കവിത
അനുസരണയല്ല സ്നേഹം
നിൻ കഷ്ടപ്പാടിൻ കഥകൾ കേട്ടു-
നെഞ്ചിലേറ്റിയൊരനുതാപം,
നിൻ ബാല്യകാലത്തൊറ്റപ്പെടലിൽ
തണലായ് നിന്നൊരു വാത്സല്യം.
ആരുമില്ലെന്ന നിൻ ആവലാതി
മാറ്റാൻ ഞാനെന്നെ മറന്നു,
നിന്നിലെ മുറിവുകൾ മായ്ക്കുവാനായി
എന്റെ ഇഷ്ടങ്ങൾ ഞാൻ വെടിഞ്ഞു.
നീ തന്ന വസ്ത്രം ഞാനിഷ്ടപ്പെട്ടു,
നിനക്കായുള്ള യാത്രകൾ മാത്രം.
നിൻ രുചിയായിരുന്നു എന്റെ രുചി-
യെല്ലാം നിനക്കായ് മാറ്റിവെച്ചു.
മറുത്തൊരു വാക്കും ചൊല്ലിയില്ല ഞാൻ,
മിണ്ടിയില്ല ഒരഭിപ്രായം,
നീ കണ്ടതത്രയും സ്നേഹമല്ല-
കേവലമൊരു കീഴ്പ്പെടലായിരുന്നു.
കാലങ്ങൾ ഒടുവിൽ നീങ്ങിപ്പോകെ,
മക്കൾക്കായ് ഞാനൊന്നു മിണ്ടി.
അവിടെയൊടുങ്ങി നിൻ സ്നേഹമത്രയും,
അവിടെത്തുടങ്ങി നിൻ പകയും.
അനുസരണയായിരുന്നു നിനക്ക് സ്നേഹം,
അതില്ലാത്തവരോ ശത്രുക്കളും.
വാങ്ങിയ വസ്ത്രവും നൽകിയ ഭക്ഷണവും
ഔദാര്യമായി നീ എണ്ണിത്തുടങ്ങി.
ധിക്കാരമെന്നും അഹങ്കാരമെന്നും
പുതിയ പേരുകൾ എനിക്കു നൽകി.
അർഹതപ്പെട്ടൊരാ അവകാശങ്ങളെല്ലാം
ഔദാര്യമായി നീ നീട്ടി നൽകി.
അറിയുമോ നീയിതെന്നെങ്കിലും-
അടിയറവ് വെക്കലല്ല സ്നേഹം,
അനുസരണയല്ല സ്നേഹമെന്ന്-
തിരിച്ചറിയുമോ നീ എന്നെങ്കിലും?
💕💕💕💕
കവിത
കടമയുടെ തണൽ
നൽകിയതൊന്നും ഔദാര്യമല്ല,
നമ്മതൊന്നോർക്കണമെന്നുമേ...
ബന്ധങ്ങൾ തുന്നിയ നൂലിലെ-
യൊരു കടമതൻ ധർമ്മമാണെന്നുമേ.
വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാതെ,
വാരിധി പോലെ കനിഞ്ഞീടണം...
ചെയ്തതൊക്കെയും വിളിച്ചു ചൊല്ലി-
യന്യനെ അടിമയാക്കീടരുത്.
ഭാര്യയാകട്ടെ, മക്കളാകട്ടെ,
പെറ്റുവളർത്തിയ മാതാവാകട്ടെ,
അവകാശമാണവർക്കീ കരുതൽ-
അതറിഞ്ഞു നൽകുക പുണ്യമാം.
പെയ്തൊഴിഞ്ഞൊരു മഴ മുകിലിനോട്-
കൂലി ചോദിക്കാറില്ലല്ലോ...
പൂത്തുലഞ്ഞൊരു പൂമരം കാറ്റിനോട്-
നന്ദി ചൊല്ലാൻ പറയാറില്ലല്ലോ...
അതുപോലെയാകണം ജീവിതം,
നിശബ്ദമായൊരു തണലായിടണം...
കടമകൾ ചെയ്തു കടന്നുപോകുമ്പോൾ-
സ്നേഹമായ് നമ്മൾ മാറിയിടണം.
💕💕💕💕💕💕💕
കവിത
മാറ്റപ്പെട്ട നിശബ്ദത
ഒരിക്കൽ…
ചില മനുഷ്യരോട്
മുഖം കറുപ്പിച്ചു സംസാരിക്കാൻ പോലും
മനസ്സ് സമ്മതിച്ചിരുന്നില്ല.
കാരണം—
നമ്മുടെ ചെറിയ ലോകം
അവരെ ചുറ്റിയാണ് തിരിഞ്ഞിരുന്നത്.
അത്രമേൽ പ്രിയപ്പെട്ടവരായിരുന്നു അവർ.
പക്ഷേ…
നിശബ്ദതക്കും
ഒരു അണക്കെട്ടുണ്ടല്ലോ.
അവഗണനയുടെ വെള്ളപ്പൊക്കവും
വാക്കുകളുടെ കല്ലെറിവും
അതിര് കടക്കുമ്പോൾ—
സഹനത്തിന്റെ മതിലുകൾ
ചിതറിപ്പോകും.
