യന്തരമുണ്ടായിരുന്നില്ല. മുഅ്ത്താ യുദ്ധത്തില്‍ മുവ്വായിരവും ഒരു ലക്ഷവും ഏറ്റുമുട്ടിയതിന്റെ തിക്താനുഭവം സീസര്‍ കണ്ടതാണ്. ഇപ്പോള്‍ നബിതിരുമേനി നേരിട്ട് നേതൃത്വംനല്‍കുന്ന മുപ്പതിനായിരം മുസ്‌ലിംഭടന്‍മാര്‍ക്കെതിരെ ഒന്നോ രണ്ടോ ലക്ഷവുമായി രംഗത്തുവരാന്‍ സ്വാഭാവികമായും റോമാ തലവന്‍ ധൈര്യപ്പെട്ടില്ലെന്നതാണ് വാസ്തവം.
ഇങ്ങനെ സീസറിന്റെ ഒഴിഞ്ഞുമാറ്റം നേടിക്കൊടുത്ത ധാര്‍മിക വിജയത്തില്‍ തല്‍ക്കാലം തൃപ്തിയടഞ്ഞ നബി(സ) ആ ഘട്ടത്തില്‍ തബൂക്കില്‍നിന്ന് മുമ്പോട്ടുപോയി സിറിയന്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കാനിഷ്ടപ്പെട്ടില്ല. പകരം വിജയത്തിന്റെ അനുകൂലാന്തരീക്ഷത്തെ പരമാവധി രാഷ്ട്രീയ-സൈനിക നേട്ടങ്ങള്‍ക്കുപയോഗപ്പെടുത്തുന്നതിനാണ് മുന്‍ഗണന കൊടുത്തത്. അവിടുന്ന് ഇരുപത് ദിവസം തബൂക്കില്‍ താവളമടിച്ചു, റോമന്‍ സാമ്രാജ്യത്തിനും ഇസ്‌ലാമിക രാഷ്ട്രത്തിനും മധ്യത്തില്‍ കിടക്കുന്നതും അതുവരെ റോമന്‍ ആധിപത്യത്തിലിരുന്നതുമായ ഒട്ടേറെ ചെറു രാജ്യങ്ങളെ സൈനിക സമ്മര്‍ദത്തിലൂടെ, ഇസ്‌ലാമിക രാഷ്ട്രത്തിനു കപ്പം നല്‍കുന്നവരും വിധേയരുമാക്കി. ഇങ്ങനെ മുസ്‌ലിംരാഷ്ട്രത്തിന് ജിസ്‌യ നല്‍കാന്‍ സമ്മതിച്ചവരില്‍ യഥാക്രമം ദൂമതുല്‍ ജന്‍ദലിലെയും ഐലാത്തിലെയും ക്രിസ്തീയ നേതാക്കളായ ഉകൈദിറുബ്‌നു അബ്ദില്‍മലികില്‍ കിന്‍ദിയുംയൗഹന്നാനുബ്‌നു റുഅ്ബയും, മഖ്‌ന, ജര്‍ബാഅ് അസ്‌റുഹ് എന്നിവിടങ്ങളിലെ ക്രൈസ്തവ തലവന്മാരും പെടുന്നു. ഇസ്‌ലാമിന്റെ അധികാര സീമ റോമന്‍സാമ്രാജ്യാതിര്‍ത്തിവരെ ചെന്നെത്തിയതാണിതിന്റെ ഫലം. അതേവരെ റോമാചക്രവര്‍ത്തിമാര്‍ അറേബ്യക്കെതിരെ ഉപയോഗപ്പെടുത്തിവന്ന അറബി ഗോത്രങ്ങളധികവും ഇപ്പോള്‍ റോമക്കാര്‍ക്കെതിരില്‍ മുസ്‌ലിംകളുടെ സഹായികളായി മാറുകയും ചെയ്തു. റോമന്‍ സാമ്രാജ്യവുമായി സുദീര്‍ഘമായൊരു വടംവലിയില്‍ ചെന്നുപെടുന്നതിന് മുമ്പെ ഇസ്‌ലാമിന് അറേബ്യയുടെമേല്‍ അതിന്റെ പിടിമുറുക്കാന്‍ വേണ്ടത്ര സാവകാശം ലഭിച്ചുവെന്നതായിരുന്നു സര്‍വപ്രധാനമായ നേട്ടം. പഴഞ്ചന്‍ ജാഹിലിയ്യത്തിന്റെ പുനഃസ്ഥാപനം സ്വപ്നംകണ്ടു