ഖുർആൻ വ്യാഖ്യാതാക്കൾ
ഖുർആൻ വ്യാഖ്യാതാക്കൾ
🤲🤲🤲🤲🤲🤲🤲🤲
വിശുദ്ധ ഖുർആന്‍റെ ഒന്നാമത്തെ വ്യാഖ്യാതാവും,
ഏറ്റവും വലിയ വ്യാഖ്യാതാവും - അതെ, അതിന്റെ സാക്ഷാൽ വ്യാഖ്യാതാവ് - നബിതിരുമേനി ﷺ യാണെന്നും, തിരുമേനിയിൽ നിന്ന് സ്വഹാബികൾ ഖുർആന്‍റെ വ്യാഖ്യാനംമുഖാമുഖമായി കേട്ടു പഠിച്ചും, ചോദിച്ചറിഞ്ഞും കൊണ്ടിരുന്നുവെന്നും നാം കണ്ടുവല്ലോ. തിരുമേനിയുടെ കാലശേഷം, അവർ അന്യോന്യം അന്വേഷിച്ചും, ചർച്ച നടത്തിയും ഖുർആൻവിജ്ഞാനങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുക പതിവായിരുന്നു. ഓരോരുത്തർക്കും അല്ലാഹുനൽകിയ ബുദ്ധിശക്തി, അന്വേഷണ സൗകര്യം, ജ്ഞാനഭാഗ്യം ആദിയായവയുടെതോതനുസരിച്ച് വ്യക്തികൾക്കിടയിൽ ഏറ്റപ്പറ്റുണ്ടായിരിക്കുമെന്ന് മാത്രം.
അങ്ങനെ, സ്വഹാബികളുടെ കൂട്ടത്തിൽ, ഖുർആൻ വ്യാഖ്യാന വിജ്ഞാനത്തിൽ കൂടുതൽപ്രാമുഖ്യം നേടിയിരുന്നവർ വിശിഷ്യാ പത്തുപേരായിരുന്നു. ‘ഖുലഫാഉർ റാശിദീൻ’ എന്നറിയപ്പെടുന്ന ആദ്യത്തെ ഖലീഫഃമാരായ അബൂബക്കർ (റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ) എന്നിവരും താഴെ കാണുന്ന ആറുപേരുമാണത്: അന്തരിച്ച ഹിജ്റാ വർഷമാണ്ബ്രാക്കറ്റിൽ.
1. അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (32)
2. അബ്ദുല്ലാഹ് ഇബ്നു അബ്ബാസ് (86)
3. ഉബയ്യുബ്നു കഅബ്(20)
4. സൈദുബ്നു ഥാബിത്ത്(45)
5. അബൂമൂസൽ അശ്അരി(44)
6. അബ്ദുല്ലാഹ് ഇബ്നു സുബൈർ (73)
ഖുലഫാഉർ റാശിദുകളുടെ കൂട്ടത്തിൽ അലി (റ)യിൽ നിന്നാണ് കൂടുതൽ തഫ്സീറുകൾനിവേദനം ചെയ്യപ്പെട്ടിട്ടുള്ളത്. അതിലും കൂടുതലായിട്ടാണ് ഇബ്നുമസ്ഊദ് (റ)ൽ നിന്ന്ലഭിക്കുന്നത്. ഇബ്നു അബ്ബാസ് (റ) ആകട്ടെ, ‘തർജുമാനുൽ ഖുർആൻ (ഖുർആന്റെപരിഭാഷകൻ) എന്നും’, ഹിബ്റുൽ ഉമ്മ (حبر الامة - സമുദായത്തിലെ പണ്ഡിതൻ) എന്നുമുള്ള അപരനാമങ്ങളാൽ പ്രസിദ്ധിനേടിയ മഹാനും, നബി ﷺയുടെ പ്രത്യേകപ്രാർത്ഥന ലഭിക്കുവാൻ ഭാഗ്യം സിദ്ധിച്ച വ്യക്തിയുമാണ്.
ഇബ്നു അബ്ബാസ് (റ)ൽ നിന്ന് തഫ്സീറുകൾ നിവേദനം ചെയ്യപ്പെടുന്ന മാർഗങ്ങൾപ്രധാനമായി നാലെണ്ണമാകുന്നു.
