ഹുസൈനുബ്നു അലിയ്യിബ്നി അബീത്വാലിബ്
ഹുസൈൻ(റ).
ഹസൻ (റ )നെപ്പോലെത്തന്നെ തിരുദൂതർ
പേരിട്ടു വിളിക്കുകയും ലാളിച്ചുവളർത്തുകയും ചെയ്ത ഫാത്വിമ(റ)യുടെ രണ്ടാമത്തെ മകനാണ് ഹുസൈൻ(റ). അബൂഅബ്ദില്ല ഹുസൈനുബ്നു അലിയ്യിബ്നി അബീത്വാലിബ്(റ). ജനനം ഹിജ്റ വർഷം നാലിൽ.
"ഹുസൈൻ(റ )എന്നിൽ നിന്നുള്ളവനാണ്. ഞാൻ ഹുസൈനിൽ നിന്നുള്ളവനും. അല്ലാഹുവേ, ഹുസൈനെ ആര് ഇഷ്ടപ്പെടുന്നുവോ അവനെ നീയും ഇഷ്ടപ്പെടേണമേ" നബി(സ്വ) ഒരിക്കൽ ഹുസൈനെ കൈയിലെടുത്തുകൊണ്ടു പറഞ്ഞു. (ഫദാഇലുസ്സ്വഹാബ 1361).
"ഹുസൈൻ ഇഹലോകത്തിന്റെ സുഗന്ധമാണെന്നും (ബുഖാരി 3762) സ്വർഗത്തിൽ യുവാക്കളുടെ നേതാവാണെന്നും (സുനനു തുർമുദീ 5/656)" തിരുനബി പറഞ്ഞിട്ടുണ്ട്.
സമാധാനപ്രിയനും ഐക്യത്തിന്നായി അധികാരം ത്യജിക്കുന്നവനുമായ സഹോദരൻ ഹസന്റെ(റ) നിലപാടിനോട് ഹുസൈന്(റ) പൂർണമായ യോജിപ്പില്ലായിരുന്നു. അതുകൊണ്ടുതന്നെ മുആവിയ(റ)യുടെ മരണാനന്തരം അധികാരമേറ്റ മകൻ യസീദിനെ ഹുസൈൻ അംഗീകരിച്ചില്ല. ഹുസൈന്റെ(റ) കൂടെ അബ്ദുല്ലാഹിബ്നു സുബൈറും(റ) ചേർന്നു. ഇവരെ രണ്ടുപേരെയും സൂക്ഷിക്കണമെന്ന് മരണവേളയിൽ മുആവിയ(റ) യസീദിന് മുന്നറിയിപ്പും നൽകിയിരുന്നു.
യസീദിന് ബൈഅത്ത് ചെയ്യാതെ മദീനയിൽ നിന്ന് മക്കയിലെത്തിയ ഹുസൈന്(റ) കൂഫയിലേക്ക് ക്ഷണം ലഭിച്ചു. കൂഫയിലേക്ക് തിരിച്ചുവരണമെന്നും ഖിലാഫത്ത് ഏറ്റെടുക്കണമെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. നിജസ്ഥിതിയറിയാൻ മുസ്ലിമുബ്നുഅഖീലിനെ ഹുസൈൻ(റ )
കൂഫയിലേ ക്കയച്ചു. അവസ്ഥ അനുകൂലമാണെന്ന് മുസ്ലിമും സ്ഥിരീകരിച്ചു.
എന്നാൽ ഇബ്നുഅബ്ബാസ് ഉൾപ്പെടെയുള്ള സ്വഹാബി വര്യന്മാർ ഹുസൈനെ(റ )പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കവി ഫറസ്ദഖ് ഹുസൈനോട് പറഞ്ഞതിങ്ങനെ "കൂഫക്കാർ നിന്നെ വഞ്ചിക്കും അവരുടെ ഹൃദയം നിന്നോടൊപ്പമായിരിക്കും. എന്നാൽ കൈകൾ നിനക്കെതിരെ ഉയരുകയും ചെയ്യും" (ബിദായ വന്നിഹായ 11/510). എന്നാൽ ഇതൊന്നും വകവെക്കാതെ ഹുസൈൻ(റ) ഇറാഖിലെ കൂഫയിലേക്ക് കുടുംബസമേതം പോവുകയായിരുന്നു.
ഇതിനിടെ കൂഫയിലെ അവസ്ഥ മാറി. പുതിയ ഗവർണറായി ചുമതലയേറ്റ ഉബൈദുല്ലാഹിബ്നു സിയാദ് ഹുസൈന്റെ(റ )അനുയായികളെ വധിക്കുകയും അദ്ദേഹത്തിനും സംഘത്തിനുമെതിരെ സൈന്യത്തെ അയക്കുകയും ചെയ്തു.
ഹിജ്റ 61 മുഹർറം 10ന് കർബലയിലെത്തിയ ഹുസൈനെ(റ)യും സംഘത്തിലെ പുരുഷൻ മാരെയും സൈന്യം നിഷ്ഠൂരമായി വധിച്ചു. സ്ത്രീകളെയും ഹുസൈന്റെ(റ) മകൻ സൈനുൽ ആബിദീനെയും വെറുതെ വിടുകയും ചെയ്തു....
Comments
Post a Comment