നടന്ന പ്രഖ്യാപിത മുശ്‌രിക്കുകളുടെയും ഇസ്‌ലാമിന്റെ വേഷമിട്ട മുനാഫിഖുകളുടെയും നട്ടെല്ലൊടിച്ചുകളയാന്‍ തബൂക്കിലെ യുദ്ധരഹിത വിജയംകൊണ്ട് സാധിച്ചു. ഇതുളവാക്കിയ അന്തിമ നൈരാശ്യം ഇസ്‌ലാമില്‍ അഭയം തേടുകയല്ലാതെ രക്ഷയില്ലെന്ന അവസ്ഥാവിശേഷത്തിലാണ് അവരിലധികം പേരെയും ചെന്നെത്തിച്ചത്. സത്യവിശ്വാസത്തിന്റെ മഹത്തായ അനുഗ്രഹം അവര്‍ക്ക് നേരിട്ട് അനുഭവവേദ്യമായില്ലെങ്കില്‍പോലും തങ്ങളുടെ ഭാവിതലമുറകള്‍ ഇസ്‌ലാമില്‍ പൂര്‍ണമായി ലയിച്ചുചേരാന്‍ അത് കാരണമായി. പിന്നീടും ശിര്‍ക്ക്-ജാഹിലിയ്യത്തുകളില്‍ ഒട്ടിപ്പിടിച്ചുനിന്നത് നാമമാത്ര ന്യൂനപക്ഷമായിരുന്നു. അവരാകട്ടെ, ദൈവനിര്‍ദിഷ്ടമായ ഇസ്‌ലാമിക സംസ്‌കരണ വിപ്ലവത്തിന്റെ വിജയപരിസമാപ്തിക്ക് പ്രതിബന്ധംനില്‍ക്കാന്‍ കെല്‍പില്ലാത്തവിധം അത്രക്ക് ദുര്‍ബലരും നിസ്സഹായരുമായിക്കഴിഞ്ഞിരുന്നുതാനും.
പ്രശ്‌നങ്ങളും പ്രതിപാദ്യങ്ങളും
ഈ ചരിത്ര പശ്ചാത്തലം മുമ്പില്‍വെക്കുമ്പോള്‍ അന്ന് നിലവിലിരുന്നതും സൂറതുത്തൗബയില്‍ പരാമര്‍ശിക്കപ്പെട്ടതുമായ സുപ്രധാന പ്രശ്‌നങ്ങള്‍ നമുക്കെളുപ്പത്തില്‍ തിട്ടപ്പെടുത്താവുന്നതാണ്:
i) അറേബ്യയുടെ ഭരണസംവിധാനം പൂര്‍ണമായും സത്യവിശ്വാസികളുടെ ഹസ്തങ്ങളില്‍ അര്‍പ്പിതമാവുകയും പ്രതികൂല ശക്തികളെല്ലാം നിഷ്‌ക്രിയമാവുകയും ചെയ്തതിനാല്‍ അറേബ്യയെ ഒരു സമ്പൂര്‍ണ ഇസ്‌ലാമിക ഗേഹമാക്കുന്നതിനനിവാര്യമായ നയപരിപാടി വ്യക്തമായി മുന്നില്‍ വരേണ്ടതുണ്ടായിരുന്നു. ചുവടെ കൊടുത്ത വിധമാണത് രൂപം നല്‍കപ്പെട്ടത്.
a) അറേബ്യയില്‍നിന്ന് ശിര്‍ക്കും ശിര്‍ക്ക്‌വ്യവസ്ഥിതിയും പാടെ വിപാടനം ചെയ്യപ്പെടണം. കാരണം, ഇസ്‌ലാമിന്റെ കേന്ദ്രം എന്നേക്കും കളങ്കമറ്റ ഇസ്‌ലാമിക കേന്ദ്രമായിത്തന്നെ നിലകൊള്ളേണ്ടതുണ്ട്. മറ്റൊരു ഘടകവും അതിന്റെ ഇസ്‌ലാമിക സ്വഭാവത്തില്‍ കളങ്കം ചാര്‍ത്തുകയോ വിപദ്ഘട്ടത്തില്‍ ആഭ്യന്തരകുഴപ്പത്തിന് കളമൊരുക്കുകയോ ചെയ്യരുത്. ഈ ഉദ്ദേശ്യാര്‍ഥം മുശ്‌രിക്കുകളോട് വിമുക്തിപ്രഖ്യാപനവും അവരുമായി ഉടമ്പടികളവസാനിപ്പിച്ചതായുള്ള വിളംബരവും നടത്തപ്പെട്ടിരിക്കുന്നു.