(1). ഹിജ്റഃ 143 ൽ മരണമടഞ്ഞ അലിയ്യുബ്നു ത്വൽഹഃ മുഖേന. ഇബ്നു അബ്ബാസ് (റ)ൽനിന്ന് ഇദ്ദേഹം വഴി രിവായത്ത് ചെയ്യപ്പെടുന്ന തഫ്സീറുകളാണ് ഇമാം ബുഖാരിഅദ്ദേഹത്തിന്‍റെ ഗ്രന്ഥത്തിൽ സ്വീകരിച്ചിട്ടുള്ളത്.
(2) ഹിജ്റഃ 120ല്‍ മരണപ്പെട്ട ക്വൈസുബ്നു മുസ്‌ലിം മുഖേന.
(3). പ്രസിദ്ധ ചരിത്രകാരനായ ഇബ്നു ഇസ്ഹാഖ് മുഖേന.
(4). ഹിജ്റഃ 146ൽ മരണപ്പെട്ട 'കൽബി' എന്ന മുഹമ്മദ് ബ്നു സാഇബ് മുഖേന. ഈനാലാമത്തെ മാർഗമാണ് ഇവയിൽ വെച്ച് ബലഹീനമായത്. ഇതുപോലെത്തന്നെ‘സുദ്ദിസ്വഗീർ’ (ചെറിയ സുദ്ദി) എന്നറിയപ്പെടുന്ന മുഹമ്മദുബ്നു മർവാന്‍റെ മാർഗവുംവളരെ ബലഹീനമായതാകുന്നു. ഇബ്നു അബ്ബാസ് (റ)ൽ നിന്ന് വിവിധ മാർഗങ്ങളിൽ കൂടിലഭിച്ച തഫ്സീറുകളെ ശേഖരിച്ചുകൊണ്ട് എഴുതപ്പെട്ട ഒരു ഗ്രന്ഥമാണ് ‘ഇബ്നുഅബ്ബാസിന്‍റെ തഫ്സീർ'تفسير ابن عباس എന്ന പേരിൽ അറിയപ്പെടുന്ന ഗ്രന്ഥം. പ്രസിദ്ധഅറബി നിഘണ്ടുവായ ഖാമൂസി (القاموس)ന്‍റെ കർത്താവ് ഫൈറൂസാബാദിയാണ്ഇതിന്‍റെ കർത്താവ്.
നബി ﷺയുടെ കാലത്ത് തന്നെ ഖുർആൻ മനഃപാഠമാക്കിയവരിൽ ഒരാളും, നല്ലഓത്തുകാരനുമായിരുന്നു ഉബയ്യുബ്നു കഅ്ബ്(റ). റമദ്വാൻ മാസത്തിലെ രാത്രിനമസ്കാരത്തിൽ ഉമർ (റ) ജനങ്ങൾക്ക് ഇമാമായി നിശ്ചയിച്ചത് അദ്ദേഹത്തെയായിരുന്നു. നബി ﷺയുടെ എഴുത്തുകാരിൽപെട്ട ഒരു പ്രധാനിയും, അബൂബക്കർ (റ)ന്‍റെ കാലത്ത്ഖുർആൻ ശേഖരിച്ച് ‘മുസ്ഹഫാ’ക്കിയ ആളുമാണ് സൈദ്ബ്നു ഥാബിത്ത് (റ). ഉഥ്മാൻ(റ)ന്‍റെ കാലത്ത് മുസ്ഹഫിന്‍റെ പകർപ്പുകളെടുത്ത സംഘത്തിന്‍റെ തലവനും അദ്ദേഹംതന്നെ. ഈ സംഘത്തിൽപ്പെട്ട ഒരു അംഗം തന്നെയായിരുന്നു അബ്ദുല്ലാഹിബ്നുസുബൈറും (റ). അബൂമൂസൽ അശ്അരി (റ) ഒരു നല്ല ഓത്തുകാരനായിരുന്നുവെന്നും, നബി ﷺ അദ്ദേഹത്തിന്‍റെ ഓത്തു കേൾക്കുവാൻ ഇഷ്ടപ്പെട്ടിരുന്നുവെന്നും നാം ഇതിനുമുമ്പ് കണ്ടുവല്ലോ.