നിശബ്ദമായിരുന്ന ആ മനസ്സ്
ഒരിക്കൽ വിളിച്ചു പറഞ്ഞേക്കും—
“ഇനിയും കഴിയില്ല…” എന്ന്.
ഇന്ന് അവർ പറയുന്നു:
“നീ മാറി പോയി.”
സത്യത്തിൽ…
നാം മാറിയതല്ല.
മാറ്റപ്പെട്ടതാണ്.
മുഖത്ത് കാണുന്ന കടുപ്പം
നമ്മൾ തിരഞ്ഞെടുത്ത കവചമല്ല—
സാഹചര്യങ്ങൾ
നമ്മളിൽ ചാർത്തിയ കാവചമാണ്.
ആ കടുപ്പത്തിന്റെ പിന്നിൽ
ഇന്നും മറഞ്ഞിരിക്കുന്നത്—
ആരും കാണാതെ
അനവധി രാത്രികൾ
മിണ്ടാതെ കരഞ്ഞ
ഒരു മനസ്സിന്റെ ശബ്ദമാണ്.
💕💕💕💕💕💕
കവിത
“അപ്പോൾ ഞാൻ ആരാണ്…?”
അദ്ദേഹം പറയുന്നു…
“എനിക്ക് ദേഷ്യം വരുമ്പോൾ
എവിടെയെങ്കിലും പുറത്തേക്ക് കാണിക്കാൻ പറ്റില്ല…
അതിനാൽ നിന്നോട് പറയാം…”
അവന്റെ വാക്കുകൾ
കാറ്റല്ല…
കത്തി പോലെ വന്ന്
എന്റെ മനസ്സിൽ പതിയുന്നു…
ഞാൻ മിണ്ടാതിരിക്കും…
കാരണം,
എന്റെ സങ്കടം പോലും
അദ്ദേഹത്തിന് ഒരു കുറ്റം പോലെ തോന്നും…
“നിനക്ക് എന്തിനാണ് സങ്കടം?”
“അത് എന്റെ സ്വഭാവം അല്ലേ…”
എന്ന് പറഞ്ഞ്
വേദനയെ പോലും
അദ്ദേഹം ന്യായീകരിക്കും…
അതോക്കെയാവാം സത്യം…
പ്രിയപ്പെട്ടവരോട് മാത്രമേ
ദേഷ്യം തുറന്ന് പറയാൻ കഴിയൂ എന്ന്…
പക്ഷേ…
എനിക്ക് എന്റെ ദേഷ്യം
എവിടെയാണ് വെക്കേണ്ടത്…?
എന്റെ വാക്കുകൾ
അദ്ദേഹത്തെ വേദനിപ്പിച്ചാൽ
ഞാൻ തന്നെയാണ് കുറ്റക്കാരി…
അത് വീണ്ടും വീണ്ടും പറഞ്ഞ്
എന്റെ മനസ്സിൽ മുറിവുകൾ കൂട്ടും…
അദ്ദേഹത്തിന് എന്തും പറയാം…
കാരണം — അദ്ദേഹം എന്റെ ഭർത്താവാണ്…
പക്ഷേ…
ഞാൻ ആരാണ്…?
വേദനകളെ
പുസ്തകത്തിന്റെ പേജുകളിൽ ഒളിപ്പിക്കുന്ന
ഒരു നിശ്ശബ്ദം മാത്രമോ…
അല്ലെങ്കിൽ
ശബ്ദം ഇല്ലാതാക്കിയ
ഒരു ഹൃദയമോ…?
💕💕💕💕💕💕💕
കവിത
മൗനമുനകൾ
ഹൃദയം നിലവിളിക്കുന്നുണ്ടാരോ -
ചോദിച്ചിട്ടും കണ്ണുനീർ മൊഴിയുന്നില്ല...
പക്ഷേ, നെഞ്ചിലെ നോവ് മന്ത്രിക്കുന്നു,
പ്രിയതമന്റെ അകൽച്ചയാണീ നീറ്റലെന്ന്!
നിന്റെ മൗനം എനിക്കുള്ള ശിക്ഷയോ?
ചെയ്യാത്ത തെറ്റിന് വിധിച്ച തടവറയോ?
ഒന്നു ചോദിക്കട്ടെ ഞാൻ...
അഭിപ്രായം പറയുന്നത് അത്രമേൽ പിഴയോ?
ജീവിതത്തിന്റെ തുഴയേന്തിയ കൈകൾക്ക്
സ്വന്തമായൊരു വാക്കില്ലേ ഈ തണലിൽ?
മൗനത്തിന്റെ കരിമ്പടം മാറ്റുക നീ,
വാക്കുകൾ കൊണ്ടെന്റെ നെഞ്ചു പൊള്ളിക്കൂ...
ഈ നിശബ്ദതയേക്കാൾ ഭേദമാണല്ലോ അത്!
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പറയുക
Shakeela
💕💕💕💕💕
1.അനുസരണയല്ല സ്നേഹം
2. കടമയുടെ തണൽ
3. മാറ്റപ്പെട്ട നിശബ്ദത
4. അപ്പോൾ ഞാൻ ആരാണ്…?”
5. മൗനമുനകൾ
Comments
Post a Comment