b) കഅ്ബയുടെ ഭരണനിയന്ത്രണം വിശ്വാസികളുടെ കൈയില്‍ വന്ന സ്ഥിതിക്ക് ഏകദൈവാരാധനക്കായി മാത്രം പണിതുയര്‍ത്തപ്പെട്ട ആ പുണ്യഭവനത്തില്‍ മുറക്ക് ശിര്‍ക്കും ബഹുദൈവാരാധനയും തുടരുന്നതും അതിന്റെ പരിപാലനം (തൗലിയത്) മുശ്‌രിക്കുകളുടെ കൈകളിലിരിക്കുന്നതും ഒട്ടും ആശാസ്യമായിരുന്നില്ല. അതിനാല്‍, മേലില്‍ കഅ്ബാ പരിപാലനം ഏകദൈവവിശ്വാസികളുടെ നിയന്ത്രണത്തിലായിരിക്കണമെന്നും ദൈവിക ഭവനത്തിന്റെ പരിസരങ്ങളില്‍ ശിര്‍ക്കിന്റെയും ജാഹിലിയ്യത്തിന്റെയും എല്ലാ ആചാരങ്ങളും ശക്തി പ്രയോഗിച്ച് തടയപ്പെടേണ്ടതാണെന്നും അനുശാസിക്കപ്പെട്ടു. മാത്രമല്ല, ഇബ്‌റാഹീം (അ) പണിത ഈ പവിത്ര ഭവനം ശിര്‍ക്കുകൊണ്ട് പങ്കിലമാക്കാന്‍ ഒരു സാധ്യതയും അവശേഷിക്കരുതെന്നതിനാല്‍ മേലാല്‍ മുശ്‌രിക്കുകള്‍ അതിനെ സമീപിക്കുന്നതുപോലും നിരോധിക്കപ്പെട്ടു.
c) അറേബ്യയുടെ നാഗരിക ജീവിതത്തില്‍ പഴഞ്ചന്‍ ജാഹിലിയ്യത്ത് വിട്ടേച്ചുപോയ ആചാരാവശിഷ്ടങ്ങള്‍, പുതിയ ഇസ്‌ലാമികാന്തരീക്ഷത്തില്‍ തുടര്‍ന്നുപോകുന്നത് ഒട്ടും അഭികാമ്യമായിരുന്നില്ല. അതിനാലവയുടെ നിര്‍മാര്‍ജനത്തിലേക്ക് മുസ്‌ലിംകളുടെ ശ്രദ്ധ തിരിച്ചുവിട്ടു. നസീഅ് സമ്പ്രദായം (യുദ്ധനിഷിദ്ധ മാസങ്ങളില്‍ മാറ്റംവരുത്തല്‍) ആയിരുന്നു പ്രസ്തുത ആചാരങ്ങളില്‍ ഏറ്റവും നികൃഷ്ടമായത്. ഈ ദുരാചാരത്തിന് നേരിട്ടുള്ള പ്രഹരമേല്‍പിച്ച് മറ്റു ജാഹിലിയ്യാ സമ്പ്രദായങ്ങളോടനുവര്‍ത്തിക്കേണ്ടുന്ന നയമെന്തെന്ന് മുസ്‌ലിംകളെ ധരിപ്പിക്കുകയുണ്ടായി.
ii) അറേബ്യയില്‍ ഇസ്‌ലാമിക ദൗത്യം പൂര്‍ണ വിജയം വരിച്ചതിനെത്തുടര്‍ന്ന് അറേബ്യക്ക് പുറത്ത് സത്യദീനിന്റെ സ്വാധീനവൃത്തം വിപുലപ്പെടുത്തുകയെന്ന സുപ്രധാനമായ രണ്ടാം ഘട്ടത്തിലേക്ക് പ്രസ്ഥാനം കാലെടുത്തുവെക്കുകയായിരുന്നു. ഇവിടെ റോമയുടെയും പേര്‍ഷ്യയുടെയും രാഷ്ട്രീയ ശക്തിയാണ് ഏറ്റവും വലിയ പ്രതിബന്ധമായിനിന്നത്. അതിനാല്‍, അറേബ്യയിലെ പ്രശ്‌നങ്ങളില്‍നിന്ന് മോചനം ലഭിച്ച ഉടന്‍ ആ പ്രബല ശക്തിയുമായി സംഘട്ടനം അനിവാര്യമായിത്തീര്‍ന്നു. കൂടുതല്‍ മുന്നോട്ടു പോകുമ്പോള്‍ മറ്റ് അനിസ്‌ലാമിക രാഷ്ട്രീയ-നാഗരിക വ്യവസ്ഥകളുമായും ഏറ്റുമുട്ടേണ്ടിവരുമായിരുന്നു. ആകയാല്‍, അറേബ്യക്ക് പുറത്ത് സത്യമതാവലംബികളല്ലാത്ത ജനവിഭാഗങ്ങള്‍ ഇസ്‌ലാമിന്റെ മേലധികാരം അംഗീകരിക്കാത്തപക്ഷം അവരുടെ സ്വേച്ഛാധികാര വാഴ്ച അവസാനിപ്പിക്കണമെന്ന് മുസ്‌ലിംകള്‍ക്ക് നിര്‍ദേശം നല്‍കപ്പെട്ടു. സത്യദീനില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും തീര്‍ച്ചയായും അവര്‍ക്കവകാശമുണ്ട്. എന്നാല്‍, ദൈവത്തിന്റെ ഭൂമിയില്‍ സ്വകല്‍പിത നിയമങ്ങള്‍ അടിച്ചേല്‍പിക്കാനോ മനുഷ്യസമൂഹങ്ങളുടെ ഭരണനിയന്ത്രണം കൈയിലൊതുക്കി, തങ്ങളുടെ വഴിപിഴച്ച വിശ്വാസാചാരങ്ങള്‍ തലമുറകളില്‍ ബലാല്‍ക്കാരം വെച്ചുകെട്ടാനോ അവര്‍ക്കവകാശമില്ല. ഇസ്‌ലാമിക രാഷ്ട്രത്തിന് വിധേയരായിരിക്കാമെന്നും ജിസ്‌യ നല്‍കിക്കൊള്ളാമെന്നും സമ്മതിച്ചശേഷം, സ്വന്തം വിശ്വാസമനുസരിച്ചുള്ള അബദ്ധ ജീവിതരീതികളവലംബിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. അതിലുപരി ദൈവത്തിന്റെ സൃഷ്ടികളില്‍ സ്വന്തം ജീവിതവൈകൃതങ്ങള്‍ വെച്ചുകെട്ടാന്‍ അവരെ അനുവദിക്കുന്നതല്ല.
iii) മൂന്നാമത്തെ മുഖ്യ പ്രശ്‌നം മുനാഫിഖുകളായിരുന്നു. ഇതേവരെ താല്‍ക്കാലിക താല്‍പര്യങ്ങള്‍ പരിഗണിച്ച് അവരുടെ നേരെ അവഗണനയും വിട്ടുവീഴ്ചാനയവും കൈക്കൊള്ളുകയാണുണ്ടായത്. ഇപ്പോള്‍ ബാഹ്യഭീഷണികളുടെ സമ്മര്‍ദം മിക്കവാറും ഇല്ലാതായ സ്ഥിതിക്ക് മേലില്‍ അവരോട് സൗമ്യനയം അവലംബിക്കരുതെന്നാജ്ഞാപിക്കപ്പെട്ടു. തെളിഞ്ഞ സത്യനിഷേധികളോടെന്നപോലെ ഈ ഒളിഞ്ഞ നിഷേധികളോടും കര്‍ക്കശനയം അവലംബിക്കേണ്ടതാണ്. ഇതേ കര്‍ക്കശ നയമനുസരിച്ചായിരുന്നു തബൂക്ക് യുദ്ധസന്നാഹകാലത്ത് സുവൈലമിന്റെ വീട് അഗ്നിക്കിരയാക്കാന്‍ തിരുമേനി കല്‍പന കൊടുത്തത്. മുസ്‌ലിംകളെ യുദ്ധസംരംഭത്തില്‍നിന്ന് നിരുത്സാഹപ്പെടുത്തുകയെന്ന ലക്ഷ്യംവെച്ച് ഒരു സംഘം കപടവിശ്വാസികള്‍ അവിടെ ഒത്തുകൂടുക പതിവായിരുന്നു. മസ്ജിദുദ്ദിറാര്‍തകര്‍ത്ത് തീവെച്ച് നശിപ്പിക്കാന്‍ കല്‍പിച്ചതും ഇതേ നയത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെ. തബൂക്കില്‍നിന്ന് മടങ്ങിവന്ന ഉടന്‍ നബി(സ) ആദ്യം ചെയ്ത കാര്യം അതായിരുന്നു.