സ്വഹാബികളിൽ നിന്ന് ഖുർആൻ വിജ്ഞാനവും, തഫ്സീറും പഠിച്ചറിഞ്ഞ 'താബിഈ' പ്രമുഖന്മാരാണ് ഖുർആൻ വ്യാഖ്യാതാക്കളുടെ രണ്ടാമത്തെ തലമുറ. ഇവരെ മൂന്നായിഭാഗിക്കാം:
(1) ഇബ്നു അബ്ബാസ് (റ)ന്‍റെ ശിഷ്യന്മാരായ മക്കായിലെ പണ്ഡിതന്മാർ.
(2) ഇബ്നുമസ്ഊദ് (റ)ന്‍റെ ശിഷ്യന്മാരായ കൂഫയിലെ പണ്ഡിതന്മാർ.
(3) സൈദ്ബ്നു അസ്‌ലം (റ)ന്‍റെ ശിഷ്യന്മാരായ മദീനായിലെ പണ്ഡിതൻമാർ.
വളരെ സ്വഹാബികളുമായി ബന്ധം പുലർത്തുകയും, അവരിൽ നിന്ന് അറിവ്സമ്പാദിക്കുകയും ചെയ്ത ഒരു പ്രസിദ്ധ താബിഈ പ്രമുഖനായിരുന്നു സൈദ്ബ്നു അസ്‌ലം(زيد بن اسلم رض) ഇദ്ദേഹത്തിന്‍റെ വിയോഗം ഹിജ്റഃ 136 ലായിരുന്നു.
ഇബ്നു അബ്ബാസ്(റ)ൻ്റെ പ്രധാന ശിഷ്യന്മാർ:-
1. മുജാഹിദ് (103)
2. സഈദുബ്നുജുബൈർ (94)
3. ത്വാഊസ് (106)
4. അത്വാഉബിൻ അബീറബാഹ് (114)
5. ഇക്‌രിമഃ മൗലാ ഇബ്നു അബ്ബാസ് (105)
'നാലാളുകളിൽ നിന്ന് നിങ്ങൾ തഫ്സീർ സ്വീകരിച്ചു കൊള്ളുവിൻ!' എന്ന് പറഞ്ഞു കൊണ്ട്മഹാനായ സുഫ്യാനുഥൗരി, ഇവരിൽ ആദ്യത്തെ മൂന്നാളുടെ പേരും (താഴെ പറയുന്ന) ള്വഹ്ഹാക് (റ) ൻെറ പേരും എണ്ണുകയുണ്ടായെന്നു നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ക്വത്താദഃ (റ) പ്രസ്താവിച്ചതായി ഇങ്ങിനെ നിവേദനം വന്നിട്ടുണ്ട്: 'താബിഉകളിൽ ഏറ്റവുംഅറിവുളളവർ നാലാളാകുന്നു:
1) അത്വാഉ്, ഇദ്ദേഹം ഹജ്ജുകർമങ്ങളെ (المناسك) സംബന്ധിച്ച് കൂടുതൽഅറിയുന്നവരാണ്.
2) സഈദുബ്നുജുബൈർ, ഇദ്ദേഹം തഫ്സീർ കൂടുതൽ അറിയുന്നവരാണ്.
3) ഇക്‌രിമഃ, ഇദ്ദേഹം ചരിത്രം കൂടുതൽ അറിയുന്നവരാണ്.
4) ഹസൻ ബസ്വരീ, ഇദ്ദേഹം 'ഹലാലും ഹറാമും' (മതനിയമങ്ങൾ) കൂടുതൽഅറിയുന്നവരാണ്. മുജാഹിദ് (റ) നെക്കുറിച്ചു ഇതിന്നു മുമ്പ് നാംപരിചയപ്പെടുത്തുകയുണ്ടായിട്ടുണ്ട്. ഇമാം ശാഫിഈ (റ), ബുഖാരീ (റ) മുതലായവർതഫ്സീറിൽ അദ്ദേഹത്തെ അവലംബമാക്കാറുണ്ടെന്നത് പ്രസ്താവ്യമാണ്.
ഇബ്നു മസ്ഊദ് (റ)ൻ്റെ ശിഷ്യന്മാർ :-
1. അൽക്വമഃ (102)
2. അസ്‌വദുബ്നുയസീദ് (75)
3. ഇബ്റാഹീം നക്വ്ഈ (95)
4. ശഅ്‌ബീ (105)
സൈദുബ്നു അസ്‌ലം (റ)ൻ്റെ ശിഷ്യന്മാർ:-
1. അബ്‌ദുറഹ്‌മാൻ ബിൻസൈദ് (182)
2. 'ഇമാം' മാലിക് (179)
3. ഹസ്വൻബസരീ (121)
4. അത്വാഉ് (135)
5. മുഹമ്മദുബ്നു കഅ്‌ബ് (117)
6. ള്വഹ്ഹാക്ക് (105)
7. അബുൽ ആലിയ (90)
8. അത്വിയ്യഃ (111)
9. ക്വത്താദഃ (117)
10. റബീഉ് (139)
11. സുദ്ദീ കബീർ (ഇസ്മാഈൽ ബിൻ അബ്‌ദുറഹ്‌മാൻ) (127)
പല സ്വഹാബികളിൽ നിന്നും, താബിഉകളിൽ നിന്നും വിജ്ഞാനം ശേഖരിച്ച മറ്റൊരു വിഭാഗംതാബിഈ പ്രമുഖന്മാരാണ് 3-ാം തലമുറ:-
1. ഇബ്നുഉയയ്നഃ എന്ന സുഫ് യാൻ (198)
2. വകീഉ് (197)
3. ശുഅ്‌ബഃ (160)
4. ഇസ്ഹാക്വുബ്നുറാഹവൈഹി (238)
5. ഇബ്നുഅബീശൈബ: മുതലായ പലരും ഈ തലമുറയിലുണ്ട്.
നാലാം തലമുറയിലെ പ്രധാനികളിൽ ചിലർ ഇവരാകുന്നു.
1. ഇബ്നുഅബീഹാതിം (327)
2. ഇബ്നു മാജഃ (273)
3. ഇബ്നുമർദവൈഹി (410)
4. ഇബ്നു ഹിബ്ബാൻ (354)
5. ഇബ്നുൽ മുൻദിർ (236)
6. ഇബ്നുജരീർ (310)
പൗരാണിക ക്വുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളിൽ വളരെ പ്രധാനപെട്ട ഒരു മഹാ ഗ്രന്ഥമാണ്ഇബ്നുൽ ജരീർ (റ) ൻെറ തഫ്സീർ. ഇതിനെപറ്റി മുമ്പ് നാം പ്രസ്താവിച്ചുവല്ലോ. ഇമാംസുബ്കീ(റ) തൻെറ ത്വബക്വാത്ത് (الطبقات السبكى) എന്ന ഗ്രന്ഥത്തിൽ പറയുന്നു: 'ഇബ്നുജരീർ തൻെറ അനുയായികളോട് ' ക്വുർആന് ഒരു വ്യാഖ്യാനം എഴുതുന്നതിൽവിരോധമുണ്ടോ?' എന്ന് ചോദിക്കുകയുണ്ടായി. അവർ ചോദിച്ചു: 'അതിൻെറ വലിപ്പം എത്രവരും!' അദ്ദേഹം പറഞ്ഞു: 'മുപ്പതിനായിരം കഷ്ണം'. അവർ പറഞ്ഞു: അത് പൂർത്തിയാകുംമുമ്പായി ആയുഷ്ക്കാലം കഴിഞ്ഞു പോയേക്കുമല്ലോ?' എന്നിട്ട് അദ്ദേഹം മുവ്വായിരത്തോളംകഷ്ണത്തിലായി അത് ചുരുക്കി എഴുതുകയാണ് ചെയ്തത്, എന്നിപ്രകാരം രിവായത്തുചെയ്യപ്പെട്ടിരിക്കുന്നു. ആ മഹൽ ഗ്രന്ഥത്തിൻെറ പേർ جامع البيان فى تفسير القرآن (ക്വുർആൻ വ്യാഖ്യാനത്തിലുള്ള വിവരണ സമാഹാരം) എന്നാണ്.
Comments
Post a Comment