iv) യഥാര്‍ഥ വിശ്വാസികളില്‍ അപ്പോഴും കുറെയെല്ലാം കണ്ടുവന്നിരുന്ന ദൗര്‍ബല്യവും ധൈര്യക്ഷയവും അനിവാര്യമായും പരിഹരിക്കേണ്ടതുണ്ടായിരുന്നു. എന്തുകൊണ്ടെന്നാല്‍, ഇസ്‌ലാമിക പ്രസ്ഥാനം സാര്‍വലൗകിക ഘട്ടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. മുസ്‌ലിം അറേബ്യ തനിച്ച് അമുസ്‌ലിം ലോകത്തോടാകമാനം ഏറ്റുമുട്ടാന്‍പോകുന്ന ഈ നിര്‍ണായകഘട്ടത്തില്‍ വിശ്വാസദൗര്‍ബല്യത്തേക്കാള്‍ അപകടകരമായി ഒരു ആഭ്യന്തര വിപത്തും ഇസ്‌ലാമിക സംഘടനക്കുണ്ടാവാനില്ല. അതിനാല്‍, തബൂക്ക് യുദ്ധവേളയില്‍ ആലസ്യവും ധൈര്യക്ഷയവും കാണിച്ച ആളുകള്‍ അതികര്‍ക്കശമായ അധിക്ഷേപത്തിനു വിധേയരായി. ന്യായമായ കാരണം കൂടാതെ യുദ്ധത്തില്‍നിന്ന് ഒഴിഞ്ഞുമാറിയവരുടെ ചെയ്തി, അവരുടെ വിശ്വാസവൈകല്യത്തിന്റെ പ്രത്യക്ഷ തെളിവാണെന്നും സമര്‍ഥിക്കപ്പെട്ടു. ഭാവിയില്‍ ദൈവവചനത്തിന്റെ ഉന്നമനാര്‍ഥമുള്ള ത്യാഗസമരങ്ങളും, ഇസ്‌ലാമും കുഫ്‌റും തമ്മിലുണ്ടാകുന്ന സംഘട്ടനവുംതന്നെയാണ് സത്യവിശ്വാസം മാറ്റുരച്ചുനോക്കാനുള്ള സാക്ഷാല്‍ ഉരകല്ലെന്നും അസന്ദിഗ്ധമായി പ്രഖ്യാപിക്കപ്പെട്ടു. സത്യാസത്യ സംഘട്ടനത്തില്‍ ഇസ്‌ലാമിനുവേണ്ടി ജീവനും ധനവും സമയവും അധ്വാനവും വിനിയോഗിക്കാതെ ഒഴിഞ്ഞുമാറുന്നവരുടെ വിശ്വാസംതന്നെ പരിഗണനീയമല്ല. ഈ വശത്തിലുള്ള വൈകല്യം മറ്റ് മതകര്‍മങ്ങള്‍കൊണ്ടൊന്നും പരിഹരിക്കാവുന്നതുമല്ല.
ഇത്രയും കാര്യങ്ങള്‍ മുമ്പില്‍വെച്ച് സൂറതുത്തൗബ പാരായണം ചെയ്യുന്നപക്ഷം പ്രതിപാദ്യവിഷയങ്ങള്‍ എളുപ്പം മനസ്സിലാക്കാവുന്നതാണ്.
Comments
Post a